യൂസ്ഡ് കാർ ഡീലർമാരുടെ രജിസ്ട്രേഷനിൽ മോട്ടോര്‍ വാഹന വകുപ്പിന് ഗുരുതര വീഴ്ച; സർക്കാരിന് കോടികളുടെ നഷ്ടം

Share our post

തിരുവനന്തപുരം: യൂസ്ഡ് കാര്‍ ഡീലർമാർ കൃത്യമായി രജിസ്ട്രേഷൻ ചെയ്യാത്ത് മൂലം സംസ്ഥാന സർക്കാരിനുണ്ടായത് കോടികളുടെ നഷ്ടമെന്ന് ഓഡിറ്റ് റിപ്പോർട്ട്. 1.407 കോടി രൂപയുടെ നഷ്ടമാണ് സർക്കാരിന് ഉണ്ടായതെന്നാണ് റിപ്പോർട്ടിലുള്ളത്. മോട്ടോർ വാഹന വകുപ്പിലെ എൻഫോഴ്സ്മെന്‍റ് വിഭാഗത്തിന്‍റെ പരാജയമാണ് ഇത്രയും നഷ്ടം ഉണ്ടാകാനുള്ള കാരണമെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.

കേന്ദ്ര നിയമം അനുസരിച്ച് യൂസ്ഡ് കാർ വിൽക്കുന്ന ഡീലർമാർ 2023 ഏപ്രിൽ ഒന്ന് മുതൽ ആർ ടി ഓഫീസിൽ നിന്ന് രജിസ്ട്രേഷൻ എടുക്കണം. അഞ്ചു വർഷത്തേക്ക് എടുക്കുന്ന ഈ രജിസ്ട്രേഷന് 25000 രൂപയാണ് ഫീസ്. ഇത്തരത്തിൽ ഏഴ് യൂസ്ഡ് കാർ ഡീലർമാർ മാത്രമാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എന്നാൽ, കേരളത്തിൽ 563 യൂസ്ഡ് കാർ ഡീലർമാർ ജിഎസ്ടി രജിസ്ട്രേഷൻ എടുത്തിട്ടുണ്ട്. ഇവർ കൃത്യമായി ജിഎസ്ടി അടയ്ക്കുകയും ചെയ്യുന്നുണ്ട്.

എന്നാൽ, ഓഡിറ്റർ ജനറലിന്‍റെ റിപ്പോർട്ട് പ്രകാരം യൂസ്ഡ് ഡീലർമാർ കൃത്യമായി രജിസ്ട്രേഷൻ നടത്താത്തത് കാരണം കേരള സർക്കാരിന് 1.407 കോടി രൂപയാണ് നഷ്ടം. ഒപ്പം രജിസ്ട്രേഷനില്ലാത്ത യൂസ്ഡ് കാർ ഡീലർമാർ പ്രവർത്തിക്കുന്നത് വകുപ്പിലെ എൻഫോഴ്സ്മെന്‍റ് വിഭാഗത്തിന്‍റെ പരാജയമാണെന്നും ഓഡിറ്റ് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, സംസ്ഥാനത്ത് നിയമം ലംഘിച്ചുകൊണ്ടുള്ള യൂസ്ഡ് കാർ ഷോറുമുകൾ പ്രവർത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും അത്തരക്കാർക്കെതിരെ നടപടി ആരംഭിച്ചതായും ഗതാഗത കമ്മീഷ്ണര്‍ അറിയിച്ചു. ഇത്തരത്തിൽ രജിസ്ട്രേഷനെടുക്കാത്ത സ്ഥാപനങ്ങളിൽ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിച്ചതായും ഗതാഗത കമ്മീഷ്ണർ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!