ശബരിമല ദർശന രീതിയിൽ മാറ്റം

ശബരിമല ദർശന രീതിയിൽ മാറ്റം വരുത്താൻ തീരുമാനം. 18-ാം പടി കയറി എത്തുന്ന ഭക്തർക്ക് ഫ്ളൈ ഓവർ കയറാതെ കൊടിമരത്തിനും ബലിക്കൽപ്പുരയ്ക്കും ഇരുവശങ്ങളിലൂടെ ശ്രീകോവിലിന് മുന്നിലെത്തി നേരിട്ട് ഭഗവാനെ തൊഴുന്നതിനുള്ള സംവിധാനം ആണ് ഒരുക്കാൻ പോകുന്നത്. മാർച്ച് 15 ഇത് പരീക്ഷിക്കും. ഇത് വിജയിച്ചാൽ വിഷു പൂജയ്ക്ക് നടപ്പിലാക്കും. ഇതും വിജയിച്ചാൽ മണ്ഡലകാലത്തിൽ നടപ്പിലാക്കും.
നിലവിൽ ഭഗവാനെ ദർശിക്കുവാൻ 5 സെക്കൻ്റ് സമയമാണ് ലഭിക്കുന്നതെങ്കിൽ ഈ സംവിധാനം നിലവിൽ വരുന്നതോടെ 20 മുതൽ 30 സെക്കൻ്റ് വരെ നേരിട്ട് ദർശനം ലഭിക്കുന്നു. മേടമാസത്തിൽ വിഷു അടിയന്തിരങ്ങൾക്കായി നട തുറക്കുന്ന വേളയിൽ ഈ സംവിധാനം പൂർണ്ണമായും നടപ്പിലാക്കാൻ ആണ് ഉദ്ദേശിക്കുന്നത്. വിഷുവിന് ഇത് വിജയകരമായാൽ തുടർന്ന് ശബരിമലയിൽ ഈ ദർശന രീതിയാകും അവലംബിക്കുക. ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ, ശബരിമല തന്ത്രി കണ്ഠരര് രാജീവര്, ശബരിമല സ്പെഷ്യൽ കമ്മീഷണർ ജയകൃഷ്‌ണൻ, ശബരിമല പോലീസ് ചീഫ് കോർഡിനേറ്റർ എസ് ശ്രീജിത് ഐ പി എസ് എന്നിവരുമായുള്ള ചർച്ചകൾക്കും കൂടിയാലോചനകൾക്കും ശേഷമാണ് ചരിത്രപരമായ തീരുമാനത്തിലേയ്ക്ക് ദേവസ്വം ബോർഡ് കടക്കുന്നത്.
ആഗോള അയ്യപ്പസംഗമം മെയ്‌മാസത്തിൽ (ഇടവമാസപൂജക്കായി) നടതുറക്കുന്ന വേളയിൽ പമ്പയിൽവച്ച് സംഘടിപ്പിക്കുന്നു. 50 ലേറെ രാജ്യങ്ങളിൽ നിന്നുള്ള അയ്യപ്പ ഭക്തർ ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.