സമസ്ത: മദ്‌റസാ പൊതുപരീക്ഷ ഫലം പ്രഖ്യാപിച്ചു

Share our post

കോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2025 ഫെബ്രുവരി 8, 9 തിയ്യതികളില്‍ നടത്തിയ അഞ്ച്, ഏഴ്, പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ മദ്‌റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. www.samastha.in എന്ന വെബ്‌സൈറ്റില്‍ പരീക്ഷാഫലം ലഭ്യമാണ്. 6417 സെന്ററുകളിലായി 187835 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 183360 പേര്‍ ഉപരിപഠനത്തിന് അര്‍ഹരായി. 8540 സൂപ്പര്‍വൈസര്‍മാരും 145 സൂപ്രണ്ടുമാരുടെയും നേതൃത്വത്തിലാണ് പരീക്ഷകള്‍ നടത്തിയത്.അഞ്ചാം തരത്തില്‍ 95.77 ശതമാനവും ഏഴാം തരത്തില്‍ 97.65 ശതമാനവും പത്താം തരത്തില്‍ 99.00 ശതമാനവും പന്ത്രണ്ടാം തരത്തില്‍ 98.05 ശതമാനവും കുട്ടികളാണ് ഉപരിപഠനത്തിന് അര്‍ഹത നേടിയത്. അഞ്ചാം തരത്തില്‍ 17985 കുട്ടികളും ഏഴാം തരത്തില്‍ 9863 കുട്ടികളും പത്താം തരത്തില്‍ 5631 കുട്ടികളും പന്ത്രണ്ടാം തരത്തില്‍ 931 കുട്ടികളും എല്ലാ വിഷയത്തിലും A+ ഗ്രേഡ് നേടി.

കേരളം, തമിഴ്‌നാട്, കര്‍ണാടക, അന്തമാന്‍, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ ഒരേ സമയത്താണ് പൊതുപരീക്ഷ നടന്നത്. കേരളത്തിലും കര്‍ണാടകയിലുമായി 145 ഡിവിഷന്‍ കേന്ദ്രീകൃത മൂല്യനിര്‍ണ്ണയ കേമ്പുകളില്‍ 7985 അസിസ്റ്റന്റ് എക്‌സാമിനര്‍മാരും 363 ചീഫുമാരും മൂല്യനിര്‍ണ്ണയത്തിന് നേതൃത്വം നല്‍കി.പുനര്‍ മൂല്യ നിര്‍ണ്ണയത്തിനുള്ള അപേക്ഷകള്‍ മാര്‍ച്ച് 13 മുതല്‍ 20 വരെ പേപ്പര്‍ ഒന്നിന് 100 രൂപ ഫീസ് സഹിതം സദര്‍ മുഅല്ലിം മുഖേന വെബ് സൈറ്റില്‍ ഓണ്‍ലൈനായി നല്‍കേണ്ടതാണ് (www.samastha.in > Apply for Revaluation ). വിദ്യാര്‍ത്ഥികളെയും, പൊതുപരീക്ഷയും മൂല്യനിര്‍ണ്ണയവും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സഹകരിച്ച അധ്യാപകരെയും, രക്ഷകര്‍ത്താക്കളെയും, മാനേജ്‌മെന്റിനേയും, ഓഫീസ് ജീവനക്കാരെയും സുന്നി വിദ്യാഭ്യാസ ബോര്‍ഡ് പ്രസിഡണ്ട് സയ്യിദ് അലി ബാഫഖി തങ്ങള്‍ ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്‌ലിയാര്‍ ട്രഷറര്‍ സയ്യിദ് കുമ്പോല്‍ ആറ്റക്കോയ തങ്ങള്‍ പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ ഡോ.അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി എന്നിവര്‍ പ്രത്യേകം അഭിനന്ദിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!