മലയോരത്തിന്റെ കണ്ണീരൊപ്പണം, കടലോരത്തിന്റെ ആധി അകറ്റണം: ഓർത്തഡോക്സ് സഭ

കോട്ടയം: ചൂരൽമല, മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസം വൈകുന്നതിൽ ഖേദം പ്രകടിപ്പിച്ച് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ. വാഗ്ദാനങ്ങൾ പാലിക്കപ്പെടാൻ വൈകുന്നത് ദുരന്തബാധിതരുടെ ആത്മാഭിമാനത്തിന് ക്ഷതമേൽപ്പിക്കുകയാണെന്നും പരിശുദ്ധ എപ്പിസ്ക്കോപ്പൽ സുന്നഹദോസ് നിരീക്ഷിച്ചു.
2024 ജൂലൈ 30നാണ് കേരളത്തെയാകെ കണ്ണീരിലാഴ്ത്തിക്കൊണ്ട് വയനാട്ടിലെ ചൂരൽമല,മുണ്ടക്കൈ മേഖലകളിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായത്. 210 ദിനങ്ങൾ പിന്നിടുമ്പോഴും പുനരധിവാസം വൈകുന്നു എന്നത് ഖേദകരമാണ്. ദുരന്ത സമയത്ത് നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെടാൻ വൈകുംതോറും ആ ജനതയുടെ ആത്മാഭിമാനത്തിന് ക്ഷതമേൽക്കുകയും കഷ്ടത വർദ്ധിക്കുകയും ചെയ്യുന്നു.
പുനരധിവാസത്തിന്റെ ഭാഗമായി പുതിയ വീടുകൾ വെച്ച് നൽകാമെന്ന് ആദ്യം പ്രഖ്യാപിച്ചത് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയാണ്. 50 വീടുകൾ വെച്ച് നൽകാനുള്ള സന്നദ്ധത സർക്കാരിനെ അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഉചിതമായ മറുപടി ലഭിക്കാത്തതിനാൽ സഭ സ്വന്തം നിലയിൽ ഭൂമി കണ്ടെത്തി ആ ജനതയെ പുനരധിവസിപ്പിക്കുന്നതിനെക്കുറിച്ച് പരിശുദ്ധ സുന്നഹദോസ് ചർച്ച ചെയ്തു.മലയോരത്തിന്റെ കണ്ണീരുപ്പ് വീണ മണ്ണിന് സമാനമാണ് കടലോര ജനതയുടെ ജീവിതവും. മുനമ്പം ഭൂമി പ്രശ്നത്തിൽ ഉറക്കം നഷ്ടപ്പെട്ട കുടുംബങ്ങൾ ഇന്നും പ്രതിഷേധത്തിലാണ്. അവരുടെ ആശങ്ക അവസാനിപ്പിക്കാനുള്ള സത്വരമായ നടപടികൾ ഉണ്ടാകണം. കടൽ മണൽ ഖനനം മറ്റൊരു പ്രശ്നമായി മാറുന്നു. കടലിന്റെ അടിത്തട്ട് ഇളക്കുമ്പോൾ സംഭവിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെ ആരും ഗൗനിക്കുന്നില്ല. മത്സ്യസമ്പത്ത് നഷ്ടമായാൽ തീരദേശജനത വറുതിയിലാകുമെന്നും പരിശുദ്ധ എപ്പിസ്ക്കോപ്പൽ സിനഡ് നിരീക്ഷിച്ചു.