എം.ഡി.എം.എയുമായി മൂന്നുപേര്‍ പിടിയില്‍, രണ്ടിടങ്ങളില്‍ നിന്നായി കണ്ടെടുത്തത് 50.950 ഗ്രാം

Share our post

കോഴിക്കോട്: നഗരത്തില്‍ രണ്ടിടങ്ങളില്‍നിന്നായി എംഡിഎംഎയുമായി യുവതിയടക്കം മൂന്നുപേര്‍ പിടിയില്‍.അരക്കിണര്‍ ചാക്കിരിക്കാട് പറമ്പ് കെ.പി. ഹൗസില്‍ മുനാഫിസ് (29), തൃശ്ശൂര്‍ ചേലക്കര അന്ത്രോട്ടില്‍ ഹൗസില്‍ ധനൂപ് എ.കെ. (26), ആലപ്പുഴ സ്വദേശി തുണ്ടോളി പാലിയ്യത്തയ്യില്‍ ഹൗസില്‍ അതുല്യ റോബിന്‍ (24) എന്നിവരെയാണ് പിടികൂടിയത്. ഇവരില്‍നിന്ന് 50.950 ഗ്രാം എം.ഡി.എം.എ. കണ്ടെടുത്തു.മാവൂര്‍റോഡ് മൃഗാശുപത്രിക്കുസമീപമുള്ള റോഡില്‍നിന്നാണ് 14.950 ഗ്രാം എം.ഡി.എം.എ.യുമായി മുനാഫിസിനെ പിടികൂടുന്നത്. ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.എം.ടെക്. വിദ്യാര്‍ഥിയായ മുനാഫിസ് ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഹരിമാഫിയസംഘത്തിലെ മുഖ്യകണ്ണിയാണ്. 700 ഗ്രാം എം.ഡി.എം.എ.യുമായി പിടിച്ചതിന് ഇയാള്‍ക്ക് ബെംഗളൂരുവിലും ഹാഷിഷുമായി പിടിയിലായതിന് ദുബായിലും കേസുണ്ട്.നാലരവര്‍ഷം ദുബായ് ജയിലിലും എട്ടുമാസം ബെംഗളൂരു ജയിലിലും കഴിഞ്ഞതാണ്. ടോണി എന്നപേരിലാണ് ഇയാള്‍ ബെംഗളൂരുവിലെ ലഹരിക്കച്ചവടക്കാര്‍ക്കിടയില്‍ അറിയപ്പെടുന്നത്. ഏഴ് ഭാഷ സംസാരിക്കുന്ന മുനാഫിസ് ഏതുനാട്ടുകാരനാണെന്ന് പിടികൊടുക്കാതെയാണ് അവിടെ കഴിഞ്ഞത്.

ധനൂപിനെയും അതുല്യയെയും കോഴിക്കോട് അരയിടത്തുപാലം ഭാഗത്തെ സ്വകാര്യലോഡ്ജില്‍നിന്നാണ് 36 ഗ്രാം എം.ഡി.എം.എ.യുമായി പിടികൂടുന്നത്.
ബെംഗളൂരുവില്‍നിന്നാണ് ഇവര്‍ എം.ഡി.എം.എ. കൊണ്ടുവന്നത്. മുന്‍പും അതുല്യ കോഴിക്കോട് ഭാഗങ്ങളിലേക്ക് ലഹരിമരുന്നിന്റെ കാരിയറായി എത്തിയതായുള്ള സൂചനയില്‍ ഡാന്‍സാഫ് ടീം നിരീക്ഷണം നടത്തിവരുകയായിരുന്നു. കഞ്ചാവുമായി പിടിയിലായി രണ്ടുമാസംമുന്‍പാണ് ധനൂപ് ജയിലില്‍നിന്നിറങ്ങിയത്.പിടിയിലായ മൂന്നുപേരും ലഹരി ഉപയോഗിക്കുന്നവരാണ്. ഇവര്‍ ആര്‍ക്കൊക്കെയാണ് ഇവിടെ ലഹരിമരുന്നു കച്ചവടം ചെയ്യുന്നതെന്നും ആരൊക്കെയാണ് ഇവരുടെ ബെംഗളൂരുവിലെ ലഹരിമാഫിയസംഘത്തിലെ കൂട്ടാളികളെന്നും വിശദമായി പരിശോധിക്കുമെന്ന് നാര്‍ക്കോട്ടിക് സെല്‍ അസി. കമ്മിഷണര്‍ കെ.എ. ബോസ് പറഞ്ഞു.നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ് കമ്മിഷണര്‍ കെ.എ. ബോസിന്റെ നേതൃത്വത്തിലുള്ള ഡാന്‍സാഫും സബ് ഇന്‍സ്‌പെക്ടര്‍മാരായ എന്‍. ലീല, സാബുനാഥ് എന്നിവരുടെ നേതൃത്വത്തിലുള്ള നടക്കാവ് പോലീസും ചേര്‍ന്നാണ് മൂവരെയും പിടികൂടിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!