പരിവാഹൻ സൈറ്റിൽ മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്തില്ലേ ? ഫെബ്രുവരി 15 വരെ അവസരം

Share our post

തിരുവനന്തപുരം: വാഹന ഉടമകള്‍ക്ക് അവരുടെ മൊബൈല്‍ നമ്പര്‍ പരിവാഹന്‍ വെബ്സൈറ്റില്‍ ചേര്‍ക്കാന്‍ അവസരം. വാഹനങ്ങളുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് വാഹന ഉടമകളുടെ മൊബൈൽ നമ്പറുകൾ വാഹൻ സൈറ്റിൽ ഉൾപ്പെടുത്തുന്നത്. ഇതിനായി എല്ലാ റീജിയണൽ, സബ് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസുകളിലും ഫെബ്രുവരി 15 വരെ സ്‌പെഷ്യൽ ഡ്രൈവ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. ഇ-ആധാർ ഉപയോഗിച്ച് അക്ഷയ കേന്ദ്രങ്ങൾ വഴി അപേക്ഷകൾ ഓൺലൈൻ ചെയ്യാൻ സാധിക്കാത്തവർക്കും തിരിച്ചറിയൽ രേഖകൾ ഹാജരാക്കി മൊബൈൽ നമ്പർ അപ്‌ഡേഷൻ നടത്താം.

അതേ സമയം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് മാർച്ച് ഒന്നാം തീയ്യതി മുതൽ രജിസ്ട്രേഷൻ സ‍ർട്ടിഫിക്കറ്റ് പ്രിന്റ് ചെയ്ത് നൽകില്ലെന്ന് അറിയിച്ചു. പകരം ഡിജിറ്റൽ രൂപത്തിലുള്ള ആർ.സിയായിരിക്കും നൽകുകയെന്ന് മോട്ടോർ വാഹന വകുപ്പ്. നേരത്തെ തന്നെ സംസ്ഥാന സർക്കാർ ഇത് സംബന്ധിച്ച തീരുമാനമെടുത്തിരുന്നു. ഡ്രൈവിങ് ലൈസൻസുകളുടെ പ്രിന്റിങ് ഒഴിവാക്കി ഡിജിറ്റൽ രൂപത്തിൽ മാത്രം നൽകുന്ന നടപടികൾക്ക് നേരത്തെ തന്നെ സംസ്ഥാന മോട്ടോർ വാഹന വകുപ്പ് തുടക്കം കുറിച്ചിരുന്നു.

രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾ ഡിജിറ്റലൈസ് ചെയ്യുന്നതിന്റെ ഭാഗമായി വാഹനങ്ങളുടെ ഹൈപ്പോതിക്കേഷനുമായി ബന്ധപ്പെട്ട സേവനങ്ങളും ഡിജിറ്റലൈസ് ചെയ്യാൻ തീരുമാനിച്ചതായി മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ ബാങ്കുകളും അംഗീകൃത ധനകാര്യ സ്ഥാപനങ്ങളും മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ പോർട്ടലുമായി ബന്ധിപ്പിക്കേണ്ടതുണ്ട്. പരിവാഹൻ പോർട്ടലുമായി ബന്ധിപ്പിച്ചിട്ടുള്ള ബാങ്കുകളിൽ നിന്നോ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നോ മാത്രമേ 2025 മാർച്ച് ഒന്നാം തീയ്യതി മുതൽ വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ഹൈപ്പോതിക്കേഷൻ സേവനങ്ങൾ ലഭ്യമാവുകയുള്ളൂ എന്നും മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!