ആറളം ഫാമിലെ കാട്ടാനക്കലി തടയാൻ: താൽക്കാലിക വൈദ്യുതവേലി നിർമാണം അന്തിമഘട്ടത്തിൽ

ഇരിട്ടി: ആറളം ഫാം പുനരധിവാസ മേഖലയിൽ തമ്പടിച്ചിട്ടുള്ള കാട്ടാനകളെ വനത്തിലേക്കു തുരത്തുന്നതിനു മുന്നോടിയായി വനം വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന താൽക്കാലിക വൈദ്യുതി വേലി നിർമാണം അന്തിമ ഘട്ടത്തിൽ. ആന മതിൽ പൂർത്തിയാകാത്ത 4 കിലോമീറ്റർ ദൂരത്തിൽ വനംവകുപ്പ് ജീവനക്കാർ സന്നദ്ധ സേവനമായി നടത്തുന്ന വേലി നിർമാണം 3 കിലോമീറ്റർ പൂർത്തിയായി. പരിപ്പുതോട് മുതൽ കോട്ടപ്പാറ വരെ ആൾത്താമസം ഇല്ലാത്ത ടിആർഡിഎമ്മിന്റെ കാടുപിടിച്ചു കിടക്കുന്ന സ്ഥലങ്ങൾ ഉൾപ്പെടുത്തിയാണ് താൽക്കാലിക വേലി നിർമാണം.
കഴിഞ്ഞ 23 ന് ഫാമിൽ വെള്ളി – ലീല ദമ്പതികളെ കാട്ടാന ചവിട്ടിക്കൊന്നതിനെ തുടർന്നുണ്ടായ പ്രതിഷേധങ്ങളിൽ ഉയർന്ന ആവശ്യപ്രകാരമാണ് താൽക്കാലിക വൈദ്യുതി വേലി നിർമിക്കുന്നത്. പുനരധിവാസ മേഖലയിൽ നിന്നു വനത്തിലേക്ക് തുരത്തുന്ന ആനകൾ തിരികെ പുനരധിവാസ മേഖലയിലേക്കു എത്തുന്നതു തടയുകയാണ് ലക്ഷ്യം.
കൊട്ടിയൂർ റേഞ്ചർ പി.പ്രസാദ്, ആറളം അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, ആർആർടി ഡപ്യൂട്ടി റേഞ്ചർ എം.ഷൈനികുമാർ, ഫോറസ്റ്റർ രമേശൻ എന്നിവരുടെ നേതൃത്വത്തിൽ കണ്ണൂർ, ആറളം ഡിവിഷനുകളിലെ ജീവനക്കാർ, ആർആർടി ജീവനക്കാർ, വാച്ചർമാർ എന്നിവർ ചേർന്നാണു വേലി നിർമാണം നടത്തുന്നത്.
ആന മതിൽ പ്രവൃത്തി പൂർത്തിയാക്കുന്നതു വരെ അടിയന്തരമായി അനുവദിച്ച സോളർ തൂക്കുവേലി നിർമാണം പൂർത്തിയാകുന്നതു വരെയാണു താൽക്കാലിക വേലി സ്ഥാപിക്കുന്നത്. സോളർ തൂക്കുവേലി യാഥാർഥ്യമാകുമ്പോൾ ഇപ്പോഴത്തെ താൽക്കാലിക വേലി പൊളിച്ചു മാറ്റി പുനരധിവാസ മേഖലയിൽ തന്നെ ഉപയോഗപ്പെടുത്തും. വളയഞ്ചാൽ മുതൽ കോട്ടപ്പാറ വരെ 5 കിലോമീറ്റർ ദൂരത്തിൽ വൈദ്യുതി വേലിയും പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്. ദിവസേന 3 ടീമുകളായി രാത്രികാല പട്രോളിങ് ആറളം പുനരധിവാസ മേഖലയിൽ നടത്തുന്നുണ്ടെന്നും വനം വകുപ്പ് അറിയിച്ചു.