കോവിഡിന് ശേഷം ട്രെയിന്‍ യാത്രക്കാര്‍ക്ക് എ.സിയോട് പ്രിയം; അഞ്ചുവര്‍ഷം കൊണ്ട് വരുമാനത്തിൽ വൻ വര്‍ധനവ്

Share our post

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്ക് ശേഷം ഇന്ത്യയിലെ ട്രെയിന്‍ യാത്രക്കാര്‍ക്ക് എ.സി. കോച്ചുകളോട് പ്രിയമേറിയതായി കണക്കുകള്‍. ഫസ്റ്റ് ക്ലാസ്, ടു ടയര്‍, ത്രീ ടയര്‍, ചെയര്‍കാര്‍ തുടങ്ങി എല്ലാ വിഭാഗത്തിലുമുള്ള എ.സി. കോച്ചുകളുടേയും ആകെ കണക്കാണ് ഇത്. ബജറ്റ് രേഖകള്‍ വിശകലനം ചെയ്തുകൊണ്ട് ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.2019-2020 വര്‍ഷത്തില്‍ ആകെ വരുമാനത്തിന്റെ 36 ശതമാനം അതായത് ഏകദേശം മൂന്നിലൊന്ന് മാത്രമാണ് എ.സി. അതേസമയം ആകെ വരുമാനത്തിന്റെ 58 ശതമാനവും റെയില്‍വേ നേടിയത് സബ്-അര്‍ബന്‍ ട്രെയിനുകള്‍ ഒഴികെയുള്ള എ.സി. ഇതര യാത്രക്കാരില്‍ നിന്നാണ്. ഇക്കാലയളവില്‍ 50,669 കോടി രൂപയായിരുന്നു യാത്രക്കാരില്‍ നിന്നുള്ള റെയില്‍വേയുടെ വരുമാനം.

ഈ കണക്കുകളാണ് ഇപ്പോള്‍ നേരെ തിരിഞ്ഞത്. 2024-2025 വര്‍ഷം യാത്രക്കാരില്‍ നിന്നുള്ള ആകെ വരുമാനത്തിന്റെ 54 ശതമാനവും എ.സി. ക്ലാസ്സുകളില്‍ നിന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം സബ്-അര്‍ബന്‍ ട്രെയിനുകള്‍ ഒഴികെയുള്ള എ.സി. ഇതര യാത്രക്കാരില്‍ നിന്നുള്ള വരുമാനം 41 ശതമാനം മാത്രമാണ് പ്രതീക്ഷിക്കപ്പെടുന്നത്. സെക്കന്‍ഡ് ക്ലാസ് മെയില്‍/എക്‌സ്പ്രസ്, സെക്കന്‍ഡ് ക്ലാസ് ഓര്‍ഡിനറി, സ്ലീപ്പര്‍ ക്ലാസ് എന്നിവ ഉള്‍പ്പെടുന്നതാണ് എ.സി. ഇതര വിഭാഗം. ഈ വര്‍ഷം യാത്രക്കാരില്‍ നിന്നുള്ള ആകെ വരുമാനം 80,000 കോടി രൂപയാകും എന്നാണ് കണക്കാക്കുന്നത്.എ.സി. ക്ലാസിലെ യാത്രക്കാരുടെ ശതമാനം ഇപ്പോഴും ഒറ്റയക്കം തന്നെയാണെങ്കിലും 2024-2025 വര്‍ഷത്തില്‍ യാത്രക്കാരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ച് 38 കോടിയായിട്ടുണ്ടെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. കോവിഡിന് മുമ്പ് ഇത് 18 കോടി മാത്രമായിരുന്നു. 2019-20 വര്‍ഷത്തില്‍ ആകെ യാത്രക്കാരുടെ 2.2 ശതമാനമായിരുന്നു എ.സി. ക്ലാസ് യാത്രക്കാര്‍. 809 കോടി പേരാണ് ആ വര്‍ഷം ട്രെയിനില്‍ യാത്ര ചെയ്തത്. 2024-2025 വര്‍ഷം 727 കോടി യാത്രക്കാര്‍ ട്രെയിനില്‍ യാത്ര ചെയ്തപ്പോള്‍ അതിന്റെ 5.2 ശതമാനം മാത്രമാണ് എ.സി. ക്ലാസിലെ യാത്രക്കാര്‍.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!