IRITTY
ഒന്നര പതിറ്റാണ്ടിന്റെ കാത്തിരിപ്പിനു വിരാമം; ഇരിട്ടി അഗ്നിരക്ഷാനിലയത്തിന് ആസ്ഥാന മന്ദിരം ഉയരും

ഇരിട്ടി: ദുരന്തങ്ങളിൽ രക്ഷകരാകുന്ന ഇരിട്ടി അഗ്നിരക്ഷാ നിലയം പ്രവർത്തകരെ ആരു രക്ഷിക്കുമെന്ന ഒന്നര പതിറ്റാണ്ടായുള്ള ആശങ്കകളിൽ ബജറ്റിൽ പ്രതീക്ഷ. അഗ്നിരക്ഷാ നിലയത്തിനു കെട്ടിടം ഉയരാൻ സാഹചര്യം ഒരുങ്ങി. ഇന്നലെ അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ ഇരിട്ടി അഗ്നിരക്ഷാ നിലയത്തിന് കെട്ടിടം പണിയാൻ 1.5 കോടി രൂപയുടെ ഭരണാനുമതി ലഭിക്കും വിധം 30 ലക്ഷം രൂപ വകയിരുത്തി. സ്വന്തമായ ആസ്ഥാന മന്ദിരം പണിയാൻ സാധ്യത ഉയർന്നെങ്കിലും നേരത്തേ മരാമത്ത് വിഭാഗം മുഖേന 3.91 കോടി രൂപയുടെ എസ്റ്റിമേറ്റ് തുകയുടെ താഴെ മാത്രമായി ബജറ്റ് വിഹിതം ചുരുക്കിയതിൽ ആശങ്കയും ഉയരുന്നുണ്ട്. 2 ഘട്ടങ്ങളിലായിനിർമാണം വിഭജിച്ചും പ്രവൃത്തിക്കു അനുമതി വാങ്ങാൻ കഴിയുമെന്നാണ് അധികൃതർ നൽകുന്ന സൂചന.
2010 ഡിസംബറിലാണ് ഇരിട്ടിയിൽ അഗ്നിരക്ഷാ നിലയം പ്രവർത്തനം ആരംഭിച്ചത്. നേരംപോക്ക് റോഡിൽ ജീർണാവസ്ഥയിൽ ഉണ്ടായിരുന്ന പഴയ ഗവ. ആശുപത്രി കെട്ടിടം നവീകരിച്ചാണ് താൽക്കാലികമെന്ന നിലയിൽ പ്രവർത്തനം തുടങ്ങിയത്. ചെറിയ മഴ പെയ്താൽ പോലും കെട്ടിടത്തിനുള്ളിൽ വെള്ളം കയറും. ഇടുങ്ങിയ മുറികളാണുള്ളത്. നാടിനാകെ രക്ഷകരാകുന്നതിനിടയിൽ 2018, 2019 പ്രളയങ്ങളിൽ അഗ്നിരക്ഷാ നിലയം ഓഫിസിൽ വെള്ളം കയറി ഫയലുകളും ഉപകരണങ്ങളും നശിച്ചിരുന്നു. 64 വർഷം പഴക്കമുള്ള കെട്ടിടത്തിൽ ഭയന്നാണു സേനാംഗങ്ങൾ കഴിയുന്നത്. ജീവനക്കാരുടെ കിടപ്പുമുറിയിൽ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ കെട്ടിടത്തിന്റെ സീലിങ് ഇടിഞ്ഞു വീഴുന്നുണ്ട്.സ്റ്റേഷൻ ഓഫിസർ അടക്കം 34 ജീവനക്കാരുള്ള ഓഫിസിൽ അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ല. കാലപ്പഴക്കത്താൽ മേച്ചിൽ ഷീറ്റുകൾ പൊട്ടി പല ഭാഗങ്ങളിലും ചോർച്ചയുണ്ട്. കോൺക്രീറ്റും വിവിധ സ്ഥലങ്ങളിൽ പൊളിഞ്ഞു വീഴുന്നുണ്ട്. നിലവിൽ പൊളിച്ചു നീക്കേണ്ട പട്ടികയിൽപെട്ട കെട്ടിടത്തിലാണ് എല്ലാ കെട്ടിടങ്ങളുടെയും സുരക്ഷ നോക്കേണ്ട അഗ്നിരക്ഷാ നിലയം പ്രവർത്തകർ കഴിയുന്നതെന്ന വിമർശനവും ശക്തമായിരുന്നു.
