50 ലക്ഷത്തോളം പേർക്ക് ജീവിതശൈലീരോഗ സാധ്യത

സംസ്ഥാനത്ത് ജീവിതശൈലീ രോഗ നിർണയ സർവേയുടെ രണ്ടാം ഘട്ടത്തിൽ രോഗസാധ്യത കണ്ടെത്തിയത് 50 ലക്ഷത്തോളം പേരിൽ.30 വയസ്സിന് മുകളിലുള്ള 1.12 കോടി ആളുകളിൽ സർവേ നടത്തിയതിൽ 49.99 ലക്ഷം പേർക്ക് രക്തസമ്മർദവും പ്രമേഹവും വരാനുള്ള സാധ്യത ഉണ്ടെന്നാണ് കണ്ടെത്തൽ.ആർദ്രം പദ്ധതിയുടെ ഭാഗമായാണ് സർവേ. ‘ശൈലി’ ആപ്പ് ഉപയോഗിച്ച് ആശ പ്രവർത്തകരാണ് വീടുകളിൽ എത്തി വിവരങ്ങൾ ശേഖരിച്ചത്.ആദ്യ ഘട്ടത്തിൽ 1.54 കോടി പേരെ സ്‌ക്രീനിങ്ങിന് വിധേയമാക്കി. ഇതിൽ 27.91 ലക്ഷം പേർക്ക് ജീവിത ശൈലീരോഗ സാധ്യത കണ്ടെത്തി.കഴിഞ്ഞ വർഷം ജൂണിലാണ് രണ്ടാം ഘട്ട സർവേ ആരംഭിച്ചത്.
2.23 ലക്ഷം പേർക്ക് കാൻസർരോഗ സാധ്യതയും 4.17 ലക്ഷം പേർക്ക് ശ്വാസകോശ രോഗ സാധ്യതയും കണ്ടെത്തിയിട്ടുണ്ട്.രണ്ടാംഘട്ട സർവേയിൽ കുഷ്ഠ രോഗം, മാനസിക വെല്ലുവിളി, കാഴ്ച പരിമിതി, കേൾവി കുറവ് തുടങ്ങിയ അവസ്ഥകളും ഉൾപ്പെടുത്തിയിട്ടുണ്ട്.2.66 ലക്ഷം പേർക്കാണ് കുഷ്ഠരോഗ സാധ്യത കണ്ടെത്തിയത്. 33.70 പേർക്ക് കാഴ്ചപരിമിതിക്കും 4.54 ലക്ഷം പേർക്ക് കേൾവി തകരാറിനും സാധ്യത കണ്ടെത്തി. 1.40 ലക്ഷം പേർക്ക് മാനസിക വെല്ലുവിളി സാധ്യതയും കണ്ടെത്തിയിട്ടുണ്ട്. 14.92 ലക്ഷംപേർ രക്താതി സമ്മർദം ഉള്ളവരാണെന്നും കണ്ടെത്തി.