കടുത്ത ചൂടിൽ ജീവിക്കുന്നത് വാർധക്യം വേഗത്തിലാക്കിയേക്കാമെന്ന് പഠനം

അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്നത് ആരോഗ്യപരമായ പല ആശങ്കകൾക്കും വഴി തുറന്നിട്ടുണ്ട്. കടുത്ത ചൂടിനൊപ്പമുള്ള ജീവിതം ഒരു വ്യക്തിയെ വളരെ വേഗം വാർധക്യത്തിലേക്ക് തള്ളിവിടുമെന്നാണ് പുതിയ പഠനം. സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഉയർന്ന താപനില മനുഷ്യരിൽ വാർധക്യത്തെ ത്വരിതപ്പെടുത്തുമെന്ന വെളിപ്പെടുത്തൽ.യുഎസ്‌സി ലിയോനാർഡ് ഡേവിസ് സ്‌കൂൾ ഓഫ് ജെറൻ്റോളജിയിലെ ഗവേഷകരാണ് പഠനം നടത്തിയത്. 56 വയസിനുമുകളിൽ പ്രായമുള്ള യുഎസിലെ 3,600 പേരെ ഉൾപ്പെടുത്തിയായിരുന്നു ഗവേഷണം.
26.6 ഡിഗ്രി സെൽഷ്യസ് മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെ താപനില ജാഗ്രത നിലയായും, 32 ഡിഗ്രി സെൽഷ്യസിനും 39 ഡിഗ്രി സെൽഷ്യസിനും ഇടയിലുള്ള താപനില അതി ജാഗ്രത നിലയായും 39 ഡിഗ്രി സെൽഷ്യസ് മുതൽ 51 ഡിഗ്രി സെൽഷ്യസ് വരെ താപനില അപകട നിലയായും ക്രമീകരിച്ച് മൂന്ന് തലങ്ങളിലുമായാണ് പഠനം നടത്തിയത്. ഒരു വർഷത്തിന്റെ പകുതിയോളം 26.6 ഡിഗ്രി സെൽഷ്യസിനു മുകളിൽ ചൂടുള്ള പ്രദേശങ്ങളിൽ ജീവിക്കുന്നവരിൽ ചൂട് കുറഞ്ഞ മേഖലകളിൽ ജീവിക്കുന്നവരെക്കാൾ 14 മാസം കൂടുതൽ ജൈവിക വാർധക്യം അനുഭവപ്പെടുമെന്ന് പഠനം പറയുന്നു. ഇങ്ങനെ സംഭവിക്കുന്നതിന് കാരണമായ ഘടകങ്ങളും പ്രതിവിധികളും കണ്ടെത്താനുള്ള ശ്രമത്തിലാണ് ഗവേഷകർ.പ്രായമായവരിൽ ഉണ്ടാകാനിടയുള്ള പ്രത്യാഘാതങ്ങൾ വിശകലനം ചെയ്യുമ്പോൾ ചൂടും ഈർപ്പവും കണക്കിലെടുക്കേണ്ടതിൻ്റെ പ്രാധാന്യവും പഠനം ചൂണ്ടികാണിക്കുന്നു.