അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ നിലപാട് കടുപ്പിച്ച് ഇന്ത്യ; പുതിയ ബില്‍ തയ്യാര്‍

Share our post

ന്യൂഡല്‍ഹി: അനധികൃത കുടിയേറ്റക്കാര്‍ക്ക് എതിരേ നിലപാട് കടുപ്പിച്ച് ഇന്ത്യ. മതിയായ രേഖകളില്ലാതെ രാജ്യത്ത് തുടരുന്നവര്‍ക്ക് കര്‍ശന ശിക്ഷയും പിഴയും വ്യവസ്ഥ ചെയ്യുന്ന ഇമിഗ്രേഷന്‍ ആന്‍ഡ് ഫോറിനേഴ്‌സ് ബില്‍ 2025 ലോക്‌സഭയില്‍ ഈ സമ്മേളനകാലത്ത്‌ അവതരിപ്പിക്കും. ഫോറിനേഴ്‌സ് ആക്ട് 1946, പാസ്‌പോര്‍ട്ട് ആക്ട് 1920, രജിസ്‌ട്രേഷന്‍ ഓഫ് ഫോറിനേഴ്‌സ് ആക്ട് 1939, ഇമിഗ്രേഷന്‍ ആക്ട് 2000 എന്നിവയ്ക്ക് പകരമായാണ് പുതിയ ബില്‍ ഒരുങ്ങുന്നത്.പുതിയ ബില്‍ പ്രകാരം പാസ്‌പോര്‍ട്ടോ വിസയോ കൂടാതെ ഇന്ത്യയില്‍ പ്രവേശിക്കുന്ന വിദേശികള്‍ക്ക് അഞ്ചുവര്‍ഷം വരെ തടവും അഞ്ചു ലക്ഷം രൂപ വരെ പിഴയും പുതിയ ബില്‍ വ്യവസ്ഥ ചെയ്യുന്നു. വ്യാജ പാസ്‌പോര്‍ട്ടിന്‌ ശിക്ഷാപരിധി രണ്ടുവര്‍ഷത്തില്‍ നിന്ന് ഏഴ് വര്‍ഷമാക്കി ഉയര്‍ത്തിയേക്കും. ഒന്നു മുതല്‍ പത്തുലക്ഷം രൂപ വരെയായിരിക്കും ഇവര്‍ക്ക് ലഭിക്കുന്ന പിഴ. നിലവില്‍ ഇന്ത്യയില്‍ വ്യാജ പാസ്‌പോര്‍ട്ടുമായി പ്രവേശിച്ചാല്‍ 50,000 രൂപ പിഴയും എട്ടുവര്‍ഷം വരെ തടവുമാണ് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന ശിക്ഷ.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍വകലാശാലകളിലും പഠിക്കാനെത്തുന്ന വിദേശ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ രജിസ്‌ട്രേഷന്‍ ഓഫീസറുമായി പങ്കുവെയ്ക്കണമെന്നും പുതിയ ബില്‍ നിഷ്‌കര്‍ഷിക്കുന്നു. വിദേശികള്‍ക്ക് താമസമൊരുക്കുന്ന എല്ലാ സ്ഥാപനങ്ങള്‍ക്കും ഇത് ബാധകമാണ്. വിസ കാലാവധി കഴിഞ്ഞ് തുടരുകയാണെങ്കിലോ വിസ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിക്കുകയാണെങ്കിലോ മൂന്ന് വര്‍ഷം വരെ തടവും മൂന്ന് ലക്ഷം രൂപ വരെ പിഴയോ ലഭിക്കാം.മതിയായ രേഖകളില്ലാതെ വിദേശികളെ സഞ്ചാരത്തിന് സഹായിക്കുന്ന കരിയേഴ്‌സിന് അഞ്ചുലക്ഷം രൂപ വരെ പിഴ ലഭിക്കാം. പിഴ അടച്ചില്ലെങ്കില്‍ വിദേശി സഞ്ചരിച്ച വാഹനം പിടിച്ചെടുക്കാനുള്ള അധികാരവും പുതിയ ബില്‍ നല്‍കുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!