Kerala
പരീക്ഷയിങ്ങെത്തി; വിദ്യാർഥികളും രക്ഷിതാക്കളും ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

സി.ബി.എസ്.ഇ. പത്ത്, പ്ലസ് ടു ബോർഡ് പരീക്ഷകൾ ആരംഭിക്കാൻ ഇനി കുറച്ചുദിവസങ്ങൾ മാത്രമേയുള്ളൂ. വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും ഈ സമയം ആശങ്കയൊഴിവാക്കാൻ ചിലകാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതാണ്. നന്നായി പഠിക്കുന്നതോടൊപ്പം ഇക്കാര്യങ്ങളിൽക്കൂടി ശ്രദ്ധവെച്ചാൽ ആത്മവിശ്വാസത്തോടൊപ്പം പരീക്ഷ എഴുതാം.
പരീക്ഷ എളുപ്പമാക്കാം
* ചോദ്യപേപ്പറിലെ നിർദേശങ്ങൾ ശ്രദ്ധയോടെ വായിക്കണം. രജിസ്റ്റർ നമ്പറും മറ്റുവിവരങ്ങളും തെറ്റിക്കാതെ എഴുതണം.
* ബിരിയാണി ആയാലും വൃത്തിയില്ലാത്ത പാത്രത്തിൽ വിളമ്പിയാൽ ആരുംകഴിക്കില്ല. നല്ല അടുക്കിലുംചിട്ടയിലും ഉത്തരങ്ങൾ എഴുതണം. ആവശ്യമായ സ്പേസ് കൊടുക്കണം. നിങ്ങളുടെ ഉത്തരക്കടലാസ് നോക്കുന്നയാൾക്ക് ഒറ്റ നോട്ടത്തിൽ ഇഷ്ടപ്പെടുന്നതാവണം.
* നന്നായി ഉത്തരം അറിയാവുന്നവ ആദ്യംഎഴുതുക. പരീക്ഷയെഴുതുന്ന സമയത്ത് ഉത്തരംകിട്ടാത്ത ചോദ്യങ്ങളിൽ അസ്വസ്ഥരാകാതിരിക്കാൻ ശ്രദ്ധിക്കണം. അടുത്ത ചോദ്യത്തിലേക്ക് കടക്കുകയും അറിയാവുന്ന ഉത്തരങ്ങളെല്ലാം എഴുതിയശേഷം തിരികെയെത്തി പ്രായസമുള്ള ചോദ്യത്തിന് ഉത്തരമെഴുതാൻ ശ്രമിക്കുകയുമാണ് വേണ്ടത്.
* ഒരുചോദ്യം കണ്ടാൽ ഉടനെ ചാടിക്കേറി ഉത്തരം എഴുതരുത്. ആദ്യം പ്രധാനപ്പെട്ട പോയിന്റുകൾ മനസ്സിൽ ഓർത്തെടുക്കണം.
* ഉത്തരപേപ്പറിൽ ഒരു സ്കെയിൽ ഉപയോഗിച്ച് നന്നായി മാർജിൻ വരയ്ക്കണം.
* എഴുതിയത് തെറ്റിപ്പോയാൽ, തെറ്റിയ വാക്കിന് മുകളിലൂടെ ഒരു വര വരയ്ക്കുക. വെട്ടിക്കുത്തി വൃത്തികേടാക്കരുത്.
* പ്രധാനപ്പെട്ട ഹെഡിങ്, സബ് ഹെഡിങ് എന്നിവയുടെ അടിയിൽവര ഇടണം.
* തന്നിട്ടുള്ള മാർക്കിന്റെ അടിസ്ഥാനത്തിലായിരിക്കണം ചോദ്യങ്ങൾക്ക് ഉത്തരമെഴുതേണ്ടത്. ഒരു മാർക്കിന്റെ ചോദ്യത്തിന് അരപ്പേജ് ഉത്തരംവേണ്ട. ആറ്് മാർക്കിന്റെ ചോദ്യത്തിന്റെ ഉത്തരം രണ്ടുവരിയുമാകരുത്.
* എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതണം. ഉത്തരം അറിയില്ലെങ്കിൽ, ചോദ്യത്തോട് ബന്ധമുള്ള കാര്യങ്ങൾ എഴുതിവയ്ക്കുക. അരമാർക്കോ, ഒരു മാർക്കോ കിട്ടിയേക്കാം.
* കത്ത്, പ്രസംഗം, സംഭാഷണം തുടങ്ങിയ ചോദ്യങ്ങളുടെ ഉത്തരത്തിന്റെ ഘടന മുൻകൂട്ടി പഠിച്ചുവെയ്ക്കണം. വിഷയമെഴുതാൻ അറിയില്ലെങ്കിലും ഈ ഘടന കൃത്യമായി എഴുതിയാൽ നിങ്ങൾക്ക് കുറച്ചൊക്കെ മാർക്ക് ലഭിക്കും.
