പെരുന്നാൾ അവധി ; ടിക്കറ്റ് നിരക്ക് ഉയർത്തി വിമാന കമ്പനികൾ

പെരുന്നാൾ അവധിക്കാലത്ത് ടിക്കറ്റ് നിരക്കുയർത്തി വിമാന കമ്പനികൾ. പെരുന്നാൾ അവധി അടുക്കുമ്പോഴേക്കും എല്ലാ വിമാന കമ്പനികളും നിരക്കുകൾ കുത്തനെ ഉയർത്തി. ഈ മാസം 27, 28, 30 തീയതികളിലാണ് ഏറ്റവും ഉയർന്ന നിരക്കുകൾ ഈടാക്കുന്നത്. അതേസമയം ഈദുൽ ഫിത്തർ തിങ്കളാഴ്ച വരാൻ സാധ്യതയുള്ളതിനാൽ തുടർ ദിവസങ്ങളിൽ അവധി ലഭിക്കുമെന്നും അതിനാൽ കൂടുതൽ പേർ നാട്ടിൽ പോവാൻ സാധ്യതയുള്ളതിനാലാണ് വിമാന കമ്പനികൾ നിരക്കുകൾ ഉയർത്തുന്നത്. അതോടൊപ്പം വിവിധ വിമാന കമ്പനികൾ ഇക്കണോമി ക്ലാസിനെ നാലു വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഇക്കണോമി ക്ലാസിൽ സൗകര്യങ്ങൾ കുറഞ്ഞ വിഭാഗത്തിന്റെ നിരക്കാണ് ഓൺലൈനിൽ പ്രദർശിപ്പിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസിന് എക്സ്പ്രസ് ലൈറ്റ്, എക്സ്പ്രസ് വാല്യൂ,എക്സ്പ്രസ് ഫ്ലക്സി, എക്സ്പ്രസ് ബിസ് എന്നീ വിഭാഗങ്ങളാണുള്ളത്. ഇതിൽ ഏറ്റവും താഴ്ന്ന ലൈറ്റ് വിഭാഗത്തിൽ യാത്രക്കാരന് ഹാൻഡ് ബാഗുകൾ മാത്രം കൊണ്ടുപോവാനുള്ള ആനുകൂല്യമാണ് അനുവദിക്കുന്നത്.