പഴശ്ശി വീണ്ടും ഒഴുകുന്നു; ഡിസംബറോടെ ശാഖാ കനാലുകളിൽ വെള്ളം ഒഴുക്കാമെന്നു പ്രതീക്ഷ

മട്ടന്നൂർ : പഴശ്ശി ജലസേചന പദ്ധതിയുടെ കനാലുകളിൽ വെള്ളമൊഴുകുമ്പോൾ ആശ്വാസത്തിന്റെ കുളിരുപടരുന്നത് കർഷക മനസ്സുകളിലാണ്. രണ്ടു പതിറ്റാണ്ടായി വരണ്ടുണങ്ങിക്കിടക്കുകയായിരുന്നു കനാലുകൾ. ജലസേചനം സാധ്യമാകാതെ, ഉപേക്ഷിക്കേണ്ടി വരുമെന്ന ഘട്ടത്തിൽ നിന്നാണ് പഴശ്ശി പദ്ധതിക്കു മോചനമുണ്ടായത്. തകർന്ന കനാലുകൾ പുനർനിർമിച്ചും നീർപാലങ്ങൾ പുതുക്കിപ്പണിതും പദ്ധതിക്കു പുതുജീവൻ നൽകുകയായിരുന്നു. അണക്കെട്ട് ജലസമൃദ്ധമായതും നേട്ടമായി. പ്രധാന കനാലിലൂടെ കഴിഞ്ഞ വർഷം ജനുവരി ഒന്നിനു പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം തുറന്നു വിട്ടിരുന്നു. പഴശ്ശി അണക്കെട്ട് മുതൽ പറശ്ശിനിക്കടവ് പാലം വരെ 42 കിലോമീറ്റർ ദൂരം വെള്ളം ഒഴുകിയെത്തി.
പഴശ്ശി പദ്ധതി
വളപട്ടണം പുഴയിൽ കുയിലൂരിൽ അണ കെട്ടി പുഴവെള്ളം കനാൽ വഴി കൃഷിയിടങ്ങളിൽ എത്തിക്കാനാണ് പഴശ്ശി ജലസേചന പദ്ധതി ആരംഭിച്ചത്. 11525 ഹെക്ടർ സ്ഥലത്ത് രണ്ടും മൂന്നും വിളകൾക്ക് ജലസേചനം നൽകുകയായിരുന്നു ലക്ഷ്യം. ഇരിട്ടി, തലശ്ശേരി, കണ്ണൂർ, തളിപ്പറമ്പ് താലൂക്കുകളിലായി 46.26 കിലോ മീറ്റർ പ്രധാന കനാലും 78 കിലോ മീറ്റർ ഉപ കനാലുമുണ്ട്. വിതരണ ശൃംഖലകളും നീർച്ചാലുകളും അടക്കം 440 കിലോമീറ്റർ കനാൽ ഉണ്ടെന്നാണ് കണക്ക്.ജില്ലയിലെ ഏറ്റവും വലിയ ജലസേചന പദ്ധതിയും 12 ശുദ്ധജല വിതരണ പദ്ധതികളുടെ ജലസ്രോതസ്സുമാണ്. പഴശ്ശി സാഗർ ജല വൈദ്യുത പദ്ധതി വരുന്നതും പഴശ്ശി അണക്കെട്ടിനോടു ചേർന്നാണ്. 1998ൽ കമ്മിഷൻ ചെയ്തു. 100 കോടി രൂപ ചെലവിൽ പദ്ധതി പൂർത്തിയാക്കാൻ ലക്ഷ്യമിട്ടുവെങ്കിലും ആയിരത്തിലേറെ കോടികൾ ഇതിനകം ചെലവിട്ടു കഴിഞ്ഞു.
