കൊട്ടിയൂർ പാൽച്ചുരം വഴി ഓടിക്കൊണ്ടിരുന്ന നിരവധി കെ.എസ്.ആർ.ടി.സി. സർവീസുകൾ നിർത്തലാക്കി

കൊട്ടിയൂർ : പാൽച്ചുരം വഴി ഓടിക്കൊണ്ടിരുന്ന നിരവധി കെ.എസ്.ആർ.ടി.സി. സർവീസുകൾ ഇപ്പോൾ ഇല്ല. ദീർഘദൂരസർവീസുകളടക്കം നിർത്തലാക്കി. കാഞ്ഞങ്ങാട്, ബളാൽ, ചീക്കാട്, പയ്യന്നൂർ, കുന്നത്തൂർപാടി, കോട്ടയം, കോഴിക്കോട്, കാസർകോട് തുടങ്ങി കൂടുതൽ വരുമാനം ലഭിക്കുന്ന സർവീസുകളാണ് നിർത്തലാക്കിയവയിൽ ഏറെയും.മാനന്തവാടിയിൽ നിന്നും രാവിലെ 6.20ന് പുറപ്പെട്ടിരുന്ന കാസർകോട് ബസ്, വൈകുന്നേരം ഏഴ് മണിക്ക് കണ്ണൂരിൽ നിന്നുള്ള കണ്ണൂർ മാനന്തവാടി സർവ്വീസ്, പതിറ്റാണ്ടുകളായി കൊട്ടിയൂർ അമ്പായത്തോട് നിന്ന് കോട്ടയം – പാല ദീർഘദൂര സർവ്വീസ് ,വൈകുന്നേരം 7.45 ന് മാനന്തവാടിയിൽ നിന്നും കൊട്ടിയൂർ വഴി കോട്ടയത്തേക്കുള്ള ദീർഘദൂര ലിമിറ്റഡ് സ്റ്റോപ് ഫാസ്റ്റ് പാസഞ്ചർ സർവ്വീസ് എന്നിവയൊക്കെ നിർത്തിയിട്ട് മാസങ്ങൾ പിന്നിട്ടു.ബസ്സുകൾ കൂട്ടത്തോടെ നിർത്തലാക്കിയതിൻ്റെ ദുരിതം അനുഭവിക്കുന്നവരിലേറെയും വിദ്യാർഥികൾ, വിവിധ ആശുപത്രികളിലേക്ക് ചികിൽസക്കായി പോകേണ്ടവർ, സർക്കാർ ജീവനക്കാർ, കൂടാതെ ദീർഘദൂര യാത്രക്കാർ തുടങ്ങിയവരാണ്.
അടക്കാത്തോട് ശാന്തിഗിരിയിേലക്കുണ്ടായിരുന്ന ഏക സർവീസും നിർത്തലാക്കിയതോടെ മലയോര ഗ്രാമം ഒറ്റപ്പെട്ട അവസ്ഥയായി.. മാലൂർവഴിയുള്ള സർവീസുകളും നിർത്തലാക്കിയവയിൽ ഉൾപ്പെടുന്നു. രാത്രി 7.45-ന് മാനന്തവാടിയിൽനിന്ന് കോട്ടയത്തേക്കുള്ള ലിമിറ്റഡ് സ്റ്റോപ്പ് ഫാസ്റ്റ് പാസഞ്ചർ സർവീസും നിർത്തലാക്കി. രാവിലെ 8.15ന് കൽപറ്റയിൽ നിന്നുള്ള വെള്ളരിക്കുണ്ട് ബസ്സും നിർത്തലാക്കി.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊട്ടിയൂർ പാൽ ചുരത്ത് നിന്നും സർവ്വീസ് നടത്തിയിരുന്ന ബസ് ഇപ്പോൾ ട്രിപ്പ് വെട്ടിച്ചുരുക്കി തലശ്ശേരി വരെ ആക്കിയതോടെ രോഗികൾ ദുരിതത്തിലായി.ഒരു മണിക്കൂർ ഇടവിട്ട് സർവ്വീസ് നടത്തിയിരുന്ന ഇരിട്ടി – മാനന്തവാടി റൂട്ടിൽ വൈകുന്നേരം ആറിന് ശേഷം ബസ്സുകളില്ല.വൈകീട്ടാണ് യാത്രക്കാർ കൂടുതൽ ദുരിതത്തിലാകുന്നത്.
കൽപ്പറ്റ – കാഞ്ഞങ്ങാട്,മാനന്തവാടി – കണ്ണൂർ,
മാനന്തവാടി – ചീക്കാട്,മാനന്തവാടി – പയ്യന്നൂർ,
മാനന്തവാടി – കോട്ടയം,തിരുനെല്ലി – ശ്രീകണ്ഠപുരം,മാനന്തവാടി – ഇരിട്ടി – ശാന്തിഗിരി എന്നിവ നിർത്തലാക്കിയ സർവ്വീസുകളാണ്.
വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലെ നൂറ് കണക്കിന് യാത്രക്കാർക്ക് ഉപകാരപെട്ടിരുന്ന സർവ്വീസുകളും നിർത്തലാക്കിയിട്ടുണ്ട്.