* എഴുതിത്തുടങ്ങുമ്പോൾത്തന്നെ ഉത്തരക്കടലാസിൽ പേജ് നമ്പർ ഇട്ടുപോവാൻ മറക്കരുത്.
* പരീക്ഷയിൽ കള്ളത്തരംകാണിച്ച് മാർക്ക് വാങ്ങാൻ നോക്കരുത്. മാത്രമല്ല, മറ്റുള്ളവരെ കോപ്പിയടിക്കാൻ സഹായിക്കുകയും ചെയ്യരുത്. പിടിക്കപ്പെട്ടാൽ നിങ്ങളുടെ ഭാവി അവതാളത്തിലാവും.
* അവസാന പത്തുമിനിറ്റ് ഉത്തരക്കടലാസ് മൊത്തത്തിൽ ഓടിച്ചുനോക്കാനും എഴുതാതെവിട്ട ഉത്തരങ്ങൾ എഴുതാനും ഉപയോഗിക്കുക.
രക്ഷിതാക്കളോട്
പരീക്ഷയ്ക്കുശേഷം വീട്ടിലെത്തുന്ന കുട്ടിയെ ഓരോ ചോദ്യവും ചോദിച്ച് സമ്മർദത്തിലാക്കരുത്. കഴിഞ്ഞത് കഴിഞ്ഞു. അടുത്ത ദിവസത്തെ വിഷയം പഠിച്ചാൽമതി. എല്ലാപരീക്ഷകളും കഴിഞ്ഞ് ചോദ്യപേപ്പറുകളുടെ വിശകലനമാവാം. ഒരു പരീക്ഷ വിഷമമുള്ളതായി തോന്നിയാൽ പേടിക്കേണ്ട എന്ന് കുട്ടിയോടു പറയണം. ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാൻ അവർക്ക് പിന്തുണനൽകണം.ഡഗ്ളസ് ജോസഫ് (വൈസ് പ്രിൻസിപ്പൽ, ഈസ്റ്റ് കോസ്റ്റ് ഇംഗ്ലീഷ് സ്‌കൂൾ ഖോർഫക്കാൻ, സി.ബി.എസ്.ഇ. കരിയർ കൗൺസലർ).
Kerala
ആദിവാസി പുനരധിവാസ പദ്ധതി; മേപ്പാടിയിൽ 123 വീടുകളുടെ താക്കോൽദാനം ഇന്ന്

മേപ്പാടി: ആദിവാസി പുനരധിവാസപദ്ധതിയുടെ ഭാഗമായി മേപ്പാടി ഗ്രാമപ്പഞ്ചായത്തിലെ ഏഴാഞ്ചിറ പരൂർക്കുന്നിൽ നിർമിച്ച 123 വീടുകളുടെ താക്കോൽദാനം ചൊവ്വാഴ്ച ചന്ദ്രഗിരി ഓഡിറ്റോറിയത്തിൽ നടക്കുന്ന ജില്ലാതല യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ കൈമാറും.മേപ്പാടി, മുട്ടിൽ, അമ്പലവയൽ ഗ്രാമപ്പഞ്ചായത്തുകളിലെ ഭൂരഹിതരായ ആദിവാസികളെയാണ് പരൂർക്കുന്നിൽ പുനരധിവസിപ്പിക്കുന്നത്. 10 സെന്റ് ഭൂമിയിൽ 480 സ്ക്വയർ ഫീറ്റ് വീടാണ് നിർമിച്ചിരിക്കുന്നത്. രണ്ട് കിടപ്പുമുറിയും ഹാളും അടുക്കളയും ശൗചാലയവും വരാന്തയുമടങ്ങുന്നതാണ് വീട്. 10 ലക്ഷം രൂപ ചെലവിൽ എല്ലാ വീടുകളിലും വാട്ടർ ടാങ്കും നിർമിച്ചിട്ടുണ്ട്. കാരാപ്പുഴ പദ്ധതി പ്രദേശത്തോടുചേർന്നുകിടക്കുന്ന ഭൂമിയിൽ നിർമിക്കുന്ന 165 വീടുകളിൽ 123 വീടുകളുടെ പണിയാണ് പൂർത്തിയായത്. ഇതിൽ 14 വീടുകൾ ഒന്നരമാസം മുൻപ് പൂർത്തിയാക്കി. ബാക്കി വീടുകളുടെ നിർമാണം ഒന്നര വർഷം മുമ്പുതന്നെ പൂർത്തിയാക്കിയിരുന്നു. നിലവിൽ 54 കുടുംബങ്ങൾ പൂർത്തിയായ വീടുകളിൽ താമസിക്കുന്നുണ്ട്. ശേഷിക്കുന്ന വീടുകളിൽ കുടുംബങ്ങൾ താമസിക്കാത്തത് ഇവിടേക്ക് യാത്രായോഗ്യമായ വഴിയോ കുടിവെള്ളമോ ലഭിക്കാത്തത് കാരണമായിരുന്നു.