കെട്ടിടം പണിയുന്നത് പയഞ്ചേരിയിൽ
3 വർഷം മുൻപ് പയഞ്ചേരിയിൽ അനുവദിച്ചി ഭൂമിയിലാണ് കെട്ടിടം പണിയുന്നത്. ഇവിടെ മരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള 1.4 ഏക്കർ സ്ഥലത്തിൽ 40 സെന്റ് ഭൂമിയാണ് വിട്ടു നൽകിയത്. നേരത്തേ കണ്ടെത്തി തത്വത്തിൽ വിട്ടു നൽകാൻ തീരുമാനിച്ച ഈ സ്ഥലം 3 വർഷം നീണ്ട ഫയൽ യുദ്ധത്തിനു ഒടുവിലാണ് 2022 ഒക്ടോബറിൽ ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യു വകുപ്പിൽ നിലനിർത്തി, 2 വകുപ്പുകൾ തമ്മിലുള്ള ഭൂമി കൈമാറ്റ വ്യവസ്ഥകൾ പ്രകാരം ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് വകുപ്പിനു ഉപയോഗാനുമതി നൽകിയത്.
IRITTY
അറ്റകുറ്റപ്പണികൾ നിർത്തി ; ദുരിതപാതയായി മാക്കൂട്ടം ചുരം പാത


ഇരിട്ടി: തലശ്ശേരി – മൈസൂർ അന്തർസംസ്ഥാന പാതയുടെ ഭാഗവും കർണ്ണാടക സംസ്ഥാന പാത 91 ന്റെ ഭാഗവുമായ മാക്കൂട്ടം – പെരുമ്പാടി ചുരം പാത യാത്രക്കാർക്ക് ദുരിത പാതയായി മാറി. കൂട്ടുപുഴ പാലം മുതൽ മാക്കൂട്ടം പോലീസ് ചെക്ക്‌പോസ്റ്റ് വരെയുള്ള നാലു കിലോമീറ്ററോളം ദൂരം വാഹനങ്ങൾ ഓടിക്കാൻ വയ്യാത്തവിധം അതീവ ദുർഘടാവസ്ഥയിലായി. ആറുമാസം മുൻമ്പ് പാതയുടെ അറ്റകുറ്റപണിക്കായി 16 കോടി രൂപ അനുവദിക്കുകയും ഭാഗിക അറ്റകുറ്റപണികൾ ആരംഭിക്കുകയും ചെയ്‌തെങ്കിലും പണി പാതിവഴിയിൽ നിർത്തിവെച്ച് കരാറുകാരൻ സ്ഥലം വിട്ടിരിക്കയാണ്. ഇതിനെത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് പരാതി നൽകിയിരിക്കുകയാണ് യാത്രക്കാർ.
കൂട്ടുപുഴ മുതൽ പെരുമ്പാടി വരെ ബ്രഹ്മഗിരി വനമേഖലയിലൂടെ കടന്നുപോകുന്ന 16 കിലോമീറ്ററോളം വരുന്ന ചുരം പാതയാണ് പലയിടങ്ങളിലും തകർന്ന് കുണ്ടും കൊഴിയുമായിക്കിടക്കുന്നത്. കഴിഞ്ഞ കാലവർഷത്തിന് മുൻമ്പ് തന്നെ ടാറിംങ്ങ് ഇളകി റോഡിന്റെ തകർച്ച ആരംഭിച്ചിരുന്നു. മഴ കനത്തതോടെ വൻ ഗർത്തങ്ങൾ രൂപപ്പെടുകയും യാത്ര ദുഷ്ക്കരമാവുകയും ചെയ്തു. ഏതാനും മാസം മുൻപ് റോഡ് അറ്റകുറ്റപ്പണികൾ നടത്താൻ തീരുമാനിക്കുയും പ്രവർത്തി ഉദ്‌ഘാടനം ചെയ്യുകയും പണി ആരംഭിക്കുകയും ചെയ്‌തെങ്കിലും കരാറുകാരൻ പണി നിർത്തിപ്പോയതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. കാല വർഷം വീണ്ടും മുന്നിലെത്തി നിൽക്കേ എത്രയും പെട്ടെന്ന് പണി നടന്നില്ലെങ്കിൽ റോഡിൽ യാത്രാ പ്രതിസന്ധി കനക്കാനാണ് ഇത് കരണമാകുക.
