പട്ടാമ്പി നേര്‍ച്ചയ്ക്കിടെ ആന ഇടഞ്ഞു

പട്ടാമ്പി: പട്ടാമ്പി നേര്‍ച്ചയ്ക്കിടെ ആനയിടഞ്ഞു. നേര്‍ച്ചയുടെ ഘോഷയാത്രക്കിടെ ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. പേരൂര്‍ ശിവന്‍ എന്നയാനയാണ് ഇടഞ്ഞത്. പട്ടാമ്പി പഴയ കെഎസ്ആര്‍ടിസി. സ്‌റ്റേഷന്‍ പരിസരത്ത് നിന്നും റെയില്‍വേ സ്‌റ്റേഷന്‍ വരെ ഓടിയ ആനയെ പാപ്പാന്‍മാര്‍ തളച്ചു. ആനപ്പുറത്തുണ്ടായിരുന്നു മൂന്നുപേര്‍ അള്ളിപ്പിടിച്ചിരുന്നു. നേര്‍ച്ചാഘോഷത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയുടെ സമാപനത്തിലാണ് ചൂരക്കോട് ഭാഗത്ത് നിന്നും വന്ന ആഘോഷക്കമ്മിറ്റിയുടെ ആനയിടഞ്ഞത്. ആനയെ കണ്ട് ഓടിയതിനെ തുടര്‍ന്ന് പട്ടാമ്പി ഗവ.യുപി. സ്‌കൂളിന്റെ ഗേറ്റില്‍ കാല്‍ കുടുങ്ങി ഒരാള്‍ക്ക് പരിക്കേറ്റു. ഇയാളെ പട്ടാമ്പി അഗ്‌നിശമനസേനാവിഭാഗം രക്ഷിച്ചു. ഇയാള്‍ ഇപ്പോള്‍ ചികില്‍സയിലാണ്.