വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ രഹസ്യമായി പകർത്തി സമൂഹ മാധ്യമത്തിലൂടെ വിൽപന; 18-കാരനെതിരെ കേസ്

കോഴിക്കോട്: വിദ്യാർഥികളുടെയും അധ്യാപകരുടെയും ചിത്രങ്ങൾ രഹസ്യമായി പകർത്തി സമൂഹ മാധ്യമത്തിലൂടെ വിൽപന നടത്തിയെന്ന പരാതിയിൽ വിദ്യാർഥിക്കെതിരെ കേസ്. തിക്കോടി സ്വദേശിയായ ആദിത്യദേവിനെ (18) കസബ പൊലീസ് അറസ്റ്റ് ചെയ്തത് വിട്ടയച്ചു.ക്ലാസ് മുറികളിൽനിന്നും വിദ്യാർഥികളും അധ്യാപകരും അറിയാതെ പകർത്തിയ ശരീര ഭാഗങ്ങളുടെ ചിത്രങ്ങളാണ് ടെലഗ്രാമിലൂടെ വിൽക്കാൻ ശ്രമിച്ചത്. വിദ്യാർഥികൾ തന്നെയാണ് ഇക്കാര്യം മാനേജ്മെന്റിനെ അറിയിച്ചത്.
സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ പൊലീസിൽ അറിയിച്ചുവെന്ന് സ്ഥാപന അധികൃതർ അറിയിച്ചു. ക്യാംപസിനുള്ളിൽ അനുവാദമില്ലാതെ മറ്റ് വിദ്യാർഥികളുടെ ചിത്രങ്ങൾ എടുത്ത സംഭവം ശ്രദ്ധയിൽപ്പെട്ടിരുന്നു.അറിഞ്ഞ ഉടൻതന്നെ മാനേജ്മെന്റ് കോഴിക്കോട് സൈബർ പൊലീസ് സ്റ്റേഷനിലും കസബ സ്റ്റേഷനിലും പരാതി നൽകുകയും എഫ്ഐആർ റജിസ്റ്റർ ചെയ്യുകയും ചെയ്തു. അന്വേഷണം പൂർത്തിയാകുന്നതുവരെ വിദ്യാർഥിയെ സ്ഥാപനത്തിൽനിന്ന് സസ്‌പെൻഡ് ചെയ്തുവെന്നും മാനേജ്മെന്റ് അറിയിച്ചു.