പെരുവക്കാരുടെ കാത്തിരിപ്പിന് വിരാമം; കടലുകണ്ടം പാലം ശനിയാഴ്ച ഗതാഗതത്തിന് തുറന്നുനൽകും

കോളയാട് : പെരുവ വാർഡിലെ കടലുകണ്ടം, ചന്ദ്രോത്ത്, ആക്കംമൂല ഉന്നതികളിലെ നൂറിലധികം പട്ടികവർഗ കുടുംബങ്ങൾക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക ആശ്രയമായ കടലുകണ്ടം പാലം ശനിയാഴ്ച ഗതാഗതത്തിന് തുറന്നു നൽകും. പ്രദേശവാസികളുടെ വർഷങ്ങളായുള്ള ആവശ്യത്തിനൊടുവിൽ 2005-ൽ പാലം നിർമിച്ചെങ്കിലും പുഴയിലെ ശക്തമായ ഒഴുക്കിൽപ്പെട്ട് ഉദ്ഘാടനത്തിന് മുൻപ് തന്നെ പാലം തകർന്നിരുന്നു. നിർമാണത്തിലെ അപാകമാണ് പാലത്തിന്റെ തകർച്ചക്ക് കാരണമെന്ന് അന്ന് ആരോപണമുയരുകയുമുണ്ടായി.
പ്രദേശത്തുകാർക്ക് പുറം ലോകവുമായി ബന്ധപ്പെടാൻ മറ്റു മാർഗങ്ങളില്ലാത്തതിനാൽ തകർന്ന പാലത്തിലൂടെ വാഹനങ്ങളും യാത്രക്കാരുടെ നിരന്തര യാത്രയും അപകട സാഹചര്യമുണ്ടാക്കിയിരുന്നു. പാലത്തിലൂടെ വാഹനം കടത്തിവിടാത്ത സാഹചര്യത്തിൽ, രോാഗിയായ യുവതിയെ ട്രോളിയിൽ പുഴക്ക് ഇക്കരെ എത്തിച്ച് ആസ്പത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ നഷ്ടമായത് വലിയ വാർത്തയായിരുന്നു.
പ്രദേശവാസികളായ ജനപ്രതിനിധികളുടെ നിരന്തര പരിശ്രമങ്ങൾക്കൊടുവിലാണ് പുതിയ പാലം നിർമ്മിക്കാൻ അധികൃതർ തയ്യാറായത്. നീണ്ട 20 വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഇവിടെ പുതിയ പാലം യാഥാർഥ്യമാവുന്നത്. കോർപ്പസ് ഫണ്ടിലുൾപ്പെടുത്തിയ പാലത്തിന്റെ അടങ്കൽ തുക 2,29,60,000 രൂപയാണ്. പട്ടികജാതി-പട്ടിക വർഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രിഒ. ആർ .കേളു ശനിയാഴ്ച പാലം ഗതാഗതത്തിന് തുറന്നു നൽകും.
പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലും ഉദ്ഘാടനത്തിന്
പെരുവ വാർഡിലെ ചെമ്പുക്കാവിൽ പട്ടികവർഗ വികസന വകുപ്പിന്റെസ്ഥലത്ത് 60 പെൺകുട്ടികൾക്ക് താമസിച്ച് പഠിക്കുന്നതിനുള്ള പ്രീമെട്രിക്ക് ഹോസ്റ്റലിന്റെ നിർമാണവും പൂർത്തിയായി. നിലവിൽ കോളയാട് പഞ്ചായത്തിൽ പ്രവർത്തിക്കുന്ന പെൺകുട്ടികൾക്കയുള്ള പ്രീമെട്രിക് ഹോസ്റ്റലിൽ അനുവദനിയമായതിനേക്കാൾ കൂടുതൽ കുട്ടികൾക്ക് പ്രവേശനം നൽകിവന്ന സാഹചര്യത്തിലാണ് ചെമ്പുക്കാവിൽ പുതിയ ഒരു ഹോസ്റ്റൽ കൂടി നിർമിച്ചത്. 4,02,39,141 രൂപ ചിലവിട്ടാണ് കെട്ടിട നിർമാണം പൂർത്തിയാക്കിയത്. പട്ടികജാതി-പട്ടികവർഗ വികസന വകുപ്പ് മന്ത്രി ഒ. ആർ .കേളു ശനിയാഴ്ച ഹോസ്റ്റലിന്റെ ഉദ്ഘാടനം നിർവഹിക്കും.
പെരുവ സ്‌കൂൾ മോഡൽ റസിഡൻഷ്യൽ സ്‌കൂളാവാൻ സാധ്യതയേറി
പെരുവ പാലയത്തുവയൽ യു.പി.സ്‌കൂൾ പേരാവൂർ ബ്ലോക്കിലെ മോഡൽ റസിഡൻഷൽ സ്‌കൂളാവാൻ സാധ്യതയേറി. ചെമ്പുക്കാവിൽ പ്രീമെട്രിക്ക് ഗേൾസ് ഹോസ്റ്റൽ പ്രവർത്തനം തുടങ്ങുന്നതാണ് പെരുവ സ്‌കൂളിന് എം.ആർ.സിയാവാൻ സാധ്യതയൊരുക്കുന്നത്. കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലെ പട്ടികജാതി-പട്ടികവർഗ വിഭാഗത്തിലെ യു.പി.സ്‌കൂൾ വരെയുള്ള പെൺകുട്ടികൾക്കാണ് ചെമ്പുക്കാവിലെ ഹോസ്റ്റൽ അനുവദിക്കുക. കൂടുതൽ കുട്ടികളെത്തുന്നതോടെ പെരുവ സ്‌കൂൾ ഹയർ സെക്കൻഡറിയാക്കാനും സാധ്യതയേറിയിട്ടുണ്ട്.