രാപ്പകലില്ലാതെ നിരവധി ചരക്ക് വാഹനങ്ങളും നൂറുകണക്കിന് യാത്രവാഹനങ്ങളും ഇടതടവില്ലാതെയാണ് ഈ കാനന പാതയിലൂടെ കടന്നുപോകുന്നത്. വീരാജ്‌പേട്ട മുതൽ പെരുമ്പാടി വരെയുളള ഭാഗം മഴയ്ക്ക് മുൻമ്പ് നവീകരിച്ചെങ്കിലും ചുരം റോഡിനെ അവഗണിക്കുന്ന അവസ്ഥയാണ്.പാടേ തകർന്ന് വര്ഷങ്ങളോളം നശിച്ചുകിടന്ന റോഡ് യാത്ര ദുഷ്കരമായതോടെ ഗതാഗതം പാടെ നിർത്തിവെക്കുന്ന അവസ്ഥയും ഉണ്ടായിരുന്നു. ഒരു വർഷത്തോളം അടച്ചിട്ട് നവീകരണം നടത്തിയാറോഡിൽ 2012 ഓടെയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. ഇതിനുശേഷം കാര്യമായ അറ്റകുറ്റപ്പണികൾപോലും റോഡിൽ നടന്നിട്ടില്ല. പരാതികൾ ഉയരുമ്പോൾ വലിയ കുഴികൾ അടച്ചുപോകുന്ന സമീപനമാണ് ഉണ്ടാകുന്നത്. അന്തർ സംസ്ഥാന യാത്രക്കാരുടെ എണ്ണത്തിൽ ഉണ്ടായ വർധനവും നികുതിയിനത്തിൽ സർക്കാറിന് ലഭിക്കുന്ന വരുമാന വർധനവും ഈ പാതയുടെ കാര്യത്തിൽ പരിഗണിക്കപ്പെടുന്നില്ല.
കൊടും വളവും തിരിവും കയറ്റവും ഇറക്കവുമുള്ള റോഡിന്റെ ഇരു വശങ്ങളിലും പലയിടങ്ങളിലും ഓവുചാലുകൾ പോലും ഇല്ല. വലിയ കൊല്ലിയുടെ അരികുകളിൽ സ്ഥാപിച്ച സംരക്ഷണ വേലികളും പൂർണ്ണമായും തകർന്നു. ഏറെയും മലയാളികൾ കടന്നു പോകുന്ന റോഡിൽ വലിയ രണ്ട് വാഹനങ്ങൾക്ക് ഒരേ സമയം ഇരു വശങ്ങളിലേക്കും പോകാൻ ഏറെ പ്രയാസപ്പെടുന്ന അവസ്ഥയാണ്.
