വനിതാ ശിശുവികസന വകുപ്പിന്റെ പുരസ്കാര നേട്ടത്തിൽ തിളങ്ങി ജില്ലയിലെ അങ്കണവാടികൾ

കണ്ണൂർ: സംയോജിത ശിശുവികസന സേവന പദ്ധതിക്കു കീഴിൽ മികച്ച സേവനം കാഴ്ചവയ്ക്കുന്നവർക്ക് വനിതാ ശിശു വികസനവകുപ്പിന്റെ ജില്ലയിലെ മികച്ച അങ്കണവാടിക്കുള്ള പുരസ്കാരം കടന്നപ്പള്ളി- പാണപ്പുഴ പഞ്ചായത്തിലെ കുണ്ടയാട് അങ്കണവാടിക്ക്. മികച്ച ഹെൽപർ പുരസ്കാരം കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ വിളയാങ്കോട് അങ്കണവാടിയിലെ സിന്ധുലേഖയ്ക്കും കുറുമാത്തൂർ പഞ്ചായത്തിലെ ചവനപ്പുഴ 44 നമ്പർ അങ്കണവാടി പി.വി.രാധാമണിക്കും ലഭിച്ചു.പരിയാരം കുറ്റ്യേരി 82 നമ്പർ അങ്കണവാടിയിലെ ടി.പി.പുഷ്പവല്ലി, വാരം ശ്രീകൂർമ്പ അങ്കണവാടിയിലെ പി.പി.രാഗിണി എന്നിവർക്കാണ് വർക്കർക്കുള്ള പുരസ്കാരം. എടക്കാട് അഡീഷനിലെ കെ.ജിൻസിമോൾ ജോർജിനാണ് മികച്ച ഐസിഡിഎസ് സൂപ്പർവൈസർക്കുള്ള പുരസ്കാരം.
കുണ്ടയാട് അങ്കണവാടിക്ക് ‘ഡബിൾ സന്തോഷം’
ആദ്യം ഹെൽപർ പുരസ്കാരം, ഇപ്പോൾ മികച്ച അങ്കണവാടിക്കുള്ള പുരസ്കാരം. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ കുണ്ടയാട് അങ്കണവാടിയിലെ വർക്കർ പി.കാർത്യായനി ഇരട്ട സന്തോഷത്തിലാണ്. 2006ൽ ആണ് ഇവർക്ക് മികച്ച ഹെൽപർക്കുള്ള പുരസ്കാരം ലഭിച്ചത്. കുരുന്നുകൾക്ക് പ്രീ പ്രൈമറി പഠനവും പരിചരണത്തോടൊപ്പം സാമൂഹിക സുരക്ഷാ ക്ഷേമ പ്രവർത്തനങ്ങളിലെ മികവിനുമാണ് അങ്കണവാടിക്ക് അംഗീകാരം .
സ്വന്തമായി കെട്ടിട സൗകര്യം, ബേബി ഫ്രൻഡ്‌ലി ശുചിമുറി, ഭിന്നശേഷി സൗഹൃദം, കളിസ്ഥലം, സ്വന്തമായി കൃഷി, മികച്ച പ്രീ സ്കൂൾ പ്രവർത്തനം, പരിപാടികളിൽ പൊതുജന പങ്കാളിത്തം എന്നിവയെല്ലാം എടുത്തുപറയേണ്ടതാണ്. രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെയാണ് കൃഷിയും മറ്റു സേവന കാര്യങ്ങളും ചെയ്യുന്നത്. വി.വി.സുനിതയാണ് ഹെൽപർ.
കരുത്താണ് ഹെൽപർമാർ
ജില്ലയിലെ മികച്ച അങ്കണവാടി ഹെൽപർ പുരസ്കാരം നേടിയ സന്തോഷത്തിലാണ് കെ.പി. സിന്ധുലേഖയും പി.വി.രാധാമണിയും. കടന്നപ്പള്ളി പാണപ്പുഴ പഞ്ചായത്തിലെ വിളയാങ്കോട് അങ്കണവാടിയിലെ ഹെൽപറാണ് കെ.പി.സിന്ധുലേഖ. 25 കൊല്ലം മുൻപ് തുടങ്ങിയ ഹെൽപർ സേവനത്തിൽ കുരുന്നുകളുടെ പരിചരണവും പോഷാഹാരവും ഉറപ്പാക്കൽ മാത്രമല്ല ആവശ്യക്കാർക്ക് മരുന്നുകൾ എത്തിക്കുന്ന പ്രവർത്തനം അടക്കമുള്ളവയിൽ സിന്ധുലേഖ കൂടെയുണ്ട്. പച്ചക്കറിത്തോട്ടം, പൂന്തോട്ടം, പാചകം തുടങ്ങി സിന്ധുലേഖയുടെ കരവിരുതാണ് അങ്കണവാടിയിൽ കാണുക.
കുറുമാത്തൂർ പഞ്ചായത്തിലെ ചവനപ്പുഴ 44 നമ്പർ അങ്കണവാടി ഹെൽപർ പി.വി.രാധാമണി 30 വർഷത്തോളമായി ഈ ജോലി ചെയ്യുന്നു. ആദ്യകാലത്ത് പരിചരിച്ച കുട്ടികളുടെ മക്കൾ ഇപ്പോൾ രാധാമണിയുടെ പരിചരണത്തിലുണ്ട്. ഭർത്താവ്: കിഷോർ കുമാർ.
ആശ്രയമാണ് ഈ വർക്കർമാർ
ജില്ലയിലെ മികച്ച അങ്കണവാടി വർക്കറായി തിരഞ്ഞെടുക്കപ്പെട്ട ടി.പി.പുഷ്പവല്ലി പരിയാരം പഞ്ചായത്തിലെ കുറ്റ്യേരി 82 നമ്പർ അങ്കണവാടിയിലെ വർക്കറാണ്. പനങ്ങാട്ടൂർ സ്വദേശിയായ പുഷ്പവല്ലി 25 കൊല്ലമായി ജോലിയിൽ പ്രവേശിച്ചിട്ട്. ടി.വി.ജനാർദനനാണ് ഭർത്താവ്. 2 മക്കളുണ്ട്.
വാരം ശ്രീകൂർമ്പ അങ്കണവാടിയിലെ പി.പി.രാഗിണിയാണ് പുരസ്കാരം നേടിയ മറ്റൊരു വർക്കർ. ഭർത്താവ് വാരം ഹരിതത്തിൽ എ.ഹരീശൻ. മക്കൾ കിരൺ സരീഷ്(എൻജിനീയർ അബുദബി) എ.അമൃത(നഴ്സ്, കൊച്ചി അമൃത ആശുപത്രി)
മികച്ച സൂപ്പർവൈസർ
മികച്ച ഐസിഡിഎസ് സൂപ്പർവൈസറായി തിരഞ്ഞെടുക്കപ്പെട്ട കെ. ജിൻസിമോൾ ജോർജ് ഐസിഡിഎസ് എടക്കാട് അഡീഷനിലാണ് ജോലി ചെയ്യുന്നത്. ഭർത്താവ് ചാലക്കുന്ന് കുന്നേൽ ഹൗസിൽ വിനോദ് തോമസ്, മക്കൾ അന്ന ബ്രിജിറ്റ്, തെരേസ മരിയ.