അശാസ്ത്രീയ മാലിന്യ സംസ്കരണം; ക്വാർട്ടേഴ്സിന് 5000 രൂപ പിഴ

കണ്ണൂർ: അലക്ഷ്യമായി മാലിന്യം കൈകാര്യം ചെയ്തതിന് ക്വാർട്ടേഴ്സിന് തദ്ദേശ വകുപ്പിന്റെ ജില്ല എൻഫോഴ്സ്മെൻറ് സ്ക്വാഡ് 5,000 രൂപ പിഴ ചുമത്തി. കൊളച്ചേരി പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിലാണ് മാലിന്യം പൊതുജനാരോഗ്യത്തിന് ഭീഷണിയായ രീതിയിൽ കൈകാര്യം ചെയ്തതിന് കൊളച്ചേരി മുക്കിലെ ഖാദർ ക്വാർട്ടേഴ്സിന് പിഴ ചുമത്തിയത്.ക്വാർട്ടേഴ്സിന്റെ പരിസരത്തും സമീപ സ്ഥലങ്ങളിലും ജൈവ അജൈവമാലിന്യം അലക്ഷ്യമായി വലിച്ചെറിഞ്ഞ രീതിയിലാണ് സ്ക്വാഡ് കണ്ടെത്തിയത്. ക്വാർട്ടേഴ്സിലെ മുഴുവൻ താമസക്കാരും ഹരിത കർമ സേനക്ക് അജൈവമാലിന്യം കൈമാറിയിരുന്നില്ലെന്നും സ്ക്വാഡ് കണ്ടെത്തി. കെട്ടിടയുടമയായ അബ്ദുൽ ഖാദറിന് 5,000 രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ കൊളച്ചേരി പഞ്ചായത്തിന് നിർദേശം നൽകി. പരിശോധനയിൽ ജില്ല എൻഫോഴ്സ്മെന്റ് സ്ക്വാഡ് ലീഡർ എം. ലെജി, ശരികുൽ അൻസാർ, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നിവേദിത എന്നിവർ പങ്കെടുത്തു.