ആംബുലന്‍സ് വാടക തോന്നുംപടിയല്ല, കൃത്യമായ വാടകയും വെയ്റ്റിങ് ചാര്‍ജും; ആശ്വാസമായി നിരക്ക് നിര്‍ണയം

Share our post

സ്വകാര്യ ആംബുലന്‍സുകള്‍ക്ക് കാത്തിരിപ്പുസമയം കണക്കാക്കിയുള്ള വാടക നിര്‍ണയം രോഗികള്‍ക്കും ബന്ധുക്കള്‍ക്കും ആശ്വാസമാകുന്നു. വാടകനിരക്കിലെ ഏകോപനമില്ലായ്മ തര്‍ക്കങ്ങള്‍ക്കും ചൂഷണത്തിനും വഴിവെക്കുന്ന സാഹചര്യത്തിലാണ് ഗതാഗതവകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി വാടകനിരക്ക് പുനര്‍നിര്‍ണയിച്ചത്.സൗകര്യങ്ങളുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്നതോതില്‍ ജീവന്‍രക്ഷാ ഉപകരണങ്ങളുള്ള ‘ഡി’ ലെവല്‍ മുതല്‍ ചെറിയ വാഹനങ്ങളടങ്ങിയ ‘എ’ ലെവല്‍ വരെ ആംബുലന്‍സുകളെ അഞ്ചുവിഭാഗങ്ങളായിത്തിരിച്ച് 20 കിലോമീറ്റര്‍പോയി തിരിച്ചെത്തുന്നത് അടിസ്ഥാനദൂരമായി കണക്കാക്കിയാണ് നിരക്കുനിര്‍ണയം. ആദ്യ ഒരുമണിക്കൂറിന് കാത്തിരുപ്പുനിരക്ക് നല്‍കേണ്ടതില്ല.

വാനും ജീപ്പും പോലുള്ള ചെറിയ ആംബുലന്‍സുകള്‍ക്ക് (എ ലെവല്‍) കുറഞ്ഞവാടക എ.സി. സംവിധാനമില്ലാത്തതിന് 600 രൂപയും എ.സി.യുള്ളതിന് 800 രൂപയുമാണ്. 20 കിലോമീറ്ററില്‍ അധികമായിവരുന്ന ഓരോ കിലോമീറ്ററിനും 20 രൂപ (നോണ്‍ എ.സി.), 25 രൂപ (എ.സി.) വീതം നല്‍കണം. ഓക്‌സിജന്‍ സംവിധാനമുണ്ടെങ്കില്‍ 200 രൂപ അധികമായി നല്‍കണം. ആദ്യമണിക്കൂറിന് ശേഷമുള്ള ഓരോമണിക്കൂറിലും 150 രൂപ (നോണ്‍ എ.സി.), 200 രൂപ (എ.സി.) തോതിലാണ് കാത്തിരിപ്പുനിരക്ക്.

മറ്റുവിഭാഗത്തിലെ നിരക്കുകള്‍

*ബി ലെവല്‍ ട്രാവലര്‍ (നോണ്‍ എ.സി.): കുറഞ്ഞവാടക 1,000 രൂപ (20 കി.മീ), അധികം വരുന്ന ഓരോ കിലോമീറ്ററിനും 30 രൂപ. കാത്തിരുപ്പുനിരക്ക് ആദ്യമണിക്കൂറിന് ശേഷമുള്ള ഓരോമണിക്കൂറിലും 200 രൂപ.

* സി ലെവല്‍ ട്രാവലര്‍ (എ.സി.): കുറഞ്ഞവാടക 1,500 രൂപ (20 കി.മീ.). അധികംവരുന്ന ഓരോ കിലോമീറ്ററിനും 40 രൂപ.

* ഡി ലെവല്‍ ഐ.സി.യു: കുറഞ്ഞവാടക 2,500 രൂപ (20 കി.മീ.). അധികം വരുന്ന ഓരോ കിലോമീറ്ററിനും 50 രൂപ. ജീവന്‍രക്ഷാ ഉപകരണങ്ങളും പരിശീലനം നേടിയ സാങ്കേതിക വിദഗ്ധനും ഉള്‍പ്പെടെയുള്ള നിരക്കാണിത്. ഡോക്ടറുടെ സേവനം, മരുന്നുകള്‍ എന്നിവയ്ക്കുള്ള തുക ഉള്‍പ്പെടുത്തിയിട്ടില്ല. കാത്തിരുപ്പ് വാടക ആദ്യ ഒരുമണിക്കൂറിന് ശേഷമുള്ള ഓരോ മണിക്കൂറിലും 350 രൂപ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!