പ്രളയം തകർത്ത കനാൽ
2012 ഡിസംബറിൽ കാലവർഷം കനത്തു പെയ്തപ്പോൾ പഴശ്ശി അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കാൻ കഴിയാത്തതിനെ തുടർന്നു അണക്കെട്ട് കവിഞ്ഞൊഴുകിയാണ് കനാൽ ഭിത്തികൾ തകർന്നത്. കനാലിന്റെ കുറെ ഭാഗം ഒഴുകിപ്പോയതോടെ കനാൽ തന്നെ കാണാതായി. 2018, 19 വർഷങ്ങളിലെ വെള്ളപ്പൊക്കത്തിലും കനാൽ ഭിത്തികളിൽ വിള്ളൽ ഉണ്ടായി. കനാലിലൂടെ കൃഷി ആവശ്യത്തിന് അവസാനമായി വെള്ളം ലഭിച്ചത് 2008ൽ ആണ്. കനാലുകളിൽ അറ്റകുറ്റപ്പണി നടത്തേണ്ടതുകൊണ്ട് തുടർന്നുള്ള വർഷങ്ങളിൽ വെള്ളം തുറന്നുവിട്ടില്ല.
ദുരിതാശ്വാസമായ് പുനർ നിർമാണം
സംസ്ഥാന ദുരിതാശ്വാസ ഫണ്ടിൽ നിന്ന് 17 കോടി രൂപ ചെലവിട്ടാണ് പുനർനിർമാണം നടത്തിയത്. 2019ലെ വെള്ളപ്പൊക്കത്തിൽ പ്രധാന കനാലിലെ അണ്ടർ ടണൽ 110 മീറ്ററോളം നീളത്തിൽ കനാൽ ഭിത്തി ഉൾപ്പെടെ തകർന്നിരുന്നു. മട്ടന്നൂർ, കാര, വളയാൽ എന്നിവിടങ്ങളിൽ കനാൽ ഭിത്തിയും റോഡും 5 കോടി രൂപ ചെലവിട്ടാണ് പുനർനിർമിച്ചത്.
മാഹി ഉപ കനാലിൽ നിന്നു കീഴല്ലൂർ, വേങ്ങാട്, മാങ്ങാട്ടിടം, കോട്ടയം, പിണറായി, മൊകേരി, കതിരൂർ, എരഞ്ഞോളി, തൃപ്പങ്ങോട്ടൂർ, ചൊക്ലി, കുന്നോത്തുപറമ്പ്, ന്യൂമാഹി പഞ്ചായത്തുകളിലും കൂത്തുപറമ്പ്, തലശ്ശേരി, പാനൂർ നഗരസഭകളിലുമായി 2476 ഹെക്ടർ വയലും ഇരിട്ടി, മട്ടന്നൂർ, ആന്തൂർ നഗരസഭകളിലും അഞ്ചരക്കണ്ടി, മുണ്ടേരി, കൂടാളി, കുറ്റ്യാട്ടൂർ, മയ്യിൽ, കൊളച്ചേരി, മുണ്ടേരി പഞ്ചായത്തുകളിലുമായി 569 ഹെക്ടർ കൃഷിക്കും ജലസേചനം നടത്താമെന്നാണ് കണക്കു കൂട്ടൽ.
2025 ഡിസംബറോടെ കാട്ടാമ്പള്ളി, തളിപ്പറമ്പ്, മൊറാഴ ശാഖാ കനാലുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ വെള്ളം ഒഴുക്കാൻ കഴിയും. ഇതു വിജയിച്ചാൽ പഴശ്ശി ജലസേചന പദ്ധതിയെ പൂർണതോതിൽ പ്രവർത്തന സജ്ജമാക്കാൻ സാധിക്കുമെന്ന് ജലവിഭവ വകുപ്പ് പ്രതീക്ഷിക്കുന്നു. ജില്ലയിലെ പ്രധാന ശുദ്ധജല പദ്ധതികൾക്കെല്ലാം വെള്ളം പമ്പ് ചെയ്യുന്നത് പഴശ്ശി അണക്കെട്ടിൽ നിന്നാണ്.