ആറളം ഫാം പുനരധിവാസ മേഖലയിലെ ഭൂമി ഭൂരഹിതർക്ക് നൽകുന്നതിന് നറുക്കെടുപ്പ് നടത്തി

കണ്ണൂർ : ആറളം ഫാം പുനരധിവാസ മേഖലയിൽ ഭൂരഹിതർക്ക് ഭൂമി വിതരണം ചെയ്യുന്നതിനുള്ള നറുക്കെടുപ്പ് കണ്ണൂർ ജില്ലാ ആസൂത്ര സമിതി ഹാളിൽ നടത്തി.ആലക്കോട്, ഉദയഗിരി, നടുവിൽ, ചെറുപുഴ, കോളയാട്, പേരാവൂർ, മാങ്ങാട്ടിടം, കണ്ണൂർ മുനിസിപ്പാലിറ്റി, ശ്രീകണ്ഠാപുരം മുൻസിപ്പാലിറ്റി, ഉളിക്കൽ, ആറളം, കണിച്ചാർ, പാട്യം, മട്ടന്നൂർ നഗരസഭ എന്നിവിടങ്ങളിലെ പൂജ്യം മുതൽ അഞ്ച് സെന്റ് വരെ ഭൂമിയുള്ള 137 കുടുംബങ്ങളാണ് നറുക്കെടുപ്പിൽ പങ്കെടുത്തത്.ഓരോ കുടുംബത്തിനും ഒരേക്കർ ഭൂമിയാണ് നൽകുക.
ആറളം പുനരധിവാസ മിഷന്റെ ഭാഗമായി റദ്ദാക്കിയ ഭൂമി പുനർവിതരണം ചെയ്യുകയായിരുന്നു. അഞ്ചു ഘട്ടങ്ങളിലായി 3375 കുടുംബങ്ങൾക്ക് ഭൂമി അനുവദിച്ചിരുന്നു. അതിൽ 1746 കുടുംബങ്ങൾ അനുവദിച്ച സ്ഥലത്ത് താമസിക്കുന്നില്ലെന്ന് ഫീൽഡ് സർവെയിലൂടെ കണ്ടെത്തി. ഇതിൽ 1017 പേരുടെ പട്ടയം ജില്ലാ കലക്ടർ റദ്ദാക്കി. ഇതിൽ നിന്നും ഏറ്റവും വാസയോഗ്യമായ 220 പ്ലോട്ടുകൾ തെരഞ്ഞെടുത്താണ് നറുക്കെടുപ്പിലൂടെ വിതരണം ചെയ്തത്.മുൻപ് അനുവദിച്ച സ്ഥലങ്ങളിൽ നിന്നും 121 പേർ പ്ലോട്ട് മാറിത്താമസിക്കുന്നുണ്ട്. 250 ഓളം ഉപകുടുംബങ്ങളും പുറമേ നിന്നുള്ള 93 പേരും കയ്യേറി താമസിക്കുന്നുണ്ട്. ഇവർക്ക് ഭൂമി അനുവദിക്കുന്നതിനുള്ള സർവെ നടപടികൾ പുരോഗമിക്കുകയാണ്. നറുക്കെടുത്ത പ്ലോട്ടുകൾ പട്ടയം തയ്യാറാക്കി വിതരണം ചെയ്യുന്നതിനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്ന് ഐ ടി ഡി പി പ്രൊജക്ട് ഓഫീസർ വിനോദ് കുമാർ പറഞ്ഞു.
ഇതിന് ശേഷം വീട് നിർമിക്കുന്നതിനുള്ള സൗകര്യമൊരുക്കും. ആനയുടെ ആക്രമണം ഒഴിവാക്കാനായുള്ള മതിൽ നിർമാണവും ഉടൻ പൂർത്തിയാക്കും.ഡെപ്യൂട്ടി കളക്ടർ കെ.സി ഷാജി, അസിസ്റ്റൻ്റ് പ്രൊജക്ട് ഓഫീസർ കെ. ബിന്ദു, സബ് കളക്ടർ ഓഫീസ് സീനിയർ സൂപ്രണ്ട് കെ.നിസാർ, ടി.ആർ.ഡി.എം ആറളം സൈറ്റ് മാനേജർ സി. ഷൈജു തുടങ്ങിയവർ പങ്കെടുത്തു.