നാലുവർഷമായി ശമ്പളമില്ല; പകല്‍ സ്‌കൂളില്‍ അധ്യാപകന്‍, ജീവിക്കാനായി രാത്രി തട്ടുകടയിലെ ജോലി

Share our post

കോഴിക്കോട്: സ്‌കൂള്‍ വിട്ടാലുടനെ വീട്ടിലേക്കോടും. ജീന്‍സും ടീഷര്‍ട്ടുമിട്ട് റെഡിയാവും. പിന്നെ ആരുംകാണാതെ കുറച്ച് ദൂരെയുള്ള തട്ടുകടയിലേക്ക്. ഭക്ഷണം കഴിക്കാനല്ല ഈ പോക്ക്. വിളമ്പാനും മറ്റും സഹായിയായാണ്. ഈ വേഷത്തില്‍ ‘ഉള്ളിലെ’ അധ്യാപകനെ അധികമാരും തിരിച്ചറിയില്ലെന്ന പ്രതീക്ഷയില്‍ പാതിരവരെ ജോലി. രാവിലെ വീണ്ടും സ്‌കൂളിലേക്ക്, വിദ്യാര്‍ഥികളുടെ പ്രിയ അധ്യാപകനായി.നിയമനാംഗീകാരം കിട്ടാത്തതിനാല്‍ നാലുവര്‍ഷമായി ശമ്പളമില്ലാതെ ജോലിചെയ്യുന്ന കോഴിക്കോട് നഗരത്തിലെ ഒരു എയ്ഡഡ് സ്‌കൂള്‍ അധ്യാപകന്റെ ജീവിതമാണിത്.

കുറെക്കാലം രാത്രി വസ്ത്രക്കടകളില്‍ സെയില്‍സ്മാനായിട്ടാണ് ജീവിക്കാന്‍ വഴി കണ്ടെത്തിയിരുന്നത്. അറിയുന്ന ആരെയെങ്കിലും കണ്ടാല്‍ പറയും, ‘സുഹൃത്തിന്റെ കടയാണ്, കാണാന്‍ വന്നതാണ്’ എന്നൊക്കെ. ”ശമ്പളമില്ലാതെ ജോലിയുണ്ടായിട്ട് എന്തുകാര്യം. സ്‌കൂളിലും വീട്ടിലും പണച്ചെലവ് വരുന്ന സാഹചര്യങ്ങളിലെല്ലാം മാറിനില്‍ക്കേണ്ടിവരുന്നതാണ് ഏറ്റവും വലിയ ഗതികേട്.

സ്‌കൂളില്‍ അധ്യാപകരൊന്നിച്ച് യാത്രപോകാന്‍ പദ്ധതിയിടുമ്പോള്‍ കല്യാണത്തിന് പോവാനുണ്ടെന്നോ കുട്ടികളെ ആശുപത്രിയില്‍ കൊണ്ടുപോകാനുണ്ടെന്നോ പറഞ്ഞ് ഒഴിഞ്ഞുമാറും. എല്ലാവരുംകൂടി പുറത്തുപോയി ഭക്ഷണം കഴിക്കാന്‍ തീരുമാനിച്ചാലും വയറുവേദനയാണെന്നോ മറ്റോ പറഞ്ഞ് ഒഴിയും. അല്ലാതെ എന്തുചെയ്യും” -അദ്ദേഹം നെടുവീര്‍പ്പോടെ ചോദിക്കുന്നു.

ചിലപ്പോള്‍ ബസ് ടിക്കറ്റിനുള്ള പണംപോലും തികച്ചുണ്ടാവില്ല കൈയില്‍. പാളയം ബസ് സ്റ്റാന്‍ഡില്‍ ബസ്സിറങ്ങിയാല്‍ ഇങ്ങനെയുള്ള അധ്യാപകര്‍ കാത്തുനില്‍ക്കും. നാലുപേര്‍ വന്നാല്‍ ഓട്ടോയ്ക്ക് ഷെയര്‍ചെയ്ത് പോവാമല്ലോയെന്ന് കരുതി.

”പൈസയും ഇല്ല, വീടും ഇല്ല, ഒന്നുമില്ല! പലപ്പോഴും മാനസികവിഭ്രാന്തിയുടെ വക്കിലെത്തുന്ന സ്ഥിതി. കുടുംബത്തെ ഓര്‍ത്താണ് പിടിച്ചുനില്‍ക്കുന്നത്.”

കണ്ണീരോടെ അധ്യാപിക…

ഭര്‍ത്താവ് മരിച്ചപ്പോള്‍ ചെറിയ മൂന്നുകുട്ടികളുമായി ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവാത്ത സ്ഥിതിയായിരുന്നു. ഒരു സഹായമാവട്ടെ എന്നുകരുതിയാണ് സ്‌കൂള്‍ മാനേജ്മെന്റ് ജോലി നല്‍കിയത്. പക്ഷേ, നിയമനാംഗീകാരമാവാത്തതിനാല്‍ ഇതുവരെ ശമ്പളം കിട്ടിയിട്ടില്ല.

ഇപ്പോള്‍ കുട്ടികള്‍ക്ക് ഭക്ഷണം നല്‍കാനും പഠിപ്പിക്കാനുംവരെ വഴിയില്ല. ചെറിയ കുട്ടികളായതിനാല്‍ അവര്‍ക്ക് സ്‌കൂളില്ലാത്ത ദിവസങ്ങളില്‍ വീട്ടില്‍ ഒറ്റയ്ക്കുവിട്ട് മറ്റുജോലിക്കൊന്നും പോകാനും വയ്യ” -കണ്ണീരോടെ ഒരു അധ്യാപിക പറയുന്നു.

”കൂടെയുള്ള അധ്യാപകര്‍ രാത്രിയിലൊക്കെ ജോലിക്കുപോകും. സ്ത്രീകള്‍ക്ക് രാത്രി ഓട്ടോ ഓടിക്കാനും തട്ടുകടയില്‍ നില്‍ക്കാനുമെല്ലാം ബുദ്ധിമുട്ടല്ലേ. വഴികളെല്ലാം അടഞ്ഞ അവസ്ഥ. സ്‌കൂളിലെ സഹപ്രവര്‍ത്തകര്‍ എല്ലാ മാസവും പിരിവെടുത്ത് തരുന്ന ചെറിയ തുകകൊണ്ടാണ് ഇപ്പോള്‍ ജീവിതം തള്ളിനീക്കുന്നത്.”


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!