എന്‍.എസ്.എസ്. സ്‌കൂളുകളിലെ നിയമനങ്ങള്‍ സ്ഥിരപ്പെടുത്തണം; സുപ്രധാന ഉത്തരവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി : എന്‍.എസ്.എസിനുകീഴിലുള്ള സ്‌കൂളുകളിലെ അധ്യാപക-അനധ്യാപക നിയമനങ്ങള്‍ സ്ഥിരപ്പെടുത്തണമെന്ന് സുപ്രീംകോടതി. 2021 മുതല്‍നടന്ന നിയമനങ്ങള്‍ സ്ഥിരപ്പെടുത്താനാണ് ജസ്റ്റിസ് ബി.ആര്‍. ഗവായ് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചത്.ഭിന്നശേഷിക്കാര്‍ക്കായി സംവരണംചെയ്തത് ഒഴികെ ബാക്കിയുള്ള മുന്നൂറിലേറെ തസ്തികകളിലാണ് നിയമനം നടക്കേണ്ടത്. നിയമനം സ്ഥിരപ്പെടുത്തുന്നതിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. സുപ്രീംകോടതി ഉത്തരവിന്റെ പകര്‍പ്പ് പുറത്തുവന്നിട്ടില്ല.
ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട കേസ് കേരള ഹൈക്കോടതിയില്‍ നിലനില്‍ക്കുന്നുണ്ട്. ഇക്കാരണത്താല്‍ സ്‌കൂളുകളിലെ നിയമനം സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുന്നില്ലെന്നുകാട്ടിയാണ് എന്‍.എസ്.എസ്. സുപ്രീംകോടതിയെ സമീപിച്ചത്. നിയമനം സ്ഥിരപ്പെടുത്താത്തതിനാല്‍ ശമ്പളം ലഭിക്കാതെ വര്‍ഷങ്ങളായി ജോലിചെയ്യേണ്ട സാഹചര്യമാണ്.
ഭിന്നശേഷി സംവരണത്തിന് 60 തസ്തികകള്‍ മാറ്റിവെച്ചിട്ടുണ്ടെന്ന് എന്‍.എസ്.എസ്. അറിയിച്ചു. ഇതൊഴികെയുള്ള തസ്തികകളില്‍ നിയമനം നടത്താന്‍ നിര്‍ദേശം നല്‍കണമെന്ന എന്‍.എസ്.എസിന്റെ ആവശ്യമാണ് സുപ്രീംകോടതി അംഗീകരിച്ചത്.ഭിന്നശേഷി സംവരണ തസ്തികകള്‍ ഒഴികെയുള്ളവയിലെ നിയമനം സ്ഥിരപ്പെടുത്തുന്നതിന് എതിര്‍പ്പില്ലെന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചത്.