Kerala
കണ്ണൂർ സ്വദേശി അനാമികയുടെ മരണം: പ്രിൻസിപ്പാളിനേയും അസോസിയേറ്റ് പ്രൊഫസറേയും സസ്പെൻഡ് ചെയ്തു

ബെംഗളൂരു: കണ്ണൂർ സ്വദേശിയായ നഴ്സിങ് വിദ്യാർത്ഥിനി അനാമിക കർണാടകയിലെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രിൻസിപ്പാൾ സന്താനം സ്വീറ്റ് റോസ്, അസോസിയേറ്റ് പ്രൊഫസർ സുജിത എന്നിവർക്ക് സസ്പെൻഷൻ.പെൺകുട്ടിയുടെ മരണത്തിൽ ആരോപണ വിധേയരായ പ്രിൻസിപ്പാളിനേയും അസോസിയേറ്റ് പ്രൊഫസറേയും സസ്പെൻഡ് ചെയ്‌തതായി സ്വകാര്യ സർവകലാശാലയായ ദയാനന്ദ് സാഗർ യൂണിവേഴ്‌സിറ്റി അറിയിച്ചു. സംഭവം അന്വേഷിക്കാൻ സമിതിയെ നിയോഗിച്ചുവെന്നും സർവകലാശാല അറിയിച്ചു. രാമനഗരയിലെ നഴ്സിങ് കോളേജിലെ ഒന്നാം വർഷ നഴ്സിങ് വിദ്യാർഥിനിയായിരുന്നു അനാമിക.
അനാമികയുടെ ആത്മഹത്യയിൽ നഴ്സിങ് കോളേജിനും പൊലീസിനുമെതിരെ കടുത്ത ആരോപണങ്ങളുമായി ബന്ധുക്കൾ രംഗത്തെത്തിയിരുന്നു. കോളേജിന്റെ ഭാഗത്ത് നിന്ന് അനാമിക നേരിട്ടത് കടുത്ത മാനസിക പീഡനമാണെന്നും പ്രിൻസിപ്പൽ ശാന്തം സ്വീറ്റ് റോസ്, ക്ലാസ് കോർഡിനേറ്റർ സുജിത എന്നിവർക്കെതിരെ ഗുരുതര ആരോപണങ്ങളുമാണ് ബന്ധു അഭിനന്ദ് ഉന്നയിച്ചത്.അനാമികയുടെ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കോളേജ് കവാടത്തിൽ സഹപാഠികൾ സമരത്തിലാണ്. അനാമിക കോളേജിൽ ജോയിൻ ചെയ്തിട്ട് നാല് മാസമേ ആയുള്ളൂ. കോളേജിൽ മൊബൈലടക്കം കയ്യിൽ കൊണ്ട് നടക്കുന്നതിനും വസ്ത്രധാരണത്തിനും വിചിത്ര നിയന്ത്രണങ്ങളാണ്. പകൽ മുഴുവൻ ഫോൺ കോളേജ് റിസപ്ഷനിൽ വാങ്ങി വയ്ക്കും. ഇന്‍റേണൽ പരീക്ഷകളിലൊന്നിനിടെ കയ്യിൽ മൊബൈൽ കണ്ടെന്നും അത് കോപ്പിയടിക്കാൻ കൊണ്ട് വന്നതാണെന്നും പറഞ്ഞ് അനാമികയോട് കോളേജിൽ വരേണ്ടെന്ന് പറഞ്ഞെന്നാണ് സഹപാഠികൾ പറയുന്നത്.
അനാമിക താമസിച്ചിരുന്ന മുറിയുടെ വാതിൽ തുറക്കാതിരുന്നതിനെത്തുടർന്നാണ് സഹപാഠികൾ മുറി തള്ളിത്തുറന്ന് അകത്ത് കയറിയത്. കുടുംബാംഗങ്ങൾക്കായി എഴുതിയതും മാനേജ്മെന്‍റിനെതിരെ പരാമർശങ്ങളുള്ളതുമായ രണ്ട് ആത്മഹത്യാക്കുറിപ്പുകൾ അനാമികയുടെ മുറിയിലുണ്ടായിരുന്നെന്നാണ് കുട്ടികൾ പറയുന്നത്.മാനേജ്മെന്‍റിനെതിരായ ആത്മഹത്യാക്കുറിപ്പ് പൊലീസിനൊപ്പം ചേർന്ന് ഒളിപ്പിച്ചെന്നും കുട്ടികൾ ആരോപിക്കുന്നു. കോളേജ് അധികൃതർ ഒരു തരത്തിലും അച്ഛനമ്മമാരോട് പോലും ഇതിൽ മറുപടി നൽകുന്നില്ലെന്ന് കുടുംബാംഗമായ അഭിനന്ദ് പറയുന്നു. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങിയതായി ഹാരോഹള്ളി പൊലീസ് അറിയിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ ബെംഗളുരുവിൽ മാത്രം വിവിധ സ്വകാര്യ നഴ്സിംഗ് കോളേജുകളിലായി 15 മലയാളി വിദ്യാർത്ഥികൾ ജീവനൊടുക്കിയെന്നാണ് കണക്ക്. കർണാടകയിൽ കൂണ് പോലെ മുളച്ച് പൊന്തുന്ന നഴ്സിംഗ് കോളേജുകളിൽ ഗുണനിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നുണ്ടോ എന്നും കുട്ടികളുടെ മാനസികാരോഗ്യത്തിന് എന്ത് വിലയാണ് നൽകുന്നതെന്നും പരിശോധനകൾ നടക്കുന്നതേയില്ല എന്ന് തെളിയിക്കുന്നതാണ് ഈ സംഭവവും.
