ജിയോ ഹോട്ട്‌സ്റ്റാറിലെ സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതികള്‍; കുറഞ്ഞ വരിസംഖ്യ മൂന്നു മാസത്തേക്ക് 149 രൂപ

Share our post

ജിയോ സിനിമ, ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകളെ ലയിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായി മാറിയ ജിയോ ഹോട്ട്സ്റ്റാറിലെ സബ്‌സ്‌ക്രിപ്ഷന്‍ പദ്ധതികള്‍ പ്രഖ്യാപിച്ചു. ഒരു മൊബൈലില്‍മാത്രം ലഭിക്കുന്ന 149 രൂപയുടെ മൂന്നുമാസത്തെ പ്ലാനാണ് ഏറ്റവുംകുറഞ്ഞ നിരക്കിലുള്ളത്. പരസ്യങ്ങളുള്‍പ്പെടുന്ന ഈ പദ്ധതിയില്‍ ഒരു വര്‍ഷത്തേക്ക് 499 രൂപനല്‍കണം.പരസ്യങ്ങളോടുകൂടി രണ്ട് ഉപകരണങ്ങളില്‍ ലഭ്യമാകുന്ന പ്ലാനിന് മൂന്നുമാസത്തേക്ക് 299 രൂപയും ഒരു വര്‍ഷത്തേക്ക് 899 രൂപയുമാണ് വരിസംഖ്യ. പരസ്യങ്ങളില്ലാതെയുള്ള പ്രീമിയം പ്ലാനിന് നിരക്ക് കൂടും. നാല് ഉപകരണങ്ങളില്‍ ഉപയോഗിക്കാവുന്ന ഈ പ്ലാനില്‍ മാസം 299 രൂപ, മൂന്നുമാസം 499 രൂപ, ഒരു വര്‍ഷം 1499 രൂപ എന്നിങ്ങനെയാണ് നിരക്ക്. ഒരുമാസത്തേക്കുള്ള പ്ലാനുകള്‍ വെബ്‌സൈറ്റില്‍ മാത്രമാകും വാങ്ങാനാകുക. തുടക്കമെന്നനിലയില്‍ നിലവിലെ പ്ലാനുകള്‍ അപ്‌ഗ്രേഡ് ചെയ്യുമ്പോള്‍ 100 രൂപയുടെ ഇളവ് ഓഫറായി ലഭ്യമാക്കിയിട്ടുണ്ട്.

ജിയോ ഹോട്ട്സ്റ്റാറിലേക്കുള്ള മാറ്റത്തില്‍ കായികമത്സരങ്ങളുടെ തത്സമയ സംപ്രേഷണങ്ങള്‍ വരിക്കാര്‍ക്കായി പരിമിതപ്പെടുത്തുകയാണ്. അതുകൊണ്ടുതന്നെ അടുത്ത് തുടങ്ങാനിരിക്കുന്ന ഐ.പി.എല്‍. മത്സരങ്ങള്‍ കാണുന്നതിന് ജിയോ ഹോട്ട്സ്റ്റാറിന്റെ സബ്‌സ്‌ക്രിപ്ഷന്‍ എടുക്കേണ്ടിവരും. ഇതുവരെ ജിയോ സിനിമയില്‍ ഐ.പി.എല്‍. മത്സരങ്ങള്‍ സൗജന്യമായാണ് കാണിച്ചിരുന്നത്. ലയനത്തോടെ ജിയോസിനിമ ആപ്പ് ഇല്ലാതാകും. ജിയോസിനിമയിലെ വിവിധ ഭാഷകളിലുള്ള സിനിമകളുള്‍പ്പെടെ ജിയോ ഹോട്ട്സ്റ്റാറിലൂടെയാകും ഇനി ലഭിക്കുക.ലയനത്തോടെ 50 കോടിയിലധികം ഉപഭോക്താക്കളുമായി രാജ്യത്തെ ഏറ്റവുംവലിയ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായി ജിയോ ഹോട്ട്സ്റ്റാര്‍ മാറി. ജിയോ സിനിമ, ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആപ്പുകള്‍ ഉപയോഗിച്ചിരുന്നവര്‍ നേരിട്ട് ജിയോ ഹോട്ട്സ്റ്റാറിലേക്കായിരിക്കും ഇനിമുതല്‍ പ്രവേശിക്കുക. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ജിയോ ഹോട്ട്സ്റ്റാറായി അപ്‌ഡേറ്റ് ചെയ്യും. നിലവിലുള്ള സബ്‌സ്‌ക്രിപ്ഷന്‍ തീരുന്നതുവരെ പുതിയ പ്ലാറ്റ്‌ഫോമില്‍ സേവനങ്ങള്‍ തുടര്‍ന്നും തടസ്സമില്ലാതെ ലഭിക്കും.

ജിയോസിനിമ പ്രീമിയം വരിക്കാര്‍ ജിയോ ഹോട്ട്സ്റ്റാര്‍ പ്രീമിയത്തിലേക്കാണ് മാറുക. ജിയോസിനിമയുടെ സബ്‌സ്‌ക്രിപ്ഷന് വിവിധ പേമെന്റ് സംവിധാനങ്ങളില്‍ നിലവിലുള്ള ഓട്ടോപേ സംവിധാനം റദ്ദാക്കിയിട്ടുണ്ട്. ഇതുസംബന്ധിച്ച് കമ്പനി ഉപഭോക്താക്കള്‍ക്ക് അറിയിപ്പും നല്‍കിക്കഴിഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!