‘എന്റെ മരണം എനിക്കു തീരുമാനിക്കാം’: എന്താണ് ലിവിങ് വിൽ? കേരളത്തിലും നടപ്പാക്കിയോ?

ഞങ്ങൾ മൂന്നു മക്കളുടെ അമ്മയുടെ ജീവിതത്തിലെ അവസാനദിനങ്ങളാണ് ഇതെഴുതാനിരിക്കുമ്പോൾ ഓർമവന്നത്. 2013 ഓഗസ്റ്റിൽ 84-ാം വയസ്സിലാണ് അമ്മ മരിച്ചത്. മരിക്കുന്നതിനു നാലു ദിവസം മുൻപ് രക്തത്തിലെ പഞ്ചസാരയുടെ അളവ് അപകടകരമായി താഴ്ന്ന് അമ്മയ്ക്ക് ഒരുതരം തുടർഅപസ്മാരം പിടിപെടുകയും കോമയിലാവുകയും ചെയ്തു. അമ്മ ജീവിതത്തിലേക്കു തിരിച്ചുവരാനുള്ള എല്ലാവഴിയും അടഞ്ഞെന്ന് ഡോക്ടർ ഞങ്ങളോടു പറഞ്ഞു. ജീവൻ കൃത്രിമമായി നിലനിർത്തിയിരുന്ന ഉപകരണങ്ങൾ മാറ്റി അമ്മയെ മരിക്കാൻ അനുവദിക്കാമെന്നു ഞങ്ങൾ മക്കൾ ഒപ്പിട്ടു നൽകി.
എന്നാൽ, സത്യത്തിൽ അതു തീരുമാനിക്കാനുള്ള അവകാശം അമ്മയുടെ മക്കൾക്കല്ല, അമ്മയ്ക്കു തന്നെയല്ലേ വേണ്ടിയിരുന്നത് എന്നാലോചിച്ചു പോയത് അമ്മയുടെ മരണത്തിനും അഞ്ചു വർഷത്തിനു ശേഷം, 2018ൽ കോമൺ കോസ് (പൊതുതാൽപര്യം) എന്ന റജിസ്‌റ്റേഡ് സൊസൈറ്റി നൽകിയ കേസിൽ സുപ്രീം കോടതി പുറപ്പെടുവിച്ച ഐതിഹാസിക വിധിയെത്തുടർന്നാണ്. പാശ്ചാത്യരാജ്യങ്ങളിൽ പ്രചാരത്തിലുള്ള ലിവിങ് വിൽ എന്ന സംഗതിയെപ്പറ്റി സുപ്രീം കോടതിയുടെ ആ വിധിയിലൂടെയാണ് നമ്മളധികം പേരും ആദ്യമായി കേൾക്കുന്നത്. അമ്മ മരിച്ചിട്ട് 12 വർഷമാകുന്നു; സുപ്രീം കോടതി വിധി വന്നിട്ട് 7 വർഷവും.