വാഹനാപകടം: നഷ്ടപരിഹാരം മരിച്ചയാളുടെ ആശ്രിതരായ ആർക്കും നൽകാം, ബന്ധുക്കളാകണമെന്നില്ല- സുപ്രീം കോടതി

ന്യൂഡൽഹി: വാഹനാപകടത്തിലെ നഷ്ടപരിഹാരം മരിച്ചയാളുടെ ആശ്രിതരായ ആർക്കും നൽകാമെന്ന് സുപ്രീംകോടതി. മോട്ടോർ വാഹന നിയമത്തിലെ നിയമപ്രതിനിധി (ലീഗൽ റെപ്രസെന്റേറ്റീവ്) തൊട്ടടുത്ത ബന്ധുക്കൾതന്നെയാവണമെന്നില്ലെന്നാണ് സുപ്രീംകോടതി വ്യക്തമാക്കിയത്. 2016-ൽ ഭോപാലിൽ പഴക്കച്ചവടക്കാരനായ ധീരജ് സിങ് തോമർ (24) വാഹനാപകടത്തിൽ മരിച്ച കേസിലെ നഷ്ടപരിഹാരം സംബന്ധിച്ച കേസിലാണ് ജസ്റ്റിസ് സഞ്ജയ് കരോൾ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണം.തോമറിന്റെ പിതാവിനെയും ഇളയ സഹോദരിയെയും മോട്ടോർ വാഹനാപകട ട്രിബ്യൂണലോ ഹൈക്കോടതിയോ ആശ്രിതരായി അംഗീകരിച്ചിരുന്നില്ല. തോമറിന്റെ വരുമാനത്തെ ആശ്രയിച്ചല്ല പിതാവ് കഴിഞ്ഞിരുന്നതെന്നാണ് ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്. പിതാവ് ജീവിച്ചിരിക്കുന്നതിനാൽ ഇളയ സഹോദരി തോമറിന്റെ ആശ്രിതത്വത്തിലാണെന്ന് കണക്കാക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. ഈ വാദങ്ങൾ സുപ്രീംകോടതി തള്ളി.നഷ്ടപരിഹാരക്കേസിലെ നിയമപരമായ പ്രതിനിധി മരണംകൊണ്ട് നഷ്ടമുണ്ടായ ആരുമാകാമെന്നും ഭാര്യ, കുട്ടികൾ, മാതാപിതാക്കൾ എന്നിവർതന്നെയാവണമെന്ന് നിർബന്ധമില്ലെന്നും വിധിയിൽ ചൂണ്ടിക്കാട്ടി. തോമറിന്റെ കുടുംബാംഗങ്ങൾക്ക് ട്രിബ്യൂണൽ വിധിച്ച നഷ്ടപരിഹാരമായ 9.77 ലക്ഷം രൂപ സുപ്രീംകോടതി 17.52 ലക്ഷമാക്കി ഉയർത്തുകയും ചെയ്തു.