Kerala
ഹൈസ്‌കൂൾ സമയം അരമണിക്കൂർ കൂട്ടാൻ ശുപാർശ,ശനിയാഴ്ച പ്രവൃത്തിദിനം വേണ്ട

തിരുവനന്തപുരം: ഹൈസ്‌കൂൾ സമയം അരമണിക്കൂർ കൂട്ടാൻ ശുപാർശ. സ്‌കൂൾ പരീക്ഷ രണ്ടാക്കിച്ചുരുക്കാനും വിദ്യാഭ്യാസ കലണ്ടർ പരിഷ്‌കരിക്കാൻ നിയോഗിച്ച അഞ്ചംഗ വിദഗ്ധസമിതി നിർദേശിച്ചു. ശനിയാഴ്ച പ്രവൃത്തിദിനമാക്കേണ്ടെന്നും വേണമെങ്കിൽ തുടർച്ചയായി ആറ് പ്രവൃത്തിദിനം വരാത്തവിധം മാസത്തിൽ ഒരു ശനിയാഴ്ച ക്ലാസ് നടത്താമെന്നുമാണ് സമിതിയുടെ നിർദേശം.ഓണം, ക്രിസ്മസ് വേളയിലും മാർച്ചിലുമായി ഇപ്പോൾ മൂന്നു പരീക്ഷകളുണ്ട്. ഇതിനുപകരം ഒക്ടോബറിൽ അർധവാർഷിക പരീക്ഷയും മാർച്ചിൽ വാർഷികപരീക്ഷയും മതിയെന്നാണ് ശുപാർശ. പഠനനിലവാരം ക്ലാസ് പരീക്ഷയിലൂടെ വിലയിരുത്താം.എൽപിയിലും യുപിയിലും ക്ലാസ്‌സമയം കൂട്ടേണ്ട. ഹൈസ്‌കൂളിൽ ദിവസവും അരമണിക്കൂർ കൂട്ടിയാൽ വർഷത്തിൽ 1200 മണിക്കൂർ അധ്യയനം ഉറപ്പാക്കാം. സ്‌കൂൾ ഇടവേളകൾ പത്തുമിനിറ്റാക്കണം. ഹൈക്കോടതി നിർദേശപ്രകാരമാണ് എസ്‌സിഇആർടിയുടെ നേതൃത്വത്തിൽ വിദഗ്ധസമിതി രൂപവത്കരിച്ചത്. കാസർകോട് കേന്ദ്ര സർവകലാശാല വിദ്യാഭ്യാസവിഭാഗം മേധാവി പ്രൊഫ. വി.പി. ജോഷിതിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗസമിതി ചൊവ്വാഴ്ച മന്ത്രി വി. ശിവൻകുട്ടിക്ക് റിപ്പോർട്ട് കൈമാറി.
Kerala
25 ശനിയാഴ്ചകൾ പ്രവൃത്തിദിനം: വിദഗ്ധസമിതിക്ക് എതിർപ്പ്

തിരുവനന്തപുരം: ഇരുപത്തിയഞ്ച് ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കാനുള്ള പൊതുവിദ്യാഭ്യാസവകുപ്പിന്റെ നീക്കത്തിന് വിദഗ്ധ സമിതിയുടെ തിരുത്ത്. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ സ്കൂളുകളിലെ വിദ്യാഭ്യാസ കലണ്ടർ സംബന്ധിച്ച് സർക്കാർ നിയോഗിച്ച അഞ്ചംഗ വിദഗ്ധസമിതിയുടേതാണ് ശുപാർശ. ഇതനുസരിച്ച് യു.പി., ഹൈസ്കൂൾ തലത്തിൽ ആഴ്ചയിൽ ആറ് പ്രവൃത്തിദിനം വരാത്തവിധത്തിൽ മാസത്തിൽ ഒരു ശനിയാഴ്ച മാത്രമേ പ്രവൃത്തിദിനമാക്കാനാവൂ. ആഴ്ചയിൽ ഒരു അവധിദിനം വന്നാൽ ആ ശനിയാഴ്ച പ്രവൃത്തിദിനമാക്കാം. എന്നാൽ മാസത്തിൽ ഒരു ശനിയാഴ്ചയേ ഇങ്ങനെ പ്രവൃത്തിദിനമാക്കാനാവൂ.ചില പ്രധാനശുപാർശകൾടേം പരീക്ഷകൾ രണ്ടായി ചുരുക്കുക. പാത വാർഷിക പരീക്ഷ ഒഴിവാക്കി അർദ്ധ വാർഷിക പരീക്ഷ ഒക്ടോബറിലും വാർഷിക പരീക്ഷ മാർച്ചിലും നടത്തുക.
