സർക്കാർ ഓഫിസിലേക്കുള്ള വഴി തടസ്സപ്പെടുത്തി അനധികൃത പാർക്കിങ്: പൊലീസ് നടപടി

ഇരിട്ടി: നഗരത്തിൽ സർക്കാർ ഓഫിസ് കവാടം തടസ്സപ്പെടുത്തിയും അനധികൃത പാർക്കിങ്. വൺവേ റോഡിൽ ലാൻഡ് ട്രൈബ്യൂണൽ ഓഫിസ് കവാടം അടച്ചു പാർക്ക് ചെയ്ത വാഹനങ്ങൾക്കെതിരെ ഇരിട്ടി പൊലീസ് നടപടി എടുത്ത് പിഴ ഈടാക്കി. ഓട്ടോറിക്ഷയും കാറും ഉൾപ്പെടെയുള്ള വാഹനങ്ങളുടെ ഉടമകൾക്കെതിരെയാണു ഇരിട്ടി എസ്ഐ ടി.ജി.അശോകന്റെ നേതൃത്വത്തിൽ നടപടി സ്വീകരിച്ചത്. നഗരത്തിൽ അനധികൃത പാർക്കിങ്ങിനെതിരെ പൊലീസ് നടപടി തുടരുമ്പോഴും നിയമലംഘനം തുടരുന്നതായി നേരത്തേ പരാതി ഉള്ളതാണ്.
പുതിയ ബസ് സ്റ്റാൻഡിലേക്കു ബസുകൾ കടന്നു പോകുന്ന വൺവേ റോഡിൽ പാർക്കിങ് നിരോധിച്ചിട്ടുള്ളതാണെങ്കിലും റോഡിനു വീതി ഉള്ളതിനാൽ ഒരു ഭാഗത്ത് പാർക്കിങ് അധികൃതർ അനുവദിക്കുന്നുണ്ട്. ഇവിടെ 2 ഭാഗത്തും ബസ് ഗതാഗതം തടസ്സപ്പെടുത്തും വിധം പാർക്കിങ് നടത്തുന്നതിനെതിരെ കഴിഞ്ഞ മാസങ്ങളിലായി ആയിരത്തിലധികം കേസുകൾ പൊലീസ് എടുത്തിട്ടുണ്ട്. ഈ ഭാഗത്താണ് ഇന്നലെ സർക്കാർ ഓഫിസിലേക്കുള്ള വഴി അടച്ചു വാഹനങ്ങൾ നിർത്തിയിട്ടത്.
വാഹനം ക്രെയിൻ ഉപയോഗിച്ചു നീക്കും
പാർക്കിങ് നിയമ ലംഘനങ്ങൾക്ക് 250 രൂപയാണ് പിഴ അടപ്പിക്കുന്നത്. സ്റ്റിക്കർ ഒട്ടിച്ചാൽ ഈ തുക അടച്ചാൽ മതിയല്ലൊ എന്നതാണ് അനധികൃത പാർക്കിങ് നടത്തുന്ന ചില വാഹന ഉടമകളുടെ നിലപാട്. ഈ ലാഘവത്വം ഒഴിവാക്കാൻ കൂടുതൽ കർശന നടപടികൾ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.അനധികൃത പാർക്കിങ് നടത്തുന്ന വാഹനങ്ങൾ ക്രെയിൻ ഉപയോഗിച്ച് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റും. ഉടമ പിഴയ്ക്കു പുറമേ ക്രെയിൻ ചാർജ് കൂടി നൽകേണ്ടി വരും. നഗരത്തിൽ സുരക്ഷിത യാത്ര ഒരുക്കാനുള്ള നടപടികളോടു സഹകരിക്കണമെന്നും ലംഘിക്കുന്നവർക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഇല്ലാത്ത നടപടി ഉണ്ടാകുമെന്നും ഇരിട്ടി എസ്എച്ച്ഒ എ.കുട്ടികൃഷ്ണൻ മുന്നറിയിപ്പ് നൽകി.