IRITTY
ഉളിക്കലില്‍ വയോജനങ്ങള്‍ക്ക് ഹാപ്പിനെസ് പാര്‍ക്ക് ഒരുങ്ങുന്നു


ഉളിക്കല്‍: പഞ്ചായത്തിന്‍റെ നേതൃത്വത്തില്‍ വയോജനങ്ങള്‍ക്കായി ഹാപ്പിനെസ് പാർക്ക് ഒരുങ്ങുന്നു. ഉളിക്കല്‍-വള്ളിത്തോട് മലയോര ഹൈവേക്ക് സമീപം കേയാപറമ്ബില്‍ നൂറ്റാണ്ട് പഴക്കമുള്ള പൊതുകുളം നവീകരിച്ചാണ് ഇവിടം വയോജങ്ങള്‍ക്കായുള്ള ഹാപ്പിനെസ് പാർക്കായി മാറ്റുന്നത്. കുളത്തിനു ചുറ്റും ചെടികളും പുല്‍ത്തകിടികളും വച്ചുപിടിപ്പിച്ച് പ്രദേശം മനോഹരമായ പാർക്ക് നിർമിക്കും. സുരക്ഷയ്ക്കായി കുളത്തിന് ചുറ്റം ഹാൻഡ് റെയിലുകള്‍ നിർമിക്കും. സന്ദർശകർക്ക് ഇരുന്ന് വിശ്രമിക്കാൻ ഇരിപ്പടങ്ങള്‍ ക്രമികരിക്കും. അതിക്രമിച്ച് കയറി ചെടികളും മറ്റും നശിപ്പിക്കാതിരിക്കാൻ പാർക്കിന് ചുറ്റും കോണ്‍ക്രീറ്റ് വേലികള്‍ സ്ഥാപിക്കും. ശുദ്ധജലത്തിനായി കുളത്തിന്‍റെ ആഴം വർധിപ്പിച്ച് കല്‍പ്പടവുകള്‍ നിർമിക്കുക എന്നിങ്ങനെയാണു പദ്ധതി. ഇതിനായി പഞ്ചായത്ത് 14 ലക്ഷം രൂപയാണ് അനുവദിച്ചത്. ഇരിക്കൂർ മുൻ എം.എല്‍.എയും സാംസ്കാരിക മന്ത്രിയുമായിരുന്ന കെ.സി. ജോസഫ് ഹാഡ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 15 ലക്ഷം രൂപ അനുവദിച്ചാണു കാടുപിടിച്ചു കിടന്ന കുളം നവീകരിച്ചത്. നിലവിലെ കുളം ആഴം കൂട്ടി നവീകരിച്ചാല്‍ ഇരുനൂറോളം കുടുംബങ്ങള്‍ക്ക് ശുദ്ധജലം നല്‍കാൻ കഴിയുന്ന കുടിവെള്ള പദ്ധതി കൂടിയായി ഇതിനെ മാറ്റാൻ കഴിയുമെന്നത് പദ്ധതിയുടെ മറ്റൊരു പ്രത്യേകതയാണ്. പാർക്കിന്‍റെ നിർമാണം ഉടൻ പൂർത്തിയാക്കി വയോജനങ്ങള്‍ക്ക് തുറന്നുകൊടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പഞ്ചായത്ത്പ്രസിഡന്‍റ് പി.സി. ഷാജി പറഞ്ഞു.
IRITTY
അന്തരാഷ്ട്രവന ദിനം :അധിനിവേശ സസ്യങ്ങൾ നീക്കം ചെയ്തു


ഇരിട്ടി: മനുഷ്യ – വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന്റെ ഭാഗമായി വന്യമൃഗങ്ങൾ ജനവാസ മേഖലയിലേക്ക് പ്രവേശിക്കുന്നത് തടയുന്നതിനും വന്യ മൃഗങ്ങൾക്ക് വനത്തിനുള്ളിൽ ഭക്ഷണം ഉറപ്പുവരുത്തുന്നതിനുമായി വനം വകുപ്പ് നടപ്പിലാക്കിവരുന്ന കർമ്മ പദ്ധതിയായ ഫുഡ്, ഫോഡർ ആൻറ് വാട്ടർ മിഷന്റെ ഭാഗമായി ആറളം വന്യജീവി സങ്കേതത്തിലെ അമ്പലക്കണ്ടി വയലിലെ അധിനിവേശ കള സസ്യങ്ങൾ നീക്കം ചെയ്തു. അന്താരാഷ്ട്ര വന ദിനത്തോടനുബന്ധിച്ച് നടന്ന സ്വയം സന്നദ്ധ പ്രവർത്തനത്തിൽ ആറളം വൈൽഡ് ലൈഫ് വാർഡൻ ജി. പ്രദീപ്, അസി. വൈൽഡ് ലൈഫ് വാർഡൻ രമ്യ രാഘവൻ, എന്നിവരുടെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ എം. മനോജ്, കെ.കെ. മനോജ്, കെ. സുരേഷ് കൊച്ചി, കെ.കെ. ചന്ദ്രൻ, സജീവൻ തെന്നിയാടൻ, എം. രാജൻ, ആറളം റേഞ്ചിലെ ബെറ്റ് ഫോറസ്റ്റ് ഓഫീസർമാർ, താത്കാലിക വാച്ചർമാർ ഉൾപ്പെടെ മുപ്പതോളം പേർ പങ്കെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്