1.04 കോടി രൂപ ചെലവിൽ ശുദ്ധജല വിതരണപദ്ധതി പൂർത്തിയാക്കിയിട്ടുണ്ട്. ഫിൽട്ടറിങ് സംവിധാനത്തിന്റെ പരിശോധനയ്ക്ക് ശേഷം 30-നുള്ളിൽത്തന്നെ എല്ലാ വീടുകളിലും ശുദ്ധജലമെത്തിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിർമാണ ഘട്ടത്തിൽ സാധനങ്ങൾ കൊണ്ടുപോകുന്നതിനായി നിർമിച്ച റോഡാണ് പദ്ധതി പ്രദേശത്തേക്കുള്ള ഏക ഗതാഗതസംവിധാനം. റോഡ് കടന്നുപോകുന്ന ഭൂമി ഗുണഭോക്താക്കൾക്ക് അളന്നു കൊടുത്തതിൽപ്പെട്ടതിനാൽ ഇതുവരെ ഗതാഗതയോഗ്യമായ റോഡ് നിർമിക്കാൻ കഴിഞ്ഞിട്ടില്ല. റോഡ് യാഥാർഥ്യമാക്കുന്നതിനെക്കുറിച്ചുള്ള പഠനം നടത്താൻ ട്രൈബൽ വകുപ്പ് അഞ്ച് ലക്ഷം രൂപ പൊതുമരാമത്ത് വകുപ്പിന് കൈമാറി. ഈ റിപ്പോർട്ട് കിട്ടിയ ശേഷം റോഡിനാവശ്യമായ ഫണ്ട് വകയിരുത്തുമെന്ന് ബന്ധപ്പെട്ട അധികൃതർ പറഞ്ഞു. ശുദ്ധജല വിതരണ പദ്ധതിയും റോഡ് നിർമാണവും പൂർത്തിയാകുന്നതോടെ കൂടുതൽ കുടുംബങ്ങൾ പുനരധിവാസ ഭൂമിയിലേക്ക് വരുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. നേരത്തേ 60-ഓളം വീടുകളിൽ വൈദ്യുതികണക്‌ഷൻ ലഭിച്ചിരുന്നെങ്കിലും കുടിശ്ശികമൂലം ഭൂരിപക്ഷം വീടുകളിലും കണക്‌ഷൻ വിച്ഛേദിച്ചു. താമസക്കാരില്ലാത്ത വീടുകളിലാണ് വൈദ്യുതി കുടിശ്ശികയായത്. താമസക്കാരെത്തുന്നതോടെ എല്ലാവീടുകളിലും വൈദ്യുതി ലഭ്യമാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
Kerala
ഒരു സിനിമ ഒരു സെക്കന്‍റിൽ ഡൗണ്‍ലോഡ് ചെയ്യാം, 10ജി പരീക്ഷിച്ച് ചൈന

മുംബൈ: ലോകം അഞ്ചാംതലമുറ ടെലികോം സാങ്കേതികവിദ്യയെ (5ജി)ക്കുറിച്ച് ചർച്ചചെയ്യുമ്പോൾ 10ജി പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കി ചൈന. പത്ത് ജിഗാബൈറ്റ് വരെയാണ് പുതിയ സാങ്കേതികവിദ്യയുടെ വേഗമെന്നാണ് റിപ്പോർട്ട്. ഒരു സിനിമ പൂർണമായി സെക്കൻഡുകൾകൊണ്ട് ഡൗൺലോഡ് ചെയ്യാനാകും.ഇന്ത്യയിലടക്കം പല രാജ്യങ്ങളിലും 5ജി വ്യാപകമായി വരുന്നതേയുള്ളൂ. ഇതിനിടെയാണ് ചൈനയിലെ ഷിയോങ് ജില്ലയിൽ ചൈന 10ജി ബ്രോഡ്ബാൻഡ് നെറ്റ് വർക്ക് പരീക്ഷിക്കാൻ തുടങ്ങിയത്. ചൈനീസ് ടെലികോം കമ്പനിയായ വാവേയും ചൈന യൂണികോമും ചേർന്ന് 50 ജി-പിഒഎൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് 10 ജി ഒരുക്കിയിട്ടുള്ളത്. സെക്കൻഡിൽ 10 ജിഗാബൈറ്റ് ആണ് വേഗം. ഫൈബർ ഒപ്ടിക് ടെക്നോളജിയിലെ പുതിയ അവതാരമാണ് 50 ജിഗാബൈറ്റ് പാസീവ് ഒപ്ടിക്കൽ നെറ്റ്‌വർക്ക് അഥവാ 50 ജി-പിഒഎൻ. സെക്കൻഡിൽ 50 ജിഗാബൈറ്റ് വരെ വേഗം ആർജിക്കാൻ കഴിയുന്ന സാങ്കേതികവിദ്യയാണിത്. സിനിമ ഡൗൺലോഡിങ്ങിനെക്കാൾ െവർച്വൽ റിയാലിറ്റി, ഓഗ്‌മെന്റഡ് റിയാലിറ്റി, ക്ലൗഡ് ഗെയിമിങ്, സ്മാർട്ട് സിറ്റികൾ, ഡ്രൈവറില്ലാ കാറുകൾ എന്നിങ്ങനെ ഭാവിയെ ലക്ഷ്യമിട്ടുള്ള സൗകര്യങ്ങൾക്കായാണ് പുതിയ സാങ്കേതികവിദ്യ തയ്യാറാക്കിയിരിക്കുന്നത്.
