പാതിവില തട്ടിപ്പ്: ആനന്ദകുമാർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ; സ്റ്റേഷനിൽ ദേഹാസ്വാസ്ഥ്യം, ആസ്പത്രിയിലേക്ക് മാറ്റി

കൊച്ചി: പാതിവില തട്ടിപ്പ് കേസിലെ മുഖ്യപ്രതികളിലൊരാളായ സായി ഗ്രാം ട്രസ്റ്റ് ചെയർമാൻ ആനന്ദകുമാറിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ എടുത്തു. കേസിൽ കേരളാ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ക്രൈം ബ്രാഞ്ച് നടപടി. പാതി വില പദ്ധതിയുടെ മുഖ്യ ആസൂത്രകൻ ആനന്ദകുമാറെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ. എന്നാൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ ആസ്പത്രിയിലേക്ക് മാറ്റി.പകുതി വില തട്ടിപ്പിൽ കണ്ണൂരിൽ രജിസ്റ്റർ ചെയ്ത കേസിൽ ആനന്ദ കുമാറിനെ പ്രതി ചേർത്തിരുന്നു. മൂവാറ്റുപുഴയിൽ രജിസ്റ്റർ ചെയ്ത കേസിലും ഇയാൾ മുഖ്യ പ്രതിയാകുമെന്നാണ് വിവരം. ഇതിന് പിന്നാലെയായിരുന്നു ആനന്ദകുമാർ മുൻകൂർ ജാമ്യം തേടിയത്.