എടക്കാനം ആദിവാസി നഗറിൽ പട്ടയവിതരണം 21ന്‌

Share our post

ഇരിട്ടി: എടക്കാനം മഞ്ഞക്കാഞ്ഞിരം ആദിവാസി നഗറിലെ ഒമ്പത്‌ ആദിവാസി കുടുംബങ്ങൾ ഇനി സ്വന്തം മണ്ണിന്‌ ഉടമകൾ. അമ്പത്‌ കൊല്ലമായി പട്ടയത്തിന്‌ കാത്തിരിക്കുന്ന കുടുംബങ്ങൾക്ക്‌ 21ന്‌ പട്ടയങ്ങൾ വിതരണംചെയ്യും. ജില്ലാ ലീഗൽ സർവീസസ്‌ അതോറിറ്റി, ഇരിട്ടി നഗരസഭാ എന്നിവയുടെ നേതൃത്വത്തിലാണ്‌ പട്ടയവിതരണം. മെഡിക്കൽ ക്യാമ്പുമുണ്ടാകും. ചേളത്തൂരിലെ പരേതരായ വെള്ളുവ ഗോവിന്ദൻനമ്പ്യാരും ഭാര്യ ആളോറ പാർവതിയമ്മയുമാണ്‌ അരനൂറ്റാണ്ട്‌ മുമ്പ്‌ അന്നത്തെ ഊരുമൂപ്പന്‌ മഞ്ഞക്കാഞ്ഞിരത്ത്‌ കുടിൽകെട്ടി താമസിക്കാൻ സ്ഥലം നൽകിയത്‌. ആദ്യകാലത്ത്‌ പതിമൂന്ന് അവകാശികളാണ്‌ നഗറിൽ താമസിച്ചത്‌. രണ്ട് പേർ മരിച്ചു. ഒരാൾക്ക്‌ ചാവശേരിപ്പറമ്പ്‌ നഗറിൽ ഭൂമിയും വീടും ലഭിച്ചതിനെത്തുടർന്ന്‌ താമസംമാറി. അവശേഷിച്ച ഒമ്പത്‌ കുടുംബങ്ങൾക്കാണ്‌ പട്ടയം നൽകുന്നത്‌. താമസിക്കുന്ന സ്ഥലത്തിന് രേഖയും പട്ടയവും ഇല്ലാത്തതിനാൽ പുതിയ വീടുകൾ, സർക്കാർ ആനുകൂല്യം എന്നിവ ഈ കുടുംബങ്ങൾക്ക്‌ കിട്ടിയില്ല.

രണ്ട് വർഷംമുമ്പ്‌ ലീഗൽ സർവീസ് അതോറിറ്റി ജില്ലാ സെക്രട്ടറിയും ജഡ്ജുമായ വിൻസി ആൻ പീറ്ററും സംഘവും മഞ്ഞക്കാഞ്ഞിരം നഗർ സന്ദർശിച്ച്‌ സ്ഥിതിഗതികൾ മനസിലാക്കി. അതോറിറ്റി മുൻകൈയെടുത്ത്‌ നേരത്തെ നഗറിന്‌ ഭൂമി ദാനംചെയ്ത കുടുംബത്തിലെ അവകാശികളിൽനിന്ന് സമ്മതപത്രം ലഭ്യമാക്കി. ജഡ്ജ് വിൻസി ആൻ പീറ്റർ, പാരാലീഗൽ വളന്റിയർമാരായ എൻ സുരേഷ്ബാബു, രേഖ വിനോദ്, റോജ രമേശ്, രഘുനാഥ്, പ്രകാശൻ തില്ലങ്കേരി, സിന്ധുലേഖ എന്നിവരുടെ നേതൃത്വത്തിൽ പായം വില്ലേജ് ഓഫിസർ ആർ പി പ്രമോദിന്റെ സഹായത്തോടെ മഞ്ഞക്കാഞ്ഞിരം ആദിവാസി നഗർ ഭൂമി അളന്ന് തിട്ടപ്പെടുത്തി. ഇരിട്ടി നഗരസഭയുടെയും സംസ്ഥാന സർക്കാരിന്റെയും സഹായത്തോടെ നഗറിൽ സാംസ്കാരിക നിലയം നിർമിക്കാൻ സ്ഥലം നീക്കിവച്ചു. നഗരസഭ ഫണ്ടും അനുവദിച്ചു. ശേഷിച്ച സ്ഥലം ഒമ്പത്‌ കുടുംബങ്ങൾക്ക്‌ അനുവദിച്ച്‌ പട്ടയങ്ങളും തയ്യാറാക്കുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!