മകളുടെ ഡബിൾ ബെൽ; വണ്ടി വിട്ടോ അച്ഛാ…കൊടുങ്ങല്ലൂർ-ഗുരുവായൂർ റൂട്ടിലെ ഡ്രൈവറും കണ്ടക്ടറും

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ-ഗുരുവായൂർ റൂട്ടിലെ സ്ഥിരം ബസ് യാത്രക്കാർക്ക് ഇവർ അച്ഛനും മകളുമെന്നതിനെക്കാൾ ഡ്രൈവറും കണ്ടക്ടറുമാണ്. അച്ഛൻ ഗുരുദേവനഗർ തൈപറമ്പത്ത് ഷൈൻ വളയം പിടിക്കുന്ന സ്വന്തം ബസിലെ കണ്ടക്ടറാണ് എം.കോം. വിദ്യാർഥിയായ മകൾ അനന്തലക്ഷ്മി. ഒന്നരവർഷമായി ഗുരുവായൂർ-കൊടുങ്ങല്ലൂർ റൂട്ടിലെ രാമപ്രിയ ബസിലെ കണ്ടക്ടറാണ് അനന്തലക്ഷ്മി. പുലർച്ചെ 5.30-ന് അച്ഛനോടൊപ്പം ജോലിക്കുപോയാൽ രാത്രി 8.30-ഒാടെയാണ് തിരിച്ചെത്തുക. എം.കോം. കാരിയായ അനന്തലക്ഷ്മി തൃപ്രയാറിലെ ഒരു സ്വകാര്യ സ്ഥാപനത്തിൽ സി.എം.എ.ക്കും പഠിക്കുന്നുണ്ട്.
അമ്മ നഗരസഭ 43-ാം വാർഡ് കൗൺസിലർ ധന്യാ ഷൈൻ പൂർണപിന്തുണയുമായി കൂടെയുണ്ട്.അഞ്ചാംക്ലാസിൽ പഠിക്കുമ്പോഴേ അനന്തലക്ഷ്മി അച്ഛനൊപ്പം ബസിൽ പോകുമായിരുന്നു. ആദ്യമൊക്കെ കൊടുങ്ങല്ലൂരിൽനിന്ന് പറവൂർ വരെ ബസിൽ ബാഗ് പിടിച്ചാണ് തുടങ്ങിയത്. കോവിഡിനെത്തുടർന്ന് ജീവനക്കാരെയും മറ്റും കിട്ടാതെവന്നപ്പോൾ അനന്തലക്ഷ്മി കണ്ടക്ടർ ലൈസൻസ് എടുത്തു. അതോടെ മുഴുവൻസമയ കണ്ടക്ടറായി. 22 വർഷം മുൻപേ ഷൈന് സ്വന്തമായി ബസുണ്ടായിരുന്നു. ആറ് ബസ് വരെയുണ്ടായിരുന്നെങ്കിലും കോവിഡ് വന്നതോടെ എണ്ണം കുറച്ചു. ഇവരുടെ വാർത്തയറിഞ്ഞ കേന്ദ്രമന്ത്രി സുരേഷ് ഗോപി ശനിയാഴ്ച രാവിലെ 8.30-ന് കൊടുങ്ങല്ലൂരിൽ ഇരുവരെയും ആദരിക്കും.