വണ്‍വേ തെറ്റിച്ചു, വനിതാ ഹോംഗാര്‍ഡിന്റെ കാലിലൂടെ വണ്ടികയറ്റി; വടകരയില്‍ യുവാവ് അറസ്റ്റില്‍

വടകര: വടകരയില്‍ ഗതാഗതം നിയന്ത്രിക്കുകയായിരുന്ന വനിതാ ഹോംഗാര്‍ഡിന്റെ കാലില്‍ വണ്ടികയറ്റിയ സംഭവത്തില്‍ വടകര പോലീസ് ഒരാളെ അറസ്റ്റുചെയ്തു. ആവള സ്വദേശി സുനിലിനെയാണ് വടകര പോലീസ് അറസ്റ്റുചെയ്തത്. വടകര ട്രാഫിക് യൂണിറ്റിലെ ഹോംഗാര്‍ഡ് കൊളാവിപ്പാലം ടി.എം. നിഷയുടെ കാലില്‍ വണ്ടി കയറ്റിയ കേസിലാണ് അറസ്റ്റ്.വെള്ളിയാഴ്ച വൈകീട്ട് 6.30-ഓടെയാണ് സംഭവം. എടോടി ജങ്ഷനില്‍ ഗതാഗതം നിയന്ത്രിക്കുകയായിരുന്നു നിഷ. പുതിയ ബസ് സ്റ്റാന്‍ഡ് ഭാഗത്തുനിന്ന് വണ്‍വേയിലൂടെ സുനില്‍ ബുള്ളറ്റ് ഓടിച്ചുവരുകയായിരുന്നു. അടുത്തെത്തിയപ്പോള്‍ വണ്‍വേയാണെന്നും തിരിച്ചുപോകണമെന്നും നിഷ ആവശ്യപ്പെട്ടു.
എന്നാല്‍, ഇതൊന്നും കേള്‍ക്കാതെ ഇയാള്‍ വാഹനം മുന്നോട്ടെടുക്കുകയായിരുന്നു. ഇത് ചോദ്യംചെയ്തതോടെ നിഷയുടെ നെഞ്ചത്ത് കുത്തുകയും വണ്ടി മുന്നോട്ടെടുത്ത് വലതുകാലില്‍ കയറ്റുകയും ചെയ്തു. വളരെ ഉച്ചത്തില്‍ ഇയാള്‍ ചീത്തവിളിക്കുകയും ചെയ്തു. സ്റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി സുനിലിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയായിരുന്നു. നിഷയുടെ വലതുകാലിലെ രണ്ട് വിരലുകള്‍ക്ക് ചതവുണ്ട്. ഇവര്‍ വിശ്രമത്തിലാണ്. സുനിലിനെ വടകര ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.