386 കിലോ മീറ്റർ റോഡിന്റെ നവീകരണത്തിന് 357 കോടി രൂപയുടെ ഭരണാനുമതി

Share our post

തിരുവനന്തപുരം: ശബരിമല പാക്കേജിൽ ഉൾപ്പെടുത്തി വിവിധ ജില്ലകളിലായി 79 റോഡുകളുടെ നവീകരണത്തിനും പുനരുദ്ധാരണത്തിനുമായി 356.97 കോടി രൂപയുടെ പ്രവൃത്തികൾക്ക് പൊതുമരാമത്ത് വകുപ്പ് ഭരണാനുമതി നൽകി. പദ്ധതി വിഹിതം ഉപയോഗിച്ച് 67 റോഡുകൾക്കായി 326.97 കോടി രൂപയുടേയും പദ്ധതിയേതര വിഭാഗത്തിൽ 12 റോഡുകൾക്കായി 30 കോടി രൂപയുടേയും പ്രവൃത്തിയാണ് നടത്തുക. ആകെ 386 കിലോ മീറ്ററോളം റോഡിന്റെകൂടി നവീകരണത്തിനാണ് ഇതോടെ വഴിതെളിഞ്ഞിരിക്കുന്നത്.

രണ്ടു വിഭാഗങ്ങളിലുമായി തിരുവനന്തപുരം ജില്ലയിൽ 15 റോഡുകൾക്കാണ് തുക അനുവദിച്ചിട്ടുള്ളത്. 76 കോടി രൂപ മുടക്കി 70 കിലോ മീറ്ററോളം റോഡ് ജില്ലയിൽ നവീകരിക്കും. കൊല്ലം ജില്ലയിൽ ആകെ 75 കിലോ മീറ്ററോളം ദൈർഘ്യത്തിൽ 13 റോഡുകൾക്കായി 58.7 കോടി രൂപയും ആലപ്പുഴ ജില്ലയിൽ ആകെ 35 കിലോ മീറ്റർ ദൈർഘ്യത്തിൽ എട്ട് റോഡുകൾക്കായി 35.85 കോടി രൂപയും അനുവദിച്ചു. കോട്ടയം ജില്ലയിൽ എട്ടു റോഡുകളിലായി 24 കിലോ മീറ്ററാണ് നവീകരിക്കുക. ഇതിനായി 30.35 കോടി രൂപയ്ക്കാണ് ഭരണാനുമതി നൽകിയിട്ടുള്ളത്. എറണാകുളം ജില്ലയിൽ ഒൻപത് റോഡുകൾക്കായി 33.8 കോടി രൂപ അനുവദിച്ചു. 44 കിലോ മീറ്ററിന്റെ നവീകരണത്തിനാണ് ഈ തുക.

പദ്ധതി വിഭാഗത്തിൽ ഇടുക്കി ജില്ലയിൽ നാലു റോഡുകളാണ് നവീകരിക്കുന്നത്. ആകെ 40.77 കിലോ മീറ്ററിന് 35.5 കോടി രൂപയുടെ ഭരണാനുമതി നൽകി. തൃശൂർ ജില്ലയിൽ ആകെ 31 കിലോ മീറ്റർ വരുന്ന എട്ടു റോഡുകൾ നവീകരിക്കാൻ 30.12 കോടിയും പാലക്കാട് ജില്ലയിൽ ഏഴു റോഡുകളിലായി 30.5 കിലോ മീറ്ററിന് 26.15 കോടി രൂപയും അനുവദിച്ചു.മിക്കവാറും റോഡുകളുടെ പുനരുദ്ധാരണം ബി.എം.ബി.സി. നിലവാരത്തിലും ബി.സി. ഓവർലേയിലുമാണ് പൂർത്തിയാക്കുക. കേരളത്തിലെ റോഡുകളുടെ നിലവാരം വർധിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ റോഡുകളുടെ നവീകരണത്തിന് പണം അനുവദിച്ചതെന്ന് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. എത്രയും വേഗത്തിൽ ടെൻഡർ നടപടികൾ പൂർത്തിയാക്കി ഇവയുടെ നവീകരണപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!