വനിതകളിലെ അർബുദ നിയന്ത്രണത്തിന് ‘ആരോഗ്യം ആനന്ദം’ പദ്ധതി നടപ്പിലാക്കുന്നു

Share our post

ലോക കാൻസർ ദിനമായ ഫെബ്രുവരി നാലിന് വനിതകളിലെ അർബുദ നിയന്ത്രണത്തിനുള്ള സംസ്ഥാന സർക്കാരിന്റെ ‘ആരോഗ്യം ആനന്ദം’ പദ്ധതിക്ക് ജില്ലയിൽ തുടക്കമാവും. നാലിന് രാവിലെ 11 മണിക്ക് ഇരിവേരി സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് വനിതകളിലെ ഗർഭാശയ മുഖ, സ്തനാർബുദ കാൻസർ പരിശോധനാ ക്യാമ്പും ബോധവത്കരണ ക്യാമ്പയിനും നടക്കും. ജില്ലയിലെ ആരോഗ്യ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പ്രാദേശിക തലത്തിലും പരിപാടി ആരംഭിക്കും. 30 വയസ്സ് കഴിഞ്ഞ മുഴുവൻ സ്ത്രീകളെയും സ്‌ക്രീനിംഗ് നടത്തി ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യം. മാർച്ച് എട്ട് വരെ നീളുന്ന ക്യാമ്പയിനിൽ കാൻസർ സ്‌ക്രീനിങ്ങും രോഗലക്ഷണങ്ങൾ നേരത്തെ കണ്ടെത്തി ചികിത്സിക്കുന്നതിന്റെ പ്രാധാന്യം സംബന്ധിച്ച അറിവും പകരും.

ക്യാമ്പയിനിൽ വിവിധ വകുപ്പുകളുടെയും മെഡിക്കൽ കോളേജിന്റെയും കാൻസർ പരിചരണവുമായി ബന്ധപ്പെട്ട സംഘടനകളുടെയും പിന്തുണയും സഹകരണവും ഉറപ്പാക്കാൻ ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ നേതൃത്വത്തിൽ യോഗം ചേർന്നു. മലബാർ കാൻസർ സെന്റർ ഡയറക്ടർ ഡോ. സതീഷ് സുബ്രഹ്മണ്യം, കണ്ണൂർ ഗവ:മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ സൈറു ഫിലിപ്, വിവിധ ആരോഗ്യ വകുപ്പ് പ്രോഗ്രാം ഓഫീസർമാർ, ആരോഗ്യ സംഘടന പ്രതിനിധികൾ, സ്വകാര്യ ആശുപത്രി മേധാവികൾ എന്നിവർ പങ്കെടുത്തു.ക്യാമ്പയിനിന്റെ ഭാഗമായി സർക്കാർ-സ്വകാര്യ സംവിധാനങ്ങളെ ഉപയോഗപ്പെടുത്തി തുടർ പരിശോധനക്കുള്ള സാഹചര്യം ഉറപ്പാക്കുമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. പിയൂഷ് എം നമ്പൂതിരിപ്പാട് അറിയിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!