ലൈസന്‍സ് പുതുക്കല്‍; ഡോക്ടര്‍മാരുടെ സാക്ഷ്യപത്രം നിര്‍ബന്ധമെന്ന് എം.വി.ഡി, ആകെ വലഞ്ഞ് പ്രവാസികള്‍

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിന് സ്വദേശി ഡോക്ടര്‍മാരുടെ സാക്ഷ്യപത്രം വേണമെന്ന മോട്ടോര്‍വാഹനവകുപ്പിന്റെ നിബന്ധന പ്രവാസികളെ വലയ്ക്കുന്നു.സംസ്ഥാന മെഡിക്കല്‍ കൗണ്‍സില്‍ അംഗീകരിച്ച ഡോക്ടര്‍മാരുടെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് മാത്രമേ മോട്ടോര്‍വാഹനവകുപ്പ് അംഗീകരിക്കൂ. വിദേശങ്ങളില്‍ ഒട്ടേറെ ഇന്ത്യന്‍ ഡോക്ടര്‍മാരുണ്ടെങ്കിലും അവരുടെ സേവനം പ്രയോജനപ്പെടുത്താന്‍ പ്രവാസികള്‍ക്ക് കഴിയുന്നില്ല.ഡ്രൈവിങ് ലൈസന്‍സ് പുതുക്കുന്നതിന് അംഗീകൃത ഡോക്ടര്‍മാരില്‍നിന്ന് നേത്ര, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധമാണ്.
ഓണ്‍ലൈന്‍ സംവിധാനം വന്നതോടെ പ്രവാസികള്‍ക്കും ലൈസന്‍സ് പുതുക്കാന്‍ മോട്ടോര്‍വാഹനവകുപ്പ് അനുമതി നല്‍കിയിരുന്നു. എന്നാല്‍, മോട്ടോര്‍വാഹനവകുപ്പിന്റെ ‘സ്വദേശി ഡോക്ടര്‍’ നിബന്ധനകാരണം ഇതിന്റെഫലം പ്രവാസികള്‍ക്ക് ലഭിക്കുന്നില്ല.യു.എ.ഇ.യിലും മറ്റ് അറബ് രാജ്യങ്ങളിലും ചികിത്സിക്കാന്‍ അനുമതിയുള്ള ഒട്ടേറെ ഡോക്ടര്‍മാരുണ്ട്. ഇവരില്‍ ഭൂരിഭാഗവും അവിടത്തെ രജിസ്ട്രേഷനാണ് ഉപയോഗിക്കുന്നത്. അത് മോട്ടോര്‍വാഹനവകുപ്പ് അംഗീകരിക്കാറില്ല.കൈക്കൂലിക്കുള്ള അവസരമായും ചില ഉദ്യോഗസ്ഥര്‍ മാറ്റുന്നുണ്ട്. ഡോക്ടറുടെ രജിസ്ട്രേഷന് സാധുതയില്ലെന്നുപറഞ്ഞ് അപേക്ഷ നിരസിക്കും. ഇടനിലക്കാര്‍വഴി സമീപിച്ചാല്‍ സ്വീകരിക്കുകയും ചെയ്യും.