ആപ്പിൽ വ്യാജ രേഖ കാണിച്ച് ജ്വല്ലറിയില്‍ തട്ടിപ്പ് നടത്തിയ ആൾ പിടിയില്‍

കയ്പമംഗലം: പെരിഞ്ഞനം മൂന്നുപീടികയിലെ സ്വര്‍ണ്ണഗോപുരം ജ്വല്ലറിയില്‍ നിന്നും സ്വര്‍ണ്ണം വാങ്ങി പണം നല്‍കാതെ തട്ടിപ്പ് നടത്തിയ സംഭവത്തിനു പിന്നില്‍ രണ്ട് പേരുണ്ടെന്ന് പോലീസ് കണ്ടെത്തി. ഇതില്‍ ഒരാളെ കയ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂർ പേരാവൂര്‍ സ്വദേശി കൊളവന്‍ചാലില്‍ അച്ചാപ്പി എന്ന് വിളിപ്പേരുള്ള അഷ്‌റഫ് (34) ആണ് പിടിയിലായത്. ജ്വല്ലറിയില്‍ കയറി തട്ടിപ്പ് നടത്തിയ യുവാവിനെ ഇനിയും പിടികൂടാനായിട്ടില്ല. തട്ടിപ്പിനായി യുവാവ് എത്തിയ കാറില്‍ ഉണ്ടായിരുന്ന ആളാണ് പിടിയിലായ അഷറഫ്. തട്ടിപ്പ് നടന്ന ജ്വല്ലറിയുടെ സമീപത്തെ സി.സി.ടി.വി. ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് കാറിലെത്തിയ രണ്ട് പേരാണ് തട്ടിപ്പ് നടത്തിയതെന്ന് വ്യക്തമായത്. തട്ടിപ്പിനു മുമ്പ് അഷ്‌റഫ് കാര്‍ വിദഗ്ധമായി ഒരു സ്ഥലത്ത് ഒളിപ്പിച്ച ശേഷം കൂട്ടാളിയെ തട്ടിപ്പിനായി പറഞ്ഞയക്കുകയും, പിന്നീട് തട്ടിപ്പ് നടത്തിയ ശേഷം തിരിച്ച് വന്ന കൂട്ടാളിയുമായി കാറില്‍ രക്ഷപ്പെടുകയുമാണുണ്ടായതെന്നും പോലീസ് കണ്ടെത്തി. ജ്വല്ലറിയില്‍ കയറിയ അഷ്‌റഫിന്റെ കൂട്ടാളിയായ പ്രതിയെക്കുറിച്ച് പോലിസ് അന്വേഷിച്ചുവരികയാണ്. കാറിന്റെ ഉടമയെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് അഷറഫ് എന്ന പ്രതിയെ പോലീസ് കണ്ടെത്തിയത്. ഇയാള്‍ കാര്‍ വാടകയ്ക്ക് എടുത്താണ് മൂന്നുപീടികയില്‍ തട്ടിപ്പിന് എത്തിയത്.
പ്രത്യേക മൊബൈല്‍ ആപ്പ് ഉപയോഗിച്ചാണ് വാങ്ങിയ സ്വര്‍ണ്ണത്തിന്റെ പേയ്‌മെന്റ് നടത്തിയതായി കാണിച്ചു ഉടമയെ കബളിപ്പിച്ച് യുവാവ് സ്വര്‍ണവുമായി കടന്നുകളഞ്ഞത്. എട്ട് പവന്റെ സ്വര്‍ണാഭരണം ആണ് ഇങ്ങനെ നഷ്ടപ്പെട്ടത്. തട്ടിപ്പിനായി ഒരു പ്രത്യേക തരം മൊബൈല്‍ ആപ്പാണ് ഇവര്‍ ഉപയോഗിച്ചതെന്ന് പോലീസ് പറഞ്ഞു. പേയ്‌മെന്റ് ചെയ്തതായി സ്ക്രീനില്‍ വ്യാജമായി കാണിക്കുമെന്നതാണ് ഈ ആപ്പിന്റെ പ്രത്യേകത. ഈ ആപ്പില്‍ കാണുന്ന പെയ്‌മെന്റ് റെസീപ്റ്റ് കാണുന്ന ജ്വല്ലറി ഉടമകള്‍ തങ്ങളുടെ അക്കൗണ്ടിലേക്ക് പേയ്‌മെന്റ് വന്നിട്ടുണ്ടെന്ന് വിശ്വസിച്ചാണ് ആഭരണങ്ങള്‍ നല്‍കുന്നതും വഞ്ചിക്കപ്പെടുന്നതും. സമാനരീതിയില്‍ മട്ടാഞ്ചേരിയിലും താമരശ്ശേരിയിലും ഇവര്‍ തട്ടിപ്പ് നടത്തിയിരുന്നതായി പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പേരാവൂര്‍ പോലിസ് സ്റ്റേഷനിന്‍ 2018-ല്‍ മുക്കുപണ്ടം പണയം വച്ചതിന് എട്ട് കേസുകളും, തമിഴ്‌നാട് ജോലാപ്പേട്ട് പോലിസ് സ്റ്റേഷനിന്‍ ഒരു കളവ് കേസുമടക്കം 13 ഓളം കേസിലെ പ്രതിയാണ് അഷറഫ്. ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ കൊടുങ്ങല്ലൂര്‍ ഡി.വൈ.എസ്.പി. വി.കെ. രാജു, കയ്പമംഗലം ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. ബിജു, എസ.ഐ. സൂരജ്, മുഹമ്മദ് സിയാദ്, പോലീസുകാരായ സുനില്‍കുമാര്‍, ജ്യോതിഷ്, ഡെന്‍സ് മോന്‍, സൈബര്‍ വൊളണ്ടിയര്‍ മൃദുലാല്‍ എന്നിവരുള്‍പ്പെട്ട അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.