എൽ.പി ക്ലാസുകളിൽ ശനിയാഴ്ച പ്രവൃത്തിദിനമാക്കേണ്ടതില്ല. വിദ്യാഭ്യാസ അവകാശനിയമം അനുസരിച്ചുള്ള മണിക്കൂറുകൾ എൽ.പി ക്ലാസുകൾക്ക് ലഭിക്കുന്നുണ്ട്.
ഹൈസ്കൂൾ ക്ളാസുകളിൽ വെള്ളിയാഴ്ച ഒഴികെ നിലവിലെ അദ്ധ്യയനസമയം ഓരോ ദിവസവും അരമണിക്കൂർ വീതം വർദ്ധിപ്പിക്കാം. ഉച്ചയ്ക്ക് ശേഷമുള്ള ഇന്റർവെൽ സമയം അഞ്ച് മിനിട്ടിൽ നിന്ന് പത്ത് മിനിട്ടായി ഉയർത്തണം. ഇതിനായുള്ള അഞ്ച് മിനിട്ട് ഉച്ചഭക്ഷണ ഇടവേളയിൽ നിന്ന് കണ്ടെത്താം
സ്കൂളുകളിലെ കലാ- കായിക മത്സരങ്ങൾ ശനിയാഴ്ചകളിലേക്ക് മാറ്റണം.വിദഗ്ധസമിതി അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, സ്‌കൂൾ കൗൺസിലേഴ്സ് തുടങ്ങിയവരുമായി ആശയവിനിമയം നടത്തിയാണ് റിപ്പോർട്ട് തയാറാക്കിയത്. അദ്ധ്യാപകർ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ എന്നിവർ ശനിയാഴ്ചകൾ പ്രവൃത്തിദിനമാക്കുന്നതിനെ ശക്തമായി എതിർത്തെന്നാണ് അറിയുന്നത്. റിപ്പോർട്ട് വിശദമായി പരിശോധിച്ചതിനു ശേഷം വരുന്ന അക്കാഡമിക് വർഷം തന്നെ കലണ്ടർ നടപ്പിലാക്കുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. പ്രൊഫ.വി.പി ജോഷിത്, ഡോ.അമർ എസ്.ഫെറ്റിൽ, ഡോ.ദീപ ഭാസ്‌കരൻ, ഡോ.പി.കെ ജയരാജ്, ഡോ.എൻ.പി നാരായണനുണ്ണി എന്നിവരായിരുന്നു സമിതി അംഗങ്ങൾ.
Kerala
മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ മോൻസൺ മാവുങ്കലിന് ഇടക്കാല ജാമ്യം

കൊച്ചി: പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോൻസൺ മാവുങ്കലിന് മകളുടെ വിവാഹത്തിൽ പങ്കെടുക്കാൻ ഹൈകോടതിയുടെ ഇടക്കാല ജാമ്യം. വ്യാഴാഴ്ച നടക്കുന്ന മകളുടെ വിവാഹത്തിൽ പങ്കെടുക്കാനാണ് പോക്‌സോ കേസിലും പ്രതിയായ മോൻസണിന് ജസ്റ്റിസ് പി. ഗോപിനാഥ്, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് ഒരാഴ്ചത്തെ ഇടക്കാല ജാമ്യം അനുവദിച്ചത്. 2021 സെപ്റ്റംബർ 25 മുതൽ കസ്റ്റഡിയിൽ കഴിയുന്ന പ്രതിയുടെ ഭാര്യ കഴിഞ്ഞ വർഷം ഏപ്രിലിൽ മരണപ്പെട്ടതുകൂടി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ഒരു ലക്ഷം രൂപയുടെ സ്വന്തവും സമാന തുകക്കുള്ള രണ്ടുപേരുടെയും ആൾജാമ്യത്തിന്‍റെ അടിസ്ഥാനത്തിലുമാണ് ജാമ്യം. സംസ്ഥാനം വിട്ടുപോകരുതെന്നും 11ന് ചേർത്തല പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്നും ഉത്തരവിലുണ്ട്. ജീവനക്കാരിയുടെ മകളെ പീഡിപ്പിച്ചതിനാണ് മോൻസണിനെതിരെ പോക്‌സോ കേസ് നിലവിലുള്ളത്. ഇടക്കാല ജാമ്യം ഒരു കാരണവശാലും നീട്ടി നൽകില്ലെന്നും വിയ്യൂർ ജയിലിൽ 14ന് വൈകീട്ട് അഞ്ചിനുമുമ്പ് റിപ്പോർട്ട് ചെയ്യണമെന്നും കോടതി നിർദേശിച്ചു. തുടർന്ന് ഹരജി വീണ്ടും 19ന് പരിഗണിക്കാൻ മാറ്റി.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്