മട്ടുപ്പാവിലെ കൃഷിയുമായി കുട്ടിക്കർഷകൻ

കൂത്തുപറമ്പ്:മട്ടുപ്പാവിലെ കൃഷിയുമായി മുന്നേറുകയാണ് ഈ കുട്ടിക്കർഷകൻ പഠനത്തോടൊപ്പം കാർഷികമേഖലയിലും നിറഞ്ഞുനിൽക്കുകയാണ് ആയിത്തറ നെല്ലിയത്തുകുന്ന് വീട്ടിൽ ആദിദീയൻ. വീടിന്റെ മട്ടുപ്പാവിൽ ചട്ടികളിലും ഗ്രോബാഗിലുമായി ഏഴിനം പച്ചക്കറികളാണ് പതിമൂന്നുകാരൻ നട്ടത്. ഇപ്പോൾ വിളവെടുപ്പ് തുടങ്ങി. ആയിത്തറ മമ്പറം ഗവ. എച്ച്എസ്എസിലെ എട്ടാംക്ലാസുകാരൻ സ്കൂൾസമയശേഷവും അവധി ദിവസങ്ങളിലുമാണ് കൃഷിക്കിറങ്ങുന്നത്. മുതിർന്നവരുടെ അഭിപ്രായ നിർദേശങ്ങൾ സ്വീകരിച്ചശേഷം കൃഷിയിറക്കലും പരിപാലനവും. മാങ്ങാട്ടിടം പഞ്ചായത്ത് കൃഷിഭവന്റെ കൃഷിസമൃദ്ധി പദ്ധതിയുടെ ഭാഗമായാണ് ടെറസിലെ കൃഷി തുടങ്ങിയത്. തക്കാളി, മുളക്, വഴുതന, പൊട്ടിക്ക, പാവയ്ക്ക, വെണ്ട, പയർ തുടങ്ങിയവ സമൃദ്ധമായി വളർന്നു. 125 ചട്ടികളിലെയും ഗ്രോബാഗിലെയും പച്ചക്കറികൾക്ക് പുറമെ 100 ഗ്രോബാഗിൽ കറ്റാർവാഴയുമുണ്ട്. പൂർണമായും ജൈവകൃഷിയാണ്. കടലപ്പിണ്ണാക്ക്, ചാണകം, എല്ലുപൊടി, മണ്ണിര കമ്പോസ്റ്റ് തുടങ്ങിയ വളങ്ങളും ഹരിത കഷായം, ഫിഷ് അമിനോ, പുകയില കഷായം തുടങ്ങിയ ജൈവകീടനാശിനികളും ഉപയോഗിക്കുന്നു. അച്ഛൻ ബൈജുവും അമ്മ സുജയും സഹായവും പ്രോത്സാഹനവുമായി ഒപ്പമുണ്ട്.