വീണ്ടും ഓൺലൈൻ തട്ടിപ്പ്; യുവതിക്ക് നഷ്ടമായത് അരക്കോടിയോളം രൂപ

കണ്ണൂർ: വ്യാജ ഓൺലൈൻ ഷെയർ ട്രേഡിംഗ് തട്ടിപ്പിൽ യുവതിക്ക് അരക്കോടിയോളം രൂപ നഷ്ടമായി. താഴെചൊവ്വ സ്വദേശിനിയായ യുവതിക്കാണ് 49,79000 രൂപ നഷ്ടമായത്.
വാട്സ് ആപ് വഴി ഓൺലൈൻ ഷെയർ ട്രേഡ് ലിങ്ക് അയച്ചു കൊടുത്തായിരുന്നു തട്ടിപ്പ് നടത്തിയത്.2025 ജനുവരി 14 മുതൽ ഫെബ്രുവരി 25 വരെയുള്ള കാലയളവിലാണ് വിവിധ അക്കൗണ്ടുകളിലായി യുവതി പണം അയച്ചത്. യുവതിയുടെ അക്കൗണ്ടിലേക്ക് ഇരട്ടി തുകയോളം ലാഭ വിഹിതമായി കിട്ടുമെന്ന രീതിയിൽ വ്യാജമായി അക്കൗണ്ട് പ്രദർശിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.തുടർന്ന് ലാഭവിഹിതം എടുക്കാനുള്ള ഒരുക്കത്തിനിടെ യുവതിയെ വാട്സ്ആപ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കുകയായിരുന്നു. തട്ടിപ്പിൽ കുരുങ്ങിയതായി മനസിലായ യുവതി സൈബർ സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.