തട്ടുകടയിലെ മാലിന്യം കായച്ചിറ തോടിലേക്ക് തള്ളിയതിന് കാൽ ലക്ഷം രൂപ പിഴ

മയ്യിൽ: തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്സസ്മെന്റ് സ്ക്വാഡ് കൊളച്ചേരി പഞ്ചായത്ത് പരിധിയിൽ നടത്തിയ പരിശോധനയിൽ മാലിന്യം തോട്ടിലേയ്ക്ക് തള്ളിയതിന് തട്ടുകട ഉടമക്ക് പിഴ ചുമത്തി. മയ്യിൽ പഞ്ചായത്തിലെ തട്ടുകടയിൽ നിന്നുള്ള മാലിന്യങ്ങൾ കൊളച്ചേരി കായച്ചിറ കൈപ്പാടിന് സമീപമുള്ള തോട്ടിൽ തള്ളിയ നിലയിലാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ല എൻഫോഴ്സ് മെന്റ് സ്ക്വാഡ് കണ്ടെത്തിയത്.പാൽ കവർ, മറ്റു പ്ലാസ്റ്റിക് കവറുകൾ, ടിഷ്യു പേപ്പറുകൾ, ഭക്ഷണ അവശിഷ്ടങ്ങൾ എന്നിവയാണ് തോട്ടിൽ പല ചാക്കുകളിലായി കെട്ടി വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തിയത്.
തദ്ദേശവാസികളുടെ സഹായത്തോടെയാണ് ചാക്കുകെട്ടുകൾ കരയ്ക്കു കയറ്റി
സ്ക്വാഡ് പരിശോധിച്ചത്. സ്ഥാപന ഉടമ അഫ്സലിന് 25000 രൂപ പിഴ ചുമത്തി തുടർ നടപടികൾ സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ജില്ലാ എൻഫോഴ്‌സ്മെന്റ് സ്ക്വാഡ് കൊളച്ചേരി ഗ്രാമ പഞ്ചായത്തിന് നിർദ്ദേശം നൽകി.മാലിന്യം സ്വന്തം ചെലവിൽ നീക്കം ചെയ്ത് സംസ്കരിക്കാനും സ്ഥാപന ഉടമയ്ക്ക് നിർദ്ദേശം നൽകി. പരിശോധനയിൽ ജില്ലാ എൻഫോഴ്സസ്മെൻ്റ് സ്ക്വാഡ് ലീഡർ, എം. ലജി, ശരീകുൽ അൻസാർ, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ നിവേദിത, മയ്യിൽ പഞ്ചായത്ത് ഹെഡ് ക്ലർക്ക് അജേഷ് എന്നിവർ പങ്കെടുത്തു.