ചൂതാട്ട വീഡിയോകൾ: ഇൻഫ്ളുവൻസർമാരുടെ അക്കൗണ്ടുകൾക്ക് പൂട്ടിടുന്നു, പ്രമുഖരെ നീക്കി മെറ്റ

Share our post

കോഴിക്കോട്: ഗെയിം കളിച്ചുനേടിയ പണംകൊണ്ട് ഞങ്ങൾ മൊബൈലും ഫ്ലാറ്റും വാഹനങ്ങളും വാങ്ങി, ഇതുപോലെ നിങ്ങൾക്കും വാങ്ങാമെന്നു പറഞ്ഞുള്ള ഇൻസ്റ്റഗ്രാം റീലുകളിൽ നമ്മുടെ കണ്ണുടക്കിയിട്ടുണ്ടാവും.ആപ്പ് ഉപയോഗിക്കുന്നതോടെ രാജ്യത്ത് അനുമതിയില്ലാതെ പ്രവർത്തിക്കുന്ന വൻചൂതാട്ടസംഘങ്ങളുടെ വലയിലേക്കാവും ഇവ നമ്മളെ കൊണ്ടുപോകുക. ഇത്തരം ചൂതാട്ട ആപ്പുകൾ പ്രചരിപ്പിക്കുന്ന വീഡിയോകൾ പോസ്റ്റ് ചെയ്യുന്ന വ്ലോഗർമാർക്കെതിരേ നടപടി സ്വീകരിച്ചിരിക്കുകയാണ് കേരള സൈബർ പോലീസ്.പോലീസ് നിർദേശപ്രകാരം വയനാടൻ വ്ളോഗർ, മല്ലു ഫാമിലി സുജിൻ, ഫഷ്മിന സാക്കിർ തുടങ്ങിയ പ്രമുഖ അക്കൗണ്ടുകളാണ് മെറ്റ നീക്കംചെയ്തിരിക്കുന്നത്.

വീഡിയോ തിരക്കഥയനുസരിച്ച്

ചൂതാട്ട ആപ്പ് കമ്പനികൾ നൽകുന്ന തിരക്കഥയനുസരിച്ചാണ് ഇൻഫ്ളുവൻസർമാർ വീഡിയോ ചെയ്യുന്നത്. ഇവർ ഗെയിം കളിക്കുന്നത് കമ്പനികൾ നൽകുന്ന ഡെമോ അക്കൗണ്ടുകൾ വഴിയായതിനാൽ എങ്ങനെ കളിച്ചാലും ജയിക്കുംവിധമായിരിക്കും സംവിധാനം. പ്ലേ സ്റ്റോറിൽ ലഭ്യമല്ലാത്ത ആപ്പുകളാണ് ഇൻഫ്ലുവൻസർമാർ ലിങ്കുകളിലൂടെ നൽകുന്നത്.

പ്രവർത്തിക്കുന്നത് അനുമതിയില്ലാതെ

1960-ലെ കേരള ഗെയിമിങ് ആക്ട്, 1998-ലെ ലോട്ടറീസ് റെഗുലേഷൻ ആക്ട് തുടങ്ങിയവ അനുസരിച്ച് കേരളത്തിൽ ചൂതാട്ടം നിരോധിച്ചിട്ടുണ്ട്. ഓൺലൈൻ ഗെയിമുകളെ ‘സ്‌കിൽ’ ഉപയോഗിച്ച് കളിക്കുന്നവ ‘ചാൻസ്’ ഉപയോഗിച്ച് കളിക്കുന്നവ എന്നിങ്ങനെ തരംതിരിച്ചിട്ടുണ്ട്. 2021-ലെ ഹൈക്കോടതി വിധിയനുസരിച്ച് സ്‌കിൽ ഉപയോഗിച്ച് കളിക്കുന്ന ഓൺലൈൻ ഗെയിമുകൾക്കുമാത്രമേ കേരളത്തിൽ പ്രവർത്തനാനുമതിയുള്ളൂ.ചാൻസ് ഉപയോഗിച്ച് കളിക്കുന്ന പ്രവചന, വാതുവെപ്പ്‌ സ്വഭാവമുള്ള ഗെയിമുകളാണ് അനുമതിയില്ലാത്ത ആപ്പുകളുടെ പരിധിയിൽ വരുന്നത്.

തട്ടിപ്പ് കണ്ടെത്താൻ സൈബർ പട്രോളിങ് ടീം

സൈബർ മേഖലയിലെ ക്രമക്കേടുകൾ കണ്ടെത്താൻ കേരള സൈബർ പോലീസിന് കീഴിൽ സൈബർ പട്രോളിങ് ടീമുണ്ട്. ഇത്തരത്തിലുള്ള ഒട്ടേറെ ആപ്പുകൾ കേന്ദ്ര ഇലക്‌ട്രോണിക്സ്, ഐ.ടി. മന്ത്രാലയവും നിരോധിച്ചിട്ടുണ്ട്. ഇത്തരം ആപ്പുകളുടെ പ്രചാരണത്തിന് പണം കൈപ്പറ്റിയ പല സിനിമാതാരങ്ങളും നിയമക്കുരുക്കിലാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!