എട്ട്, ഒമ്പത് ക്ലാസുകളിലെ അധ്യയനം പൂര്‍ത്തിയാക്കേണ്ടത് മാര്‍ച്ചില്‍, പരീക്ഷ ഫെബ്രുവരിയില്‍

കോഴിക്കോട്: അക്കാദമിക കലണ്ടര്‍പ്രകാരം എട്ട്, ഒന്‍പത് ക്ലാസുകളിലെ അധ്യയനം പൂര്‍ത്തിയാക്കേണ്ടത് മാര്‍ച്ചില്‍. എന്നാല്‍, ഫെബ്രുവരി 24 മുതല്‍ വാര്‍ഷികപരീക്ഷ തുടങ്ങും! വാര്‍ഷിക ആസൂത്രണരേഖ നോക്കുകുത്തിയാക്കിയാണ് പരീക്ഷാ കലണ്ടര്‍ തയ്യാറാക്കിയിരിക്കുന്നത്.പ്രധാനമായും ഒന്‍പതാം ക്ലാസിലാണ് പ്രശ്‌നം. ഒന്‍പതാം തരത്തില്‍ ബയോളജിക്ക് ഒരു അക്കാദമികവര്‍ഷം ആകെ 80 പിരീഡാണുള്ളത്. അതില്‍ എട്ട് പിരീഡ് ഫെബ്രുവരിയിലും രണ്ടുപിരീഡ് മാര്‍ച്ചിലുമാണ് തീര്‍ക്കേണ്ടത്. പരീക്ഷ നടക്കുന്നതാകതട്ടെ ഫെബ്രുവരി 25നും.സാമൂഹ്യശാസ്ത്രം, ഫിസിക്‌സ്, രസതന്ത്രം എന്നിവയിലും മാര്‍ച്ചിലാണ് പാഠഭാഗം പൂര്‍ത്തിയാക്കേണ്ടത്. ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ പല വിഷയങ്ങള്‍ക്കും റിവിഷന്‍ നടത്തുന്ന സമയമാണ്. അതിനുപോലും സൗകര്യം നിഷേധിച്ചാണ് പരീക്ഷ വരുന്നത്.
വാര്‍ഷികപരീക്ഷ മാര്‍ച്ചിലാണെന്ന് വിദ്യാഭ്യാസ കലണ്ടര്‍ പറയുമ്പോള്‍ ഫെബ്രുവരി 24ന് തുടങ്ങി മാര്‍ച്ച് 27ന് അവസാനിക്കുംവിധമാണ് എട്ട്, ഒന്‍പത് ക്ലാസുകളിലെ പരീക്ഷ ക്രമീകരിച്ചിരിക്കുന്നത്. എസ്.എസ്.എല്‍.സി. പരീക്ഷയില്ലാത്ത ദിവസങ്ങളില്‍ എട്ട്, ഒന്‍പത് പരീക്ഷ നടത്താമല്ലോയെന്നാണ് അധ്യാപകര്‍ പറയുന്നത്.എസ്.എസ്.എല്‍.സി. മോഡല്‍ പരീക്ഷ തിങ്കളാഴ്ച തുടങ്ങുന്നതിനാല്‍ പല സ്‌കൂളുകളിലും എട്ടിനും ഒന്‍പതിനും കൃത്യമായി ക്ലാസുണ്ടാകില്ല. സ്‌പെഷ്യല്‍ ക്ലാസ് നടത്തിയാണ് പലരും പാഠം തീര്‍ക്കുന്നത്. എന്നാല്‍, അത്തരം പ്രയാസങ്ങളില്ലെന്നും ഡിസംബറോടെത്തന്നെ പാഠം പൂര്‍ത്തിയാക്കുന്നുണ്ടെന്നുമാണ് വിദ്യാഭ്യാസവകുപ്പ് അധികൃതരുടെ വിശദീകരണം.