വമ്പൻ വാഗ്ദാനം നൽകി ഭാര്യയും ഭർത്താവും കൂടി തട്ടിയെടുത്തത് 44 ലക്ഷം, ഭർത്താവ് പിടിയിൽ

Share our post

കൽപ്പറ്റ: യു കെയിലേക്ക് കെയർ ടേക്കർ വിസ ശരിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിനിയിൽ നിന്നും 44 ലക്ഷം രൂപ തട്ടിയ കേസിൽ വയനാട് സ്വദേശിയെ അറസ്റ്റ് ചെയ്‌തു. മുട്ടിൽ എടപ്പട്ടി കിഴക്കേപുരക്കൽ ജോൺസൺ സേവ്യർ (51) ആണ് അറസ്റ്റിലായത്. വെള്ളിയാഴ്ച ഉച്ചയോടെ കോഴിക്കോട് വെച്ചാണ് കൽപ്പറ്റ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സേവ്യറിന്റെ ഭാര്യയും കേസിലെ ഒന്നാം പ്രതിയുമായ അന്ന ഗ്രേസ് ഓസ്റ്റിനെ പിടികൂടാനായുള്ള അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

2023 ഓഗസ്റ്റ് മുതൽ 2024 മെയ് വരെയുള്ള കാലയളവിലാണ് 4471675 ലക്ഷം രൂപ സേവ്യറും ഭാര്യയും കൂടെ തിരുവനന്തപുരം, ആറ്റിങ്ങൽ സ്വദേശിനിയിൽ നിന്നും ബന്ധുക്കളിൽ നിന്നുമായി തട്ടിയെടുത്തത്. ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്‌, യൂട്യൂബ് എന്നിങ്ങനെയുള്ള സോഷ്യൽ മീഡിയ പേജുകൾ വഴിയുള്ള പരസ്യം കണ്ടാണ് ഇവരുമായി യുവതി ബന്ധപ്പെടുന്നത്. ഓട്ടിസം ബാധിച്ച കുട്ടിക്ക് യു കെയിൽ മികച്ച ചികിത്സാ സൗകര്യം ഒരുക്കി നൽകുമെന്നും കുടുംബത്തോടൊപ്പം അവിടെ താമസിക്കാമെന്നും വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്.

സംസ്ഥാനത്ത് വേറെയും ആളുകൾ ഇവരുടെ വലയിൽ അകപ്പെട്ടിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഡി വൈ എസ്‌ പി ഷൈജു പി എല്ലിന്‍റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ എസ് എച്ച് ഒ ബിജു ആന്‍റണി, എസ് ഐ രാംകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഗിരിജ, അരുൺ രാജ്, സിവിൽ പൊലീസ് ഓഫീസർമാരായ ദിലീപ്, ലിൻ രാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. കേസിലെ ഒന്നാം പ്രതിയായ അന്ന ഗ്രേസ് ഓസ്റ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!