സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം;ജില്ല തിരിച്ചുള്ള കണക്ക് ഇങ്ങനെ

Share our post

തിരുവനന്തപുരം: കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ സൈബര്‍ കുറ്റവാളികള്‍ കേരളത്തില്‍ നിന്ന് തട്ടിയെടുത്തത് ആയിരം കോടിയില്‍പ്പരം രൂപ. 2022 മുതല്‍ 2024 വരെയുള്ള മൂന്ന് വര്‍ഷ കാലയളവില്‍ സൈബര്‍ കുറ്റവാളികള്‍ മലയാളികളുടെ 1021 കോടി രൂപയാണ് തട്ടിയെടുത്തത്. ഏറ്റവും കൂടുതല്‍ തട്ടിപ്പ് നടന്നത് കഴിഞ്ഞവര്‍ഷമാണ്. 2024ല്‍ മലയാളികളുടെ 763 കോടി രൂപയാണ് സൈബര്‍ കുറ്റവാളികള്‍ തട്ടിയെടുത്തത് എന്ന് പൊലീസ് കണക്കുകള്‍ വ്യക്തമാക്കുന്നു.2022ല്‍ 48 കോടിയാണ് നഷ്ടമായത്. എന്നാല്‍ 2023ല്‍ സൈബര്‍ തട്ടിപ്പില്‍ വീണ മലയാളികളുടെ എണ്ണം കുത്തനെ ഉയര്‍ന്നു. 2023ല്‍ സംസ്ഥാനത്ത് വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി 210 കോടി രൂപയാണ് തട്ടിയെടുത്തത്. 2024 ല്‍ ആകെ 41,426 പരാതികളാണ് രജിസ്റ്റര്‍ ചെയ്തത്.

2024ല്‍ നഷ്ടപ്പെട്ട പണത്തിന്റെ കാര്യത്തില്‍ എറണാകുളം ജില്ലയാണ് മുന്നില്‍. എറണാകുളം ജില്ലയില്‍ സൈബര്‍ തട്ടിപ്പിലൂടെ 174 കോടി രൂപയാണ് നഷ്ടമായത്. 114 കോടി രൂപയുടെ നഷ്ടവുമായി തിരുവനന്തപുരമാണ് തൊട്ടുപിന്നില്‍. സൈബര്‍ തട്ടിപ്പിലൂടെ ഏറ്റവും കുറവ് പണം നഷ്ടമായത് വയനാട് ജില്ലയിലാണ്. ജില്ലയിലുള്ളവരുടെ 9.2 കോടി രൂപ മാത്രമാണ് സൈബര്‍ തട്ടിപ്പിലൂടെ നഷ്ടമായത്.2022 മുതല്‍ നഷ്ടപ്പെട്ട ആകെ തുകയില്‍ ഏകദേശം 149 കോടി രൂപ തിരിച്ചുപിടിച്ചതായും പൊലീസ് കണക്ക് വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ സൈബര്‍ തട്ടിപ്പുകള്‍ നടന്ന 2024ല്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ തുക പിടിച്ചെടുത്തത്. ഈ കാലയളവില്‍, പൊലീസ് 76,000 വ്യാജ ഇടപാടുകള്‍ മരവിപ്പിക്കുകയും 107.44 കോടി രൂപ തിരിച്ചുപിടിക്കുകയും ചെയ്തു. 2022ലും 2023ലും യഥാക്രമം 4.38 കോടി രൂപയും 37.16 കോടി രൂപയുമാണ് തിരിച്ചുപിടിച്ചത്.

തട്ടിപ്പിന് ഇരയായവരില്‍ അഞ്ചിലൊന്ന് പേര്‍ സ്വകാര്യ കമ്പനികളിലെ ജീവനക്കാരാണ് (19.5%), തുടര്‍ന്ന് പെന്‍ഷന്‍കാര്‍ (10.9%), വീട്ടമ്മമാര്‍ (10.37%), ബിസിനസുകാര്‍ (10.25%) എന്നിങ്ങനെയാണ് കണക്ക്. 2024 ല്‍ സൈബര്‍ അന്വേഷണ വിഭാഗം തയ്യാറാക്കിയ തട്ടിപ്പിന് ഇരയായവരുടെ കണക്കിലാണ് ഇക്കാര്യം പറയുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ ഇരകളായത് തൊഴില്‍ തട്ടിപ്പിലാണ്. 35.34 ശതമാനം പേരാണ് തൊഴില്‍ തട്ടിപ്പില്‍ വീണത്. ഓണ്‍ലൈന്‍ ട്രേഡിങ് തട്ടിപ്പ് (34.96%) ആണ് തൊട്ടുപിന്നില്‍.കഴിഞ്ഞ വര്‍ഷം തട്ടിപ്പിനായി ഉപയോഗിച്ചിരുന്ന ഏകദേശം 50,000 സ്മാര്‍ട്ട്ഫോണുകള്‍/ഉപകരണങ്ങള്‍ സൈബര്‍ പൊലീസ് കരിമ്പട്ടികയില്‍ പെടുത്തി.സൈബര്‍ സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ പങ്കാളികളായ 19,000 സിം കാര്‍ഡുകള്‍, 31,000 വെബ്സൈറ്റുകള്‍, 23,000 സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ എന്നിവയും ബ്ലോക്ക് ചെയ്തു.

2024ലെ തട്ടിപ്പിന്റെ ജില്ല തിരിച്ചുള്ള കണക്ക്

എറണാകുളം – 174 കോടി രൂപ

തിരുവനന്തപുരം – 114.9 കോടി രൂപ

തൃശൂര്‍ – 85.74 കോടി രൂപ

കോഴിക്കോട് – 60 കോടി രൂപ

മലപ്പുറം – 52.5 കോടി രൂപ

കണ്ണൂര്‍ – 47.74 കോടി രൂപ

പാലക്കാട് – 46 കോടി രൂപ

കൊല്ലം – 40.78 കോടി രൂപ

ആലപ്പുഴ – 39 കോടി രൂപ

കോട്ടയം – 35.67 കോടി രൂപ

പത്തനംതിട്ട – 24 കോടി രൂപ

കാസര്‍കോട് – 17.63 കോടി രൂപ

ഇടുക്കി – 15.23 കോടി രൂപ

വയനാട് – 9 കോടി രൂപ


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!