പിതാവിനെ വാര്‍ധക്യത്തില്‍ സംരക്ഷിക്കാന്‍ ആണ്‍മക്കള്‍ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി

Share our post

കൊച്ചി: പ്രായമായ മാതാപിതാക്കള്‍ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായത്താല്‍ സ്വന്തം കാര്യങ്ങള്‍ എങ്ങനെയെങ്കിലും നടത്തിക്കൊണ്ടുപോയാലും മക്കളുടെ ഉത്തരവാദിത്വം ഇല്ലാതാകുന്നില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. മലപ്പുറം വളാഞ്ചേരി സ്വദേശിയായ എഴുപത്തിനാലുകാരന് ആണ്‍മക്കള്‍ മാസം തോറും 20,000 രൂപ നല്‍കണമെന്ന ഉത്തരവിലാണ് ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്ത് ഇക്കാര്യം വ്യക്തമാക്കിയത്. ഹര്‍ജിക്കാരന് വിവിധ അസുഖങ്ങള്‍ ഉണ്ടെന്നതും കോടതി കണക്കിലെടുത്തു.

പിതാവിനെ സംരക്ഷിക്കുകയെന്നത് സ്‌നേഹം, നന്ദി, ബഹുമാനം തുടങ്ങിയവയില്‍ നിന്നുമുളവാകുന്ന ധാര്‍മിക ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു. മക്കളെ കഷ്ടപ്പട്ടു വളര്‍ത്തുന്ന പിതാവിനെ വാര്‍ധക്യത്തില്‍ സംരക്ഷിക്കാന്‍ ആണ്‍മക്കള്‍ ബാധ്യസ്ഥരാണ്. ധാര്‍മിക ചുമതല എന്നതിലുപരി നിയമപരമായ ഉത്തരവാദിത്തവുമാണിത്. മതഗ്രന്ഥങ്ങളും സാംസ്‌കാരിക പാരമ്പര്യവും നിയമവ്യവസ്ഥയും മക്കള്‍, പ്രത്യേകിച്ച് ആണ്‍ മക്കള്‍, വാര്‍ധക്യത്തിലെത്തിയ മാതാപിതാക്കളെ സംരക്ഷിക്കണമെന്ന അടിവരയിടുന്നു. ഇക്കാര്യത്തില്‍ വിശുദ്ധ ഗ്രന്ഥങ്ങള്‍ നിഷ്‌കര്‍ഷിക്കുന്നത് കോടതി ചൂണ്ടിക്കാട്ടി.

പിതാവിന് സ്വന്തം നിലയ്ക്ക് ജീവിക്കാനാകുമെന്ന മക്കളുടെ വാദം അംഗീകരിച്ച് തിരൂര്‍ കുടുംബക്കോടതി ഹര്‍ജി തള്ളിയതിനെ തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. പ്രായാധിക്യം മൂലം ജോലി ചെയ്യാനാവുന്നില്ലെന്നും കുവൈത്തില്‍ നല്ല രീതിയില്‍ ജീവിക്കുന്ന മക്കളില്‍ നിന്ന് സഹായം വേണമെന്നുമായിരുന്നു ആവശ്യം. 2013ല്‍ ആദ്യഭാര്യയെ തലാഖ് ചൊല്ലിയ ഇദ്ദേഹം രണ്ടാം ഭാര്യയ്‌ക്കൊപ്പമാണ് താമസം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!