കൈപ്പിടിയിലൊതുങ്ങുന്ന കമനീയ ശിൽപങ്ങളുമായി ഇഷാൻ

പയ്യന്നൂർ:തെക്കെ ബസാറിലെ ഇഷാന്റെ ഇഷ്ട വിനോദമാണ് തന്റെ മനസിൽ പതിയുന്നവയെ ഉള്ളം കൈയിൽ ഒതുങ്ങുന്ന സൃഷ്‌ടികളാക്കി മാറ്റുക എന്നത്. പഴയ ഗ്രാമഫോൺ, റേഡിയോ, കാമറ, ഘടികാരം, കുട, ക്രിക്കറ്റ് ബാറ്റ് തുടങ്ങി ഇഷ്ട എഴുത്തുകാരൻ വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളടക്കം ചെറുപതിപ്പുകളാക്കുകയാണ് ഇഷാൻ. കണ്ടങ്കാളി ഷേണായി സ്‌മാരക ഗവ. ഹയർസെക്കൻഡറി സ്‌കൂൾ ഒമ്പതാംതരം വിദ്യാർഥിയാണ്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഈ ആശയം മനസിൽ ഉയർന്നത്. സ്വയം സ്വായത്തമാക്കിയ അറിവുകൊണ്ടാണ് നിർമാണം. പേപ്പറുകൾ, ഫോംബോർഡ്, കമ്പികൾ തുടങ്ങി ഉപയോഗ ശൂന്യമായ വസ്‌തുക്കളാണ് ഉപയോഗിക്കുന്നത്. മെറ്റൽ എൻക്രൈവിങിൽ കഴിഞ്ഞ വർഷം ഉപജില്ലാ മത്സരത്തിൽ ഒന്നാം സ്ഥാനവും ഇത്തവണ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. അമ്മ അമൃത ചിത്രം വരയ്‌ക്കുന്നത് കണ്ട് ഇപ്പോൾ ചിത്രരചനയും പരിശീലിക്കുന്നു. സെന്റ് മേരീസ് ഹൈസ്‌കൂളിൽ അഞ്ചാം തരത്തിൽ പഠിക്കുന്ന സഹോദരി ചിത്രകാരിയും ഡാൻസറുമാണ്. ഉപജില്ലയിൽ മെറ്റൽ എൻക്രൈവിങിൽ ഈ വർഷം ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്.