Kerala
സംസ്ഥാനത്ത് പകൽ താപനിലയിൽ വീണ്ടും വർധനവ്; ഇന്നത്തെ ഉയർന്ന താപനില കണ്ണൂർ വിമാനത്താവളത്തിൽ

തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് പകൽ താപനിലയിൽ വീണ്ടും വർധനവ്. ഇന്ന് സംസ്ഥാനത്തു ഏറ്റവും ഉയർന്ന താപനില രേഖപെടുത്തിയത് കണ്ണൂർ വിമാനത്താവളത്തിലാണ്. 38.1 ഡിഗ്രി സെൽഷ്യസാണ് കണ്ണൂർ വിമാനത്താവളത്തിലെ ഇന്നത്തെ താപനില. ഏപ്രിൽ മാസത്തിൽ ഈ വർഷം രേഖപെടുത്തിയ ഉയർന്ന ചൂടാണിത്. പാലക്കാട് 37.4 ഡിഗ്രി സെൽഷ്യസാണ് ഇന്ന് രേഖപെടുത്തിയത്. ജില്ലയിലെ ഏപ്രിൽ മാസത്തിലെ ഈ വർഷത്തെ ഏറ്റവും ഉയർന്ന ചൂട്. കഴിഞ്ഞ വർഷം ഇതേ ദിവസം പാലക്കാട് രേഖപെടുത്തിയത് 40.5 ഡിഗ്രി സെൽഷ്യസായിരുന്നു. കണ്ണൂരിൽ 38.3 ഡിഗ്രി സെൽഷ്യസും. രാജ്യത്ത് ഇന്ന് രേഖപെടുത്തിയ ഉയർന്ന താപനില മഹാരാഷ്ട്രയിലെ ചന്ദ്രപുരിലാണ്. 45.6 ഡിഗ്രി സെൽഷ്യസായിരുന്നു ഇന്ന് ചന്ദ്രപുരിൽ അനുഭവപ്പെട്ടത്.
കഴിഞ്ഞവർഷം ഏപ്രിൽ മാസത്തിൽ ഭൂരിഭാഗം ദിവസവും ശരാശരി ഉയർന്ന താപനില 36-37 ഡിഗ്രി സെൽഷ്യസിന് ഇടയിൽ രേഖപെടുത്തിയപ്പോൾ ഈ വർഷം 35 ഡിഗ്രി സെൽഷ്യസ് രേഖപെടുത്തിയത് ഇതുവരെ 5 ദിവസം മാത്രമാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ചു ഇത്തവണ ഏപ്രിൽ മാസത്തിൽ ഇതുവരെ ഉയർന്ന താപനിലയിൽ കാര്യമായ കുറവ് രേഖപെടുത്തിയിട്ടുണ്ട്. അതോടൊപ്പം വേനൽ മഴയിൽ കാര്യമായ വർധനവുമുണ്ടായി. ഇനിയുള്ള ദിവസങ്ങളിലും സംസ്ഥാനത്തു ഇടവിട്ടുള്ള ഒറ്റപെട്ട വേനൽ മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വിദഗ്ധർ വിശദമാക്കുന്നത്. സംസ്ഥാനത്ത് ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുള്ളത്. മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും 25 വരെ ഇടിമിന്നലോടെ മഴക്കും സാധ്യതയുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, കണ്ണൂർ എന്നീ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്