ഡിജിറ്റൽ ആസക്തിയെ മറികടക്കാൻ ‘ഡി ഡാഡ്’ എല്ലാ ജില്ലകളിലേക്കും

ആലത്തൂർ: കുട്ടികളിലും പതിനെട്ടു വയസ്സിൽത്താഴെയുള്ളവരിലും പ്രബലമായി കണ്ടുവരുന്ന ഡിജിറ്റൽ ആസക്തി ഇല്ലാതാക്കാൻ കേരള പോലീസിന്റെ ‘ഡി ഡാഡ്’ (ഡിജിറ്റൽ ഡി അഡിക്ഷൻ സെന്റർ) എല്ലാ ജില്ലയിലേക്കും. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് ജില്ലകളിൽ ഇത് നിലവിലുണ്ട്. മറ്റ് ജില്ലകളിൽ ഉടൻ സജ്ജമാക്കുമെന്ന് സോഷ്യൽ പോലീസിങ് ഡയറക്ടറേറ്റ് വ്യക്തമാക്കി. രക്ഷിതാക്കൾക്ക് കുട്ടിയുമായി നേരിട്ടെത്തി പ്രശ്‌നപരിഹാരം നേടാം. അതത് പോലീസ് സ്‌റ്റേഷനുകളിൽ ബന്ധപ്പെട്ടാൽ ആവശ്യമായ സഹായം നൽകും.1,000 വിദ്യാലയങ്ങളിൽ ഡി ഡാഡ് ബോധവത്കരണം നടത്തും. സംഘടനകൾക്കും ഏജൻസികൾക്കും സൗജന്യ കൗൺസലിങ് സഹായവും ലഭ്യമാക്കും. സഹായം ആവശ്യമുള്ള കുട്ടികളെ കണ്ടെത്താൻ അധ്യാപകരുടെ സഹായവും തേടും.വ്യക്തിഗത വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. എ.എസ്.പി.മാർക്കാണ് ജില്ലകളിൽ ചുമതല. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, പ്രോജക്ട് കോഡിനേറ്റർ എന്നിവരുടെ നേതൃത്വത്തിലാണ് സെന്ററുകൾ പ്രവർത്തിക്കുക.
പരിഹരിച്ചത് 1,400 കേസുകൾ
ഡി ഡാഡ് സംവിധാനം ആരംഭിച്ച ജില്ലകളിൽ ഒരുവർഷത്തിനിടെ 1,400 കേസുകൾ പരിഹരിക്കാനായി. കുട്ടികളിലെ അമിത മൊബൈൽഫോൺ ഉപയോഗം, ഓൺലൈൻ ഗെയിം ആസക്തി, അശ്ലീല സൈറ്റ് സന്ദർശിക്കൽ, സാമൂഹിക മാധ്യമങ്ങളിൽ അധിക സമയം ചെലവഴിക്കൽ, ഷോപ്പിങ് സൈറ്റുകളിൽ നിയന്ത്രണമില്ലാതെ പണം ചെലവഴിക്കൽ തുടങ്ങിയ പ്രശ്‌നങ്ങളാണ് ഇവയിൽ കൂടുതലും.ആത്മഹത്യാ പ്രവണത, അമിതമായ കോപം, പഠനത്തിലെ ശ്രദ്ധക്കുറവ് എന്നിവയ്ക്കും പദ്ധതി പരിഹാരംനൽകുന്നു. മനഃശാസ്ത്ര വിദഗ്ധർ തയ്യാറാക്കിയ ഇന്റർനെറ്റ് അഡിക്ഷൻ ടെസ്റ്റിലൂടെയാണ് കുട്ടികളിലെ ഡിജിറ്റൽ ആസക്തിയുടെ തോത് ആദ്യം കണ്ടെത്തുക. കുട്ടികൾ ഇതിൽനിന്ന് സുരക്ഷിതമായി പുറത്തുകടക്കുന്നതുവരെ തെറാപ്പി, കൗൺസലിങ്, മാർഗനിർദേശങ്ങൾ എന്നിവ തുടരും.
‘ചിരി’ ഹെൽപ്പ് ലൈൻ
കുട്ടികൾക്ക് മാനസിക പ്രശ്‌നങ്ങൾ ഉണ്ടായാൽ ‘ചിരി’ ഹെൽപ്പ് ലൈനിലേക്ക് പരിഹാരത്തിന് വിളിക്കാം. കുട്ടികൾക്കും കൂട്ടുകാർക്കും മാതാപിതാക്കൾക്കും അധ്യാപകർക്കും ഇതിലൂടെ സഹായം ലഭിക്കും. ഫോൺ: 9497900200.