സ്ത്രീയെ കെട്ടിയിട്ട് കവര്‍ച്ച; സഹായിയായി വീട്ടില്‍ താമസിച്ചിരുന്ന സ്ത്രീയുടെ മകനും കസ്റ്റഡിയിൽ

Share our post

കുട്ടനാട്: മാമ്പുഴക്കരിയില്‍ അറുപത്തിരണ്ടുകാരിയായ കൃഷ്ണമ്മയെ കെട്ടിയിട്ട് കവര്‍ച്ച നടത്തിയ കേസില്‍ ഒരാള്‍കൂടി പിടിയില്‍. കൃഷ്ണമ്മയുടെ സഹായിയായി വീട്ടില്‍ താമസിച്ചിരുന്ന ദീപയുടെ മകന്‍ നെയ്യാറ്റിന്‍കര ആറാലുംമ്മൂട് തുടിക്കോട്ടുകോണംമൂല പുത്തന്‍വീട്ടില്‍ അഖില്‍ (22) അറസ്റ്റില്‍. നെയ്യാറ്റിന്‍കരയില്‍നിന്നു പിടികൂടിയ ഇയാളെ രാമങ്കരി കോടതിയില്‍ ഹാജരാക്കി. റിമാന്‍ഡുചെയ്ത പ്രതിയെ പോലീസ് കൂടുതല്‍ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി അഞ്ചുദിവസത്തെ കസ്റ്റഡിയില്‍ വാങ്ങി. ചൊവ്വാഴ്ച അഖിലുമായി പ്രദേശത്ത് തെളിവെടുപ്പു നടത്താനാണ് പോലീസിന്റെ തീരുമാനം.

അഖിലിനെ ഞായറാഴ്ച നെയ്യാറ്റിന്‍കരയിലും പരിസരപ്രദേശത്തും കണ്ടതായി രാമങ്കരി പോലീസിനു വിവരം ലഭിച്ചു. യൂണിഫോമിലല്ലാതെ സ്ഥലത്തെത്തിയ രാമങ്കരി പോലീസ് സംഘം അഖിലിനെ കണ്ടെത്തുകയും രഹസ്യമായി പിന്തുടരുകയും ചെയ്തു. ഒപ്പംതന്നെ ബാലരാമപുരം, നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനുകളില്‍ വിവരം അറിയിക്കുകയും ചെയ്തു. ഇതിനിടെ നെയ്യാറ്റിന്‍കരയിലെ ഒരു ഓട്ടോ ഡ്രൈവറുമായി അഖില്‍ തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും കയ്യാങ്കളിയിലേക്ക് നീങ്ങുകയും ചെയ്തു. സ്ഥലത്തെത്തിയ നെയ്യാറ്റിന്‍കര എസ്.ഐ.യെയും സംഘത്തെയും കണ്ട് ഇയാള്‍ ഓടി.

പോലീസ് പിന്തുടര്‍ന്നപ്പോള്‍ കനാലില്‍ ചാടി നീന്തിപ്പോകുകയായിരുന്നു ഇയാള്‍. വിവരമറിഞ്ഞ് സംഘടിച്ച നാട്ടുകാര്‍ക്കൊപ്പം പോലീസും നടത്തിയ തിരച്ചിലില്‍ കനാല്‍ക്കരയിലെ പൊന്തക്കാട്ടില്‍ ഒളിച്ചനിലയില്‍ രാത്രിയോടെ ഇയാളെ കണ്ടെത്തിയെന്ന് പോലീസ് പറഞ്ഞു. ആദ്യം പിടിയിലായ രാജേഷ് നല്‍കിയ മൊഴിയില്‍നിന്നു വ്യത്യസ്തമായ മൊഴിയാണ് കവര്‍ച്ചയെപ്പറ്റി അഖില്‍ നല്‍കിയത്. ഇതു തമ്മില്‍ പരിശോധിച്ചശേഷമേ സംഭവത്തില്‍ വ്യക്തത വരുത്താന്‍ സാധിക്കൂ എന്ന് പോലീസ് പറഞ്ഞു.ബുധനാഴ്ച വെളുപ്പിനെ രണ്ടരയോടെയാണ് മാമ്പുഴക്കരി വേലിക്കെട്ടില്‍ കൃഷ്ണമ്മയുടെ വീട്ടില്‍ കവര്‍ച്ച നടന്നത്. കവര്‍ച്ച നടന്ന ദിവസംതന്നെ രാജേഷ് ബാലരാമപുരത്ത് പോലീസിന്റെ പിടിയിലായി.

മൂന്നരപ്പവന്റെ ആഭരണങ്ങള്‍, 36,000 രൂപ, എ.ടി.എം. കാര്‍ഡ്, ഓട്ടുപാത്രങ്ങള്‍ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. കൃഷ്ണമ്മയുടെ വീട്ടില്‍ സഹായിയായി നിന്ന തിരുവനന്തപുരം സ്വദേശി ദീപ (കല), മക്കളായ അഖില, അഖില്‍ എന്നിവരാണ് തന്നെക്കൂടാതെ കവര്‍ച്ചയില്‍ പങ്കുള്ളവരെന്ന് രാജേഷ് മൊഴി നല്‍കിയത്.കൃത്യത്തിന് ഒരാഴ്ചമുന്‍പ് കൃഷ്ണമ്മയുടെ വീട്ടില്‍ താമസമാക്കിയ ദീപയാണ് മക്കളുടെ കൂടി സഹായത്തോടെ സംഭവം ആസൂത്രണം ചെയ്തത്. മക്കള്‍ക്കുപുറമേ സഹായത്തിനായി തന്നെയും ഒപ്പം കൂട്ടുകയായിരുന്നു- എന്നാണ് രാജേഷ് പോലീസില്‍ നല്‍കിയ മൊഴി. എന്നാല്‍ കൃഷ്ണമ്മ ദീപയെ സംശയിച്ചിരുന്നില്ല. നിലവില്‍ ദീപ ഒളിവിലാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!