കൊതിയൂറും വിഭവങ്ങളുമായി പയ്യാമ്പലത്ത് കുടുംബശ്രീ ഭക്ഷ്യ മേള

Share our post

കണ്ണൂർ : കുടുംബശ്രീ ജില്ലാ മിഷനും നബാർഡും സംയുക്തമായി പയ്യാമ്പലം ബീച്ചിൽ സംഘടിപ്പിക്കുന്ന കഫേ കുടുംബശ്രീ ഭക്ഷ്യ മേള രജിസ്ട്രേഷൻ, മ്യൂസിയം, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മേയർ മുസ്‌ലിഹ് മഠത്തിൽ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ അഡ്വ പി ഇന്ദിര വിശിഷ്ടാതിഥിയായി.അട്ടപ്പാടിയിലെ വനസുന്ദരി ചിക്കൻ, മുളയരി പായസം, ഊരുകാപ്പി, പഞ്ചാരപ്പാറ്റ, സീർ പത്തൽ, മന്തി, കിളിപോയി സർബത്ത്, മുഹബ്ബത്ത് സർബത്ത്, മുള സർബത്ത്, ടെണ്ടർ കോക്കനട്ട് പുഡിങ്, റാഫെലോ പുഡിങ്, ഉത്തരേന്ത്യൻ വിഭവങ്ങളായ സേവ് പുരി, ദഹി പുരി, പാനി പുരി, നാടൻ വിഭവങ്ങളായ കപ്പ, മീൻ കറി തുടങ്ങി വിവിധ വിഭവങ്ങളാണ് മേളയിൽ ഒരുക്കിയിട്ടുള്ളത്.

കണ്ണൂർ കോർപറേഷൻ മില്ലെനിയം സ്റ്റാൾ, അട്ടപ്പാടി വനസുന്ദരി സ്റ്റാൾ, കണ്ണപുരം സി.ഡി.എസ്, സൂര്യോദയം, കണ്ണൂർ കോർപറേഷൻ ഖാന പീന, ദുആ ബേക്ക്സ്ചാല, പയ്യാമ്പലം മോളീസ്, എടക്കാട് സാന്ത്വനം, തളിപ്പറമ്പ ഷെഫീസ് ഫുഡ്‌,കഞ്ഞിരോട് സി.ഡി.എസ് സ്റ്റാൾ, സൂപ്പർ ടേസ്റ്റ് തളിപ്പറമ്പ്,കല്ലൂസ് പയ്യന്നൂർ,സിറ്റി കാറ്ററിംഗ് മലപ്പുറം,ഡബ്ല്യു.എൽ ഹോംമേയ്ഡ് കഫെ തലശ്ശേരി എന്നീ കുടുംബശ്രീ സംരഭകരുടെ ഫുഡ് കോർട്ടുകളാണ് മേളയിലുള്ളത്.ദീൻ ദയാൽ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന, യുവ കേരളം, സാഗർ മാല പദ്ധതി എന്നിവയുടെ ഭാഗമായി ജില്ലക്കകത്തും പുറത്തുമുള്ള പരിശീലന സ്ഥാപനങ്ങളിൽ നിന്നും പഠനം പൂർത്തിയാക്കിയ പൂർവ്വ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി “എസ്പിരിറ്റ് ജീൻ 25 ” അലുമിനി മീറ്റും സംഘടിപ്പിച്ചു. മികച്ച ജോലിയിൽ തുടരുന്ന പൂർവ്വ വിദ്യാർത്ഥികളെ ചടങ്ങിൽ ഉപഹാരം നൽകി അനുമോദിച്ചു. സിനിമാറ്റിക് ഡാൻസ്, വായ്ത്താരി, നാട്ടറിവ് കലാവേദി അവതരിപ്പിച്ച നാട്ടറിവ് പാട്ടുകൾ എന്നിവയും അരങ്ങേറി.

എട്ട് ദിവസം നീണ്ട് നിൽക്കുന്ന ഫെബ്രുവരി ഒമ്പതിന് അവസാനിക്കും. മേളയുടെ ഭാഗമായി കുടുംബശ്രീ അയൽക്കൂട്ടങ്ങൾ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ അരങ്ങേറും. പയ്യാമ്പലത്ത് നടന്ന ചടങ്ങിൽകണ്ണൂർ കോർപറേഷൻ സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ സയ്യിദ് സിയാദ് തങ്ങൾ, കൗൺസിലർമാരായ പി.യു ജയസൂര്യ, കെ.പി അനിത, കുടുംബശ്രീ ജില്ലാ മിഷൻ കോ ഓർഡിനേറ്റർ എം വി ജയൻ, അസി. കോ ഓർഡിനേറ്റർ കെ വിജിത്ത്, ചിറക്കൽ പഞ്ചായത്ത് സി.ഡി.എസ് ചെയർപേഴ്സൺ കെ പി സാജിത, കോർപറേഷൻ സിഡിഎസ് ചെയർപേഴ്സൺ ജ്യോതി ലക്ഷ്മി എന്നിവർ